സ്വന്തം ലേഖകൻ: സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റ് മിഖൈല്‍ ഗോര്‍ബച്ചേവ് അന്തരിച്ചു. 91 വയസായിരുന്നു. ശീതയുദ്ധം രക്തച്ചൊരിച്ചില്‍ ഇല്ലാതെ അവസാനിപ്പിക്കാന്‍ കഴിഞ്ഞിരുന്നെങ്കിലും സോവിയറ്റ് യൂണിയന്റെ തകര്‍ച്ച തടയുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടിരുന്നു. ഏറെക്കാലമായുള്ള ഗുരുതരമായ രോഗങ്ങളെ തുടര്‍ന്ന് മിഖൈല്‍ ഗോര്‍ബച്ചേവ് അന്തരിച്ചു,” റഷ്യയിലെ സെൻട്രൽ ക്ലിനിക്കൽ ഹോസ്പിറ്റൽ പ്രസ്താവനയിലൂടെ അറിയിച്ചു.
ഗോര്‍ബച്ചേവിന്റെ മരണത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ അനുശോചനം രേഖപ്പെടുത്തിയതായി ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്കോവ് ഇന്റര്‍ഫാക്സ് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു. ഗോര്‍ബച്ചേവിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അനുശോചനക്കുറിപ്പ് പുടിന്‍ അയക്കുമെന്നും ദിമിത്രി കൂട്ടിച്ചേര്‍ത്തു.
തനിക്ക് സാധിക്കുമായിരുന്നെങ്കില്‍ സോവിയറ്റ് യൂണിയന്റെ തകര്‍ച്ച മാറ്റുമെന്ന് പുടിന്‍ 2018 ല്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയെ 20-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ രാഷ്ട്രീയ തകര്‍ച്ചയെന്നായിരുന്നു പുടിന്‍ 2005 ല്‍ വിശേഷിപ്പിച്ചത്.
പതിറ്റാണ്ടുകളുടെ ശീതയുദ്ധ പിരിമുറുക്കത്തിനും ഏറ്റുമുട്ടലിനും ശേഷം, ഗോർബച്ചേവ് സോവിയറ്റ് യൂണിയനെ പടിഞ്ഞാറന്‍ രാജ്യങ്ങളുമായി അടുപ്പിച്ചു. എന്നാല്‍ ജീവിതത്തിന്റെ അവസാന നാളുകളില്‍ താന്‍ സൃഷ്ടിച്ചതെല്ലാം തകരുന്നതാണ് അദ്ദേഹം കണ്ടത്. യുക്രൈന്‍ അധിനിവേശം മൂലം പാശ്ചാത്യരാജ്യങ്ങള്‍ റഷ്യക്ക് കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി.
ഗോര്‍ബച്ചേവിന്റെ മരണം പ്രതീകാത്മകമാണെന്ന് കാർണഗീ എൻഡോവ്‌മെന്റ് ഫോർ ഇന്റർനാഷണൽ പീസിലെ അദ്ദേഹത്തിന്റെ സഹയാത്രികന്‍ ആന്ദ്രേ കോൾസ്‌നിക്കോവ് പറഞ്ഞു. 1990 സമാധാനത്തിനുള്ള നോബല്‍ സമ്മാനം ഗോര്‍ബച്ചേവിന് ലഭിച്ചിരുന്നു.
1999 ൽ അന്തരിച്ച ഭാര്യ റെയ്‌സയുടെ അരികിൽ മോസ്കോയിലെ നോവോഡെവിച്ചി സെമിത്തേരിയിൽ ഗോർബച്ചേവിനെ സംസ്‌കരിക്കുമെന്ന് അദ്ദേഹം സ്ഥാപിച്ച ഫൗണ്ടേഷനെ ഉദ്ധരിച്ച് ടാസ് വാർത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല