സ്വന്തം ലേഖകൻ: വിസ തട്ടിപ്പിനിരയാകുന്ന പ്രവാസികള്‍ക്കും പൂട്ടിയ കമ്പനിയിലെ തൊഴിലാളികള്‍ക്കും ആശ്വാസമാവുന്ന തീരുമാനവുമായി കുവൈത്ത്. പൂട്ടിപ്പോയ കമ്പനികളില്‍ നിന്നും വ്യാജമായി റിക്രൂട്ട് ചെയ്യപ്പെട്ട് തട്ടിപ്പിനിരയായ കമ്പനികളില്‍ നിന്നും തങ്ങളുടെ വിസ മറ്റൊരു കമ്പനിയിലേക്ക് മാറ്റാനാണ് കുവൈത്തില്‍ അവസരമൊരുങ്ങത്. കുവൈത്തിലെ മാന്‍പവര്‍ പബ്ലിക് അതോറിറ്റിയാണ് പ്രവാസികള്‍ക്ക് ഏറെ ആശ്വാസമാവുന്ന തീരുമാനവുമായി രംഗത്തെത്തിയിരിക്കുന്നത്.
ജോലി വാഗ്ദാനം ചെയ്ത് നിലവിലില്ലാത്ത കമ്പനിയുടെ പേരിലുള്ള വിസയില്‍ കുവൈത്തില്‍ എത്തിക്കുകയും അതിനു ശേഷം തൊഴിലാളിയുമായി ബന്ധപ്പെട്ട ഫയലുകള്‍ അവസാനിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന് രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന് പ്രവാസികള്‍ക്ക് പുതിയ കമ്പനിയിലേക്ക് ജോലി മാറാന്‍ ഇതിലൂടെ അവസരം ലഭിക്കും. വ്യാജ കമ്പനികള്‍ക്കെതിരെ പരാതികള്‍ സമര്‍പ്പിക്കാനും കമ്പനികളുടെ പേരില്‍ നടപടികള്‍ സ്വീകരിക്കാനും പ്രവാസികള്‍ക്ക് അവസരം നല്‍കാനും മാന്‍ പവര്‍ അതോറിറ്റിയുടെ പുതിയ തീരുമാനം വഴിവയ്ക്കുമെന്ന് മേഖലയുമായി ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് അല്‍ ഖബസ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ, ഈ വര്‍ഷം ആദ്യ പകുതിയില്‍ വിവിധ ഏജന്‍സികള്‍ സംയുക്തമായി നടത്തിയ 73 പരിശോധനകളിലായി 1314 തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി പബ്ലിക് മാന്‍പവര്‍ അതോറിറ്റിയിലെ പരിശോധനാ വിഭാഗം പ്രതിനിധി ബഷായെര്‍ അല്‍ മുതൈരി അറിയിച്ചു. 600ലേറെ ഗാര്‍ഹിക തൊഴിലാളികള്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതായും പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
ഇവര്‍ ഒന്നുകില്‍ ശരിയായ സ്‌പോണ്‍സറുടെ പക്കല്‍ നിന്ന് ഓടിപ്പോയവരായി രജിസ്റ്റര്‍ ചെയ്യപ്പെട്ടവരോ സ്‌പോണ്‍സറുടെ അറിവോടെ മറ്റിടങ്ങളില്‍ ജോലി നോക്കുന്നവരോ ആണെന്നും അദ്ദേഹം പറഞ്ഞു. റെയിഡുകള്‍ക്കിടയില്‍ തൊഴില്‍ നിയമ ലംഘനങ്ങളുടെ പേരില്‍ 2029 പേരെ അറസ്റ്റ് ചെയ്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കമ്പനികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മന്ത്രാലയത്തില്‍ അപ്‌ഡേറ്റ് ചെയ്യാനും സ്ഥാപന ഉടമകള്‍ക്ക് മാന്‍പവര്‍ അതോറിറ്റി നിര്‍ദ്ദേശം നല്‍കി. തൊഴിലാളികള്‍ക്ക് അവരുടെ അവകാശങ്ങള്‍ പൂര്‍ണ തോതില്‍ നല്‍കുന്നുണ്ടെന്നും അവര്‍ മറ്റ് കമ്പനികളില്‍ ജോലി ചെയ്യുന്നില്ലെന്നും ഉറപ്പുവരുത്തണം.
പൂട്ടിപ്പോയതും പ്രവര്‍ത്തന രഹിതവുമായ കമ്പനികളിലെ വിസകളില്‍ തൊഴിലാളികള്‍ കുവൈത്തില്‍ മറ്റെവിടെയെങ്കിലും ജോലി ചെയ്യുന്നുണ്ടെങ്കില്‍ ഒരു തൊഴിലാളിക്ക് 2000 ദിനാര്‍ എന്ന തോതില്‍ കമ്പനി ഉടമയില്‍ നിന്ന് പിഴ ഈടാക്കും. അതിനു പുറമെ, മൂന്ന് വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റവുമാണിത്. തൊഴില്‍, താമസ വിസകള്‍ ലംഘിച്ചു കഴിയുന്നവര്‍ക്ക് ജോലിയും താമസവും ഒരുക്കുന്നവര്‍ക്കെതിരേയും ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല