സ്വന്തം ലേഖകൻ: കുവൈത്തിൽ ടാക്സി സ്ഥാപനങ്ങൾക്കും റോമിങ്, കോൾ ടാക്സി കമ്പനികൾക്കും ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് പുതിയ മാർഗനിർദേശങ്ങൾ നൽകി. യാത്രക്കാരുടെയും വാഹന ഡ്രൈവർമാരുടെയും സുരക്ഷ കണക്കിലെടുത്തും ഗതാഗതം സുഗമമാക്കുന്നതിനുമായാണ് നടപടികൾ. ഡ്രൈവർ സീറ്റിനു പിന്നിൽ ടാക്സി ലൈസൻസിന്റെ അറബി, ഇംഗ്ലീഷ് പകർപ്പുകളും പ്രദർശിപ്പിക്കണം. ഡ്രൈവറുടെ ഫോൺ നമ്പർ ഉൾപ്പെടെയുള്ള ടാക്സി കമ്പനിയുടെ വിശദാംശങ്ങൾ പ്രദർശിപ്പിക്കണം. യാത്രക്കാരെ കയറ്റുന്ന സമയം തൊട്ട് മീറ്റർ പ്രവർത്തിപ്പിക്കണം.
ഓൺകോൾ ടാക്സി ഡ്രൈവർമാർ തെരുവിൽ നിന്ന് ഉപഭോക്താക്കളെ എടുക്കാൻ പാടില്ല. കാൾ ടാക്സികൾ വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരെ എടുക്കാൻ പാടില്ല. എല്ലാ ടാക്സി ഡ്രൈവർമാരും യാത്രക്കാരെ മാത്രമേ കൊണ്ടുപോകാവൂ, ചരക്കുകളോ ഭക്ഷണമോ വാഹനത്തിൽ കയറ്റരുത് തുടങ്ങിയവയാണ് പ്രാധന നിർദേശങ്ങൾ. ക്യാബ് ഡ്രൈവർമാർ ഈ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും മാർഗനിർദേശങ്ങളോ നിയമമോ ലംഘിക്കുന്നവർ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് വ്യക്തമാക്കി.
ബസ് ഡ്രൈവർമാർ നിശ്ചയിച്ച മാർഗനിർദേശങ്ങൾ പാലിക്കണമെന്നും അനുവദിച്ച പാർക്കിങ് ഏരിയകളിൽ മാത്രം പാർക്ക് ചെയ്യുകയും വേണമെന്ന് ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് മന്ത്രാലയം അറിയിച്ചു. നിമയം പാലിക്കാത്തവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. നോ പാർക്കിങ് ഭാഗങ്ങളിൽ നിർത്തിയിടുന്നത് ഉൾപ്പെടെയുള്ള ഗതാഗത നിയമങ്ങൾ ലംഘിക്കുന്നത് നാടുകടത്താൻ ഇടയാക്കുമെന്ന് അധികൃതർ ബസ് ഡ്രൈവർമാരെ അറിയിച്ചു.
നിയമങ്ങൾ പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് ട്രാഫിക് ആൻഡ് ഓപറേഷൻസ് അഫയേഴ്സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയെഗ് പറഞ്ഞു. ബസ് ഡ്രൈവർമാർ ചെയ്യുന്ന വ്യത്യസ്ത നിയമലംഘനങ്ങൾ, ജോലിസ്ഥലത്ത് അവർ നേരിടുന്ന ബുദ്ധിമുട്ടുകൾ, അവ കൈകാര്യം ചെയ്യുന്നതിനുള്ള മികച്ച മാർഗങ്ങൾ എന്നിവയെക്കുറിച്ച് ഇതുമായി ബന്ധപ്പെട്ട് ചേർന്ന യോഗത്തിൽ ഉദ്യോഗസ്ഥർ ചർച്ചചെയ്തു. നിശ്ചിത ബസ് സ്റ്റോപ്പുകളിൽ അല്ലാത്തിടങ്ങളിൽ നിന്ന് ബസിൽ കയറാനോ ഇറങ്ങാനോ ഡ്രൈവർമാരെ നിർബന്ധിക്കരുതെന്ന് ട്രാഫിക് വിഭാഗം യാത്രക്കാർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല