സ്വന്തം ലേഖകൻ: ഡിജിറ്റൽ ലോകത്തേക്കുള്ള ശ്രദ്ധേയ ചുവടുവെപ്പായി ഖത്തർ ആസ്ഥാനമായി മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് ഡേറ്റ സെന്റർ പ്രവർത്തനമാരംഭിച്ചു. മേഖലയിൽ മൈക്രോസോഫ്റ്റിന്റെ ആദ്യ ഗ്ലോബൽ ഡേറ്റ സെന്ററിനാണ് തുടക്കം കുറിച്ചത്. ബുധനാഴ്ച രാത്രിയിൽ നടന്ന ചടങ്ങിൽ ഖത്തർ വിവരസാങ്കേതിക മന്ത്രി മുഹമ്മദ് ബിൻ അലി അൽ മന്നായി, ഗതാഗത മന്ത്രി ജാസിം സൈഫ് അഹമ്മദ് അൽ സുലൈതി, മൈക്രോസോഫ്റ്റ് മേഖല പ്രസിഡന്റ് റാൽഫ് ഹൂപ്റ്റർ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
ലോകത്തെ വലിയ ക്ലൗഡ് ഡേറ്റ സെന്ററിൽ ഖത്തറും ഭാഗമാവുന്നതോടെ, ഡിജിറ്റൽ ലോകത്തെ വലിയ മത്സരങ്ങളിൽ മുൻനിരയിൽ രാജ്യവും അടയാളപ്പെടുത്തുകയാണ്. ഖത്തർ ദേശീയ വിഷൻ 2030ന്റെ ഭാഗംകൂടിയാണ് ലോകകപ്പിന് മുന്നോടിയായി സ്ഥാപിക്കുന്ന ഡേറ്റ സെന്റർ. ഭാവിയിലേക്കുള്ള ഖത്തറിന്റെ ഡിജിറ്റൽ പ്രയാണം എന്ന പ്രമേയത്തിൽ നടന്ന ചടങ്ങിൽ രാജ്യത്തിന്റെ സാങ്കേതിക മേഖലയുടെ കുതിപ്പിനെ കുറിച്ച് മന്ത്രി വിശദീകരിച്ചു. ഡേറ്റകള്‍ സംരക്ഷിക്കുന്നതിനുള്ള നിയമം സമീപഭാവിയില്‍തന്നെ നടപ്പാക്കുമെന്ന് കമ്യൂണിക്കേഷന്‍-ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി മുഹമ്മദ് ബിന്‍ അലി അല്‍ മന്നായി പറഞ്ഞു.
ഡേറ്റകള്‍ സംരക്ഷിക്കുന്നതിനും ഡിജിറ്റല്‍ മേഖലയെ നിയന്ത്രിക്കുന്നതിനുമുള്ള ചട്ടങ്ങളും നിയമങ്ങളുമെല്ലാം തയാറാക്കിക്കൊണ്ടിരിക്കുകയാണ്. മിഡിലീസ്റ്റിൽ ആദ്യമായെത്തുന്ന ഫിഫ ലോകകപ്പില്‍ ഐ.സി.ടി അടിസ്ഥാന സൗകര്യങ്ങളും ഡിജിറ്റല്‍ സേവനങ്ങളും പ്രദാനം ചെയ്യാന്‍ മന്ത്രാലയം സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിവരസാങ്കേതിക മേഖലയിൽ അതിവേഗത്തിലുള്ള മാറ്റത്തിനാണ് രാജ്യവും വേദിയാവുന്നത്. ഖത്തർ ദേശീയ വിഷൻ 2030ന്റെ ഭാഗമായി തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, നൈപുണ്യവും ശേഷിയും വർധിപ്പിക്കുക, സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക, പങ്കാളികളെ ശാക്തീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾക്കും ഇത് വഴിയൊരുക്കും -മന്ത്രി വിശദീകരിച്ചു. ഖത്തറിന്റെ ഡിജിറ്റലൈസേഷനിൽ യത്നത്തിന് കൂടുതൽ ക്ലൗഡ്സെന്റർ സ്ഥാപനത്തോടെ കൂടുതൽ വേഗം കൈവരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഖത്തറില്‍ 1,800 കോടി ഡോളര്‍ നിക്ഷേപിക്കുന്നതിന് പുറമെ 36,000 പുതിയ തൊഴിലവസരംകൂടി പ്രദാനം ചെയ്യുന്നതെന്ന് ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടന്ന വാര്‍ത്തസമ്മേളനത്തില്‍ മൈക്രോസോഫ്റ്റ് കണ്ട്രി മാനേജര്‍ ലാന ഖലഫ് വിശദീകരിച്ചു. പുതിയ ഗ്ലോബല്‍ ഡേറ്റ സെന്റര്‍ റീജിയന്റെ പ്രവര്‍ത്തനത്തിലൂടെ മേഖലയിലെയും ലോകത്തിലെയും തന്നെ പ്രധാന ഡിജിറ്റല്‍ ഹബ്ബായി ഖത്തര്‍ മാറും.
140ലധികം രാജ്യങ്ങളിലായുള്ള ലോകത്തിലെ വലിയ ക്ലൗഡ് അടിസ്ഥാന സൗകര്യങ്ങളുമായി ഖത്തറിനെ ബന്ധിപ്പിക്കുന്ന കേന്ദ്രമാണിതെന്നും വിശദീകരിച്ചു. വന്‍കിട വ്യവസായ മേഖലയിലെ കമ്പനികള്‍ക്ക് തങ്ങളുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് വേഗം കൂട്ടാനും കഴിയും. ഖത്തറിന്റെ സമ്പദ് വ്യവസ്ഥക്കും ജനതക്കും സുസ്ഥിരതക്കും വളരെയധികം ഗുണകരമാണ് സെന്റര്‍ എന്ന് ലാന ചൂണ്ടിക്കാട്ടി.
‘സാങ്കേതിക മേഖലയിൽ മാത്രമല്ല ഞങ്ങളുടെ നിക്ഷേപം, മനുഷ്യശേഷിക്ക് കൂടിയാണ്. വിവരസാങ്കേതിക മന്ത്രാലയവുമായി സഹകരിച്ച് നേരത്തെ സ്ഥാപിച്ച ഡിജിറ്റൽ സെന്റർ ഫോർ എക്സലൻസിലൂടെ കൂടുതൽ പേരിലേക്ക് ഡിജിറ്റൽ ശേഷി എത്തിക്കുകയാണ് ലക്ഷ്യം. 2025ഓടെ ഇത് 50,000 പേരിലെത്തും’-ലാന ഖലഫ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല