സ്വന്തം ലേഖകൻ: ആര്‍ട്ടെമിസ് ദൗത്യത്തിന്റെ ഭാഗമായി നാസ നിര്‍മിച്ച പുതിയ ചാന്ദ്ര വിക്ഷേപണ വാഹനം സ്പേസ് ലോഞ്ച് സിസ്റ്റത്തിന്റെ (എസ്എല്‍എസ്) ആദ്യ വിക്ഷേപണം ഇന്ന്. ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് ഇന്ത്യന്‍ സമയം വൈകീട്ട് ആറ് മണിയോടെയാണ് വിക്ഷേപണം നടക്കുക.
നാസ ഇതുവരെ നിര്‍മിച്ചതില്‍ ഏറ്റവും ശക്തിയേറിയ വിക്ഷേപണ വാഹനമാണ് എസ്എല്‍എസ്. മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുവാനും അന്താരാഷ്ട്ര ബഹിരാകാശ നിലയം പോലെ മനുഷ്യന്റെ സ്ഥിര സാന്നിധ്യം ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ആര്‍ട്ടെമിസ് പദ്ധതി.
ആദ്യമായി മനുഷ്യനെ ചന്ദ്രനിലെത്തിച്ച അപ്പോളോ ദൗത്യത്തിന് 50 വര്‍ഷത്തിന് ശേഷമാണ് വീണ്ടും മനുഷ്യനെ അയച്ചുള്ള ചാന്ദ്ര ദൗത്യത്തിന് നാസ ഒരുങ്ങുന്നത്. ഓറിയോണ്‍ പേടകത്തിന്റെയും എസ്എല്‍എസ് റോക്കറ്റിന്റേയും പ്രവര്‍ത്തന ക്ഷമത വിലയിരുത്തുന്നതിന് വേണ്ടിയാണ് ആര്‍ട്ടെമിസ് 1 വിക്ഷേപണം. ഇതില്‍ മനുഷ്യയാത്രികരുണ്ടാവില്ല. അതേസമയം, വിവിധ ശാസ്ത്രപരീക്ഷങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ക്യൂബ് സാറ്റുകള്‍ എന്ന് വിളിക്കുന്ന കുഞ്ഞന്‍ ഉപഗ്രഹങ്ങള്‍ ഈ വിക്ഷേപണത്തില്‍ തന്നെ ശൂന്യാകാശത്ത് എത്തിക്കും.
പേടകം ചന്ദ്രന്റെ ഭ്രമണ പഥത്തിലെത്തിക്കുകയും ശേഷം ചന്ദ്രോപരിതലത്തില്‍ നിന്ന് 95 കിലോമീറ്റര്‍ ഉയരത്തില്‍ വരെ ഇറക്കുകയും ചെയ്യും. ഇതിന് ശേഷം ഭൂമിയിലേക്ക് തിരിച്ചിറക്കും. അതി സങ്കീര്‍ണമായ തിരിച്ചിറക്കല്‍ പ്രക്രിയയുടെ പരീക്ഷണമാണ് പ്രധാനം. സെക്കന്റില്‍ 11 കിമീ വേഗതയില്‍ പതിക്കുന്ന പേടകം ഭൂമിയുടെ അന്തരീക്ഷത്തിലെത്തുമ്പോഴുണ്ടാകുന്ന അതി തീവ്ര താപം എങ്ങനെ മറികടക്കുന്നുവെന്നത് പ്രധാനമാണ്.
ആര്‍ട്ടെമിസ് 1 ദൗത്യ പദ്ധതി പ്രകാരം വിജയകരമായി പൂര്‍ത്തിയാക്കാനായാല്‍ 2024 മേയില്‍ മനുഷ്യനെ ഉള്‍പ്പെടുത്തിയുള്ള ആദ്യ വിക്ഷേപണ ദൗത്യമായ ആര്‍ട്ടെമിസ് 2 ആരംഭിക്കും. അതേസമയം ആര്‍ട്ടെമിസ് 2 ദൗത്യത്തില്‍ മനുഷ്യര്‍ ചന്ദ്രനില്‍ ഇറങ്ങില്ല പകരം ചന്ദ്രന്റെ ഭ്രമണ പഥത്തില്‍ ചിലവഴിച്ച ശേഷം തിരിച്ചിറങ്ങും. ആര്‍ട്ടെമിസ് 3 ദൗത്യത്തിലാണ് മനുഷ്യനെ ചന്ദ്രനില്‍ ഇറക്കാന്‍ പദ്ധതിയിടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല