സ്വന്തം ലേഖകൻ: ഏറെ നാളത്തെ കാത്തിരിപ്പിനും ഒമ്പത് വർഷത്തെ നിയമപോരാട്ടത്തിനും ശേഷം നോയിഡയിലെ സൂപ്പർടെക് ഇരട്ട ഫ്ലാറ്റുകള്‍ സ്ഫോടനത്തിലൂടെ തകര്‍ത്തു നീക്കി. സൂപ്പർടെക് ലിമിറ്റഡിന്റെ എമറാൾഡ് കോർട്ട് പ്രോജക്റ്റിന്റെ ഭാഗമായ സെയാൻ (29 നിലകൾ), അപെക്സ് (32 നിലകൾ) എന്നീ ഫ്ലാറ്റുകളുടെ നിര്‍മ്മാണത്തിലാണ് നിയമലംഘനം കണ്ടെത്തിയത്.
സ്ഫോടനത്തില്‍ പൊളിക്കുന്ന ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണിത്. നോയിഡയിലെ സെക്ടര്‍ 93 ല്‍ സ്ഥിതി ചെയ്യുന്ന ഫ്ലാറ്റുകള്‍ക്ക് ഏകദേശം 100 മീറ്ററോളം ഉയരമുണ്ട്. രണ്ട് ടവറുകളിലുമായി 850 ഫ്ലാറ്റുകളാണ് ഉള്ളത്. കുത്തബ് മിനാറിനേക്കാള്‍ (73 മീറ്റര്‍) ഉയരമുണ്ട് ഫ്ലാറ്റുകള്‍ക്ക്.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഇരുഫ്ലാറ്റുകളും ഒരേസമയം നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തത്. സമീപത്തെ അപ്പാർട്ട്മെന്റ് സമുച്ചയങ്ങൾ, എടിഎസ് ഗ്രീൻസ് വില്ലേജ്, എമറാൾഡ് കോർട്ട് എന്നിവിടങ്ങളിൽ താമസിക്കുന്നവരോട് ഞായറാഴ്ച രാവിലെയോടെ ഒഴിഞ്ഞുപോകാൻ റസിഡന്റ് വെൽഫെയർ അസോസിയേഷൻ (ആർഡബ്ല്യുഎ) നിർദേശിച്ചിരുന്നു.
ഫ്ലാറ്റിന്റെ 500 മീറ്റർ ചുറ്റളവിലുള്ള പ്രദേശം അപകട മേഖലയായി അടയാളപ്പെടുത്തിയിരുന്നു. ഈ പരിധിയില്‍ സ്ഫോടനത്തിന്റെ ചുമതലയുള്ള അംഗങ്ങൾ ഒഴികെ മനുഷ്യര്‍ക്കൊ മൃഗങ്ങള്‍ക്കൊ പ്രവേശനം അനുവദിച്ചിരുന്നില്ല. ഇതിനുപുറമെ, പോലീസ്, ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു സംഘം, എട്ട് ആംബുലൻസുകൾ, നാല് ഫയർ ടെൻഡറുകൾ എന്നിവയും സ്ഥലത്തുണ്ടായിരുന്നു.
ഒൻപത് നിലകൾ വീതമുള്ള 14 ടവറുകൾ, ഒരു ഷോപ്പിംഗ് കോംപ്ലക്സ്, ഗാർഡൻ ഏരിയ എന്നിവ നിർമ്മിക്കാൻ ന്യൂ ഓഖ്ല ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് അതോറിറ്റി (നോയ്ഡ) 2005 ലാണ് സൂപ്പർടെക്കിന് അനുമതി നൽകിയത്. 2009 ല്‍ അതിന്റെ പ്രോജക്റ്റ് പരിഷ്കരിക്കുകയും അപെക്സ്, സെയാന്‍ എന്നീ ഇരട്ട ബഹുനില കെട്ടിടങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തു. നോയിഡ അതോറിറ്റി പുതിയ പദ്ധതിക്ക് അംഗീകാരം നൽകിയെങ്കിലും ഇത് അനധികൃത നിർമാണമാണെന്ന് ആരോപിച്ച് എമറാൾഡ് കോർട്ട് ഓണേഴ്സ് റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ (ആർഡബ്ല്യുഎ) 2012 ൽ അലഹബാദ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
2014 ൽ അലഹബാദ് ഹൈക്കോടതി ടവറുകൾ നിയമവിരുദ്ധമായാണ് നിര്‍മ്മിച്ചതെന്ന് വിധിക്കുകയും പൊളിക്കാൻ ഉത്തരവിടുകയും ചെയ്തു. ഈ ഉത്തരവിനെതിരെ നോയിഡ അതോറിറ്റിയും സൂപ്പർടെക്കും സുപ്രീം കോടതിയെ സമീപിച്ചു. 2021 ഓഗസ്റ്റ് 31 ന് അലഹബാദ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി ശരിവെക്കുകയും കെട്ടിടങ്ങൾ പൊളിക്കാൻ ഉത്തരവിടുകയും ചെയ്യുകയുമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല