സ്വന്തം ലേഖകൻ: സ്കൂളുകളിൽ ലിംഗസമത്വ യൂണിഫോം അടിച്ചേൽപ്പിക്കില്ലെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. ആഹാരം, വസ്ത്രം, വിശ്വാസം എന്നിവയിൽ തീരുമാനം അടിച്ചേൽപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ലിംഗനീതിയും സമത്വവും നടപ്പാക്കാൻ സർക്കാർ തലത്തിൽ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.കെ ശൈലജ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
സ്കൂളുകളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ യൂണിഫോം സർക്കാർ അടിച്ചേൽപ്പിക്കില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളും പിടിഎയും ആലോചിച്ച് ഉചിതമായ തീരുമാനം എടുക്കണം. ഏതെങ്കിലും ഒരു വേഷവിധാനം ആരുടെമേലും അടിച്ചേൽപ്പിക്കുന്ന നയം സർക്കാരിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആഹാരം, വസ്ത്രം, വിശ്വാസം എന്നിവയിൽ തീരുമാനമെടുക്കാൻ വ്യക്തികൾക്ക് സ്വാതന്ത്ര്യം ഉണ്ട്. ഇതിൽ സർക്കാർ ഇടപെടാൻ ഉദ്ദേശിക്കുന്നില്ല. തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടന്ന പ്രശ്നവും സൂഹത്തിലെ ആൺകോയ്മ വ്യവസ്ഥിതിയും സമൂഹമനസ്ഥിതിയുടെ പരിവർത്തനം ആവശ്യപ്പെടുന്നതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
നേരത്തെ ക്ലാസുകളിൽ ആൺകുട്ടികളെയും പെൺകുട്ടികളെയും ഇടകലർത്തിയിരുത്താനുള്ള നീക്കത്തിൽനിന്നും സർക്കാർ പിൻവാങ്ങിയിരുന്നു. പാഠ്യപദ്ധതി ചട്ടക്കൂടിലെ കരട് നിർദേശത്തിലെ ലിംഗസമത്വ ഇരിപ്പിടം എന്ന വാക്ക് ഒഴിവാക്കി. ലിംഗസമത്വ ഇരിപ്പിടം എന്നതിനു പകരം സ്കൂള്‍ അന്തരീക്ഷമെന്നാണ് മാറ്റം വരുത്തിയിരിക്കുന്നത്.
പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിനായി പുറത്തിറക്കിയ കരട് സമീപന രേഖയിലാണ് മാറ്റം വരുത്തിയത്. പൊതുസമൂഹത്തിന് ചർച്ചയ്ക്കു നല്കാന് എസിആർടി ആണ് കരട് സമീപന രേഖ പുറത്തിറക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല