1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 25, 2022

സ്വന്തം ലേഖകൻ: ഖത്തറിലെ പൗരന്മാര്‍ക്കൊപ്പം പ്രവാസികളായ താമസക്കാര്‍ക്കും ഫിഫ ലോകകപ്പിനെത്തുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും അതിഥികളായി വീട്ടില്‍ താമസിക്കാന്‍ അവസരം. ഇതിനുള്ള നടപടിക്രമങ്ങള്‍ ലളിതമാണെന്നും അവസരം പരമാവധി ഉപയോഗിക്കാന്‍ ആളുകള്‍ രംഗത്തു വരണമെന്നും ഹയ്യ പ്ലാറ്റ്ഫോം എക്സിക്യൂട്ടീവ് ഡയറക്ടര്‍ സയീദ് അല്‍ കുവാരി പറഞ്ഞു. ഖത്തര്‍ ടെലിവിഷനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകകപ്പ് ഫാന്‍ ഐഡിയായ ഹയ്യ കാര്‍ഡുള്ളള കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും രജിസ്റ്റര്‍ ചെയ്യാനും അവരുടെ ആതിഥേയരാവാനും ഖത്തറിലുള്ള സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും എളുപ്പത്തില്‍ സാധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കായികലോകം ആവേശത്തോടെ കാത്തിരിക്കുന്ന ഫിഫ 2022 ലോകകപ്പ് ഖത്തറിലെ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും തങ്ങളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പമുള്ള ഒത്തുചേരലിന് കൂടിയുള്ള വേദിയായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. ലോകോത്തര മത്സരങ്ങള്‍ കണ്ടാസ്വദിക്കുന്നതോടൊപ്പം രാജ്യത്തെ തങ്ങളുടെ അടുപ്പക്കാരെയും പ്രിയപ്പെട്ടവരെയും കാണാന്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ധാരാളം ആളുകള്‍ ഖത്തറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഹയ്യ പ്ലാറ്റ്ഫോമിലൂടെ (hayya.qatar2022.qa) നിങ്ങളുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അതിഥികളാക്കാന്‍ രജിസ്റ്റര്‍ ചെയ്യുന്ന വേളയില്‍ ഇരുവരുടെയും അടിസ്ഥാന വിവരങ്ങള്‍ മാത്രം നല്‍കിയാല്‍ മതിയാവും. ഒരാള്‍ മാച്ച് ടിക്കറ്റ് വാങ്ങുകയും ഹയ്യ കാര്‍ഡിന് അപേക്ഷിക്കുകയും താല്‍ക്കാലിക അംഗീകാരം ലഭിക്കുകയും ചെയ്താല്‍ അയാള്‍ക്ക് ഖത്തറിലെ തന്റെ സുഹൃത്തിനോട് ആതിഥേയത്വം വഹിക്കാന്‍ അഭ്യര്‍ത്ഥിക്കാമെന്ന് അല്‍ കുവാരി വ്യക്തമാക്കി.

ഇതുപ്രകാരം കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ അതിഥികളാക്കാന്‍ ആഗ്രഹിക്കുന്ന ഖത്തറിലെ താമസക്കാര്‍ ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ ഹയ്യ പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യുകയെന്നതാണ് അടുത്തപടി. ഇതിനായി ഖത്തര്‍ ഐഡി നമ്പര്‍ (ക്യുഐഡി), റസിഡന്‍സി പെര്‍മിറ്റിന്റെ കാലാവധി, ജനന തീയതി, താമസ സ്ഥലത്തിന്റെ മേല്‍വിലാസം എന്നിവ നല്‍കണം. ദേശീയ വിലാസം സ്ഥിരീകരിച്ച ശേഷം തന്റെ അതിഥിയെക്കുറിച്ചുള്ള വിവരങ്ങള്‍ ചേര്‍ക്കണം.

പേര്, പാസ്പോര്‍ട്ട് നമ്പര്‍, രാജ്യം തുടങ്ങിയ അടിസ്ഥാന വിവരങ്ങള്‍ മാത്രം നല്‍കിയാല്‍ മതിയെന്നും അല്‍ കുവാരി പറഞ്ഞു. അതേസമയം ആതിഥേയത്വം വഹിക്കുന്ന ആളിന് ഹയ്യ കാര്‍ഡ് ഉണ്ടായിരിക്കണണമെന്ന് നിര്‍ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തറിലെത്തി ഒരു ദിവസത്തെ താമസം മാത്രം ആഗ്രഹിക്കുന്നവര്‍ക്കും ഹയ്യ പ്ലാറ്റ്ഫോമിലൂടെ അപേക്ഷിക്കണം. എങ്കില്‍ മാത്രമേ താമസ സൗകര്യം ബുക്ക് ചെയ്യാനും അതുവഴി ഹയ്യ കാര്‍ഡ് ലഭ്യമാക്കാനും സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

ഹയ്യ കാര്‍ഡിന് അപേക്ഷിക്കുന്ന ആരാധകര്‍ അതുമായി ബന്ധപ്പെട്ട കോളത്തില്‍ ഖത്തറില്‍ എത്തിച്ചേരുന്ന തീയതിയും സമയവും രാജ്യത്ത് നിന്ന് പുറപ്പെടുന്ന തീയതിയും സമയവും നല്‍കണം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഒരു ദിവസത്തെ താമസം മാത്രമേ കാര്‍ഡ് അനുവദിക്കൂവെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ഒരു ദിവസത്തെ താമസം മാത്രം എടുത്ത് ഹയ്യ കാര്‍ഡ് നേടിയവരാണെങ്കിലും കാര്‍ഡ് സാധുതയുള്ളതായി തുടരും. അവര്‍ക്ക് വീണ്ടും മല്‍സര ടിക്കറ്റ് ലഭിക്കുന്ന മുറയ്ക്ക് വീണ്ടും സന്ദര്‍ശിക്കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.