1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 7, 2022

സ്വന്തം ലേഖകൻ: നഗരത്തിൽ പലയിടങ്ങളിലും വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും മഴ തുടരുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ നഗരവാസികളും ഐടി കമ്പനികളും ആശങ്കയിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ റോഡുകൾ പുഴയായതിനെ തുടർന്ന് ട്രാക്ടർ മാർഗമാണ് ആളുകൾ സഞ്ചരിച്ചിരുന്നത്. ഐടി ഉദ്യോഗസ്ഥർ ട്രാക്ടറിൽ ജോലിക്കുപോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

കർണാടക ഐടി മന്ത്രി സി.എൻ. അശ്വത്‌നാരായണൻ കമ്പനിപ്രതിനിധികളുമായി ചർച്ച നടത്തും. ഇൻഫോസിസ്, വിപ്രോ, നാസ്കോം, ഗോൾമാൻ സാക്സ്, ടാറ്റ, ഫിലിപ്സ് തുടങ്ങിയ കമ്പനികളുടെ പ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുക്കുക. ചീഫ് സെക്രട്ടറി വന്ദിത ശർമ്മ, ബെംഗളൂരു സിവിൽ ബോഡി ചീഫ് കമ്മിഷണർ തുഷാർ ഗിരിനാഥ്, നഗരത്തിലെ ജല അതോറിറ്റി, നഗര വികസന വകുപ്പ് ഉദ്യോഗസ്ഥർ, പൊലീസ് കമ്മിഷണർ സിഎച്ച് പ്രതാപ് റെഡ്ഡി എന്നിവർ യോഗത്തിൽ പങ്കെടുക്കും.

റോഡിലെ വെള്ളം കുറഞ്ഞതോടെ ഗതാഗതം സാധാരണ നിലയിലായി വരുന്നു. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലേക്കും അപ്പാർട്മെന്റുകളിലെ പാർക്കിങ് ഏരിയയിലേക്കും ഇരമ്പിക്കയറിയ ചെളിവെള്ളം പമ്പ് ചെയ്ത് വറ്റിക്കുന്ന തിരക്കിലാണ് ജനം. വൈറ്റ്ഫീൽഡ്, ബെലന്തൂർ, യെമലൂർ, മാറത്തഹള്ളി, സർജാപുര ഒൗട്ടർ റിങ് റോഡ് തുടങ്ങിയ ഇടങ്ങളിലാണ് ദുരിതമേറെയും. വെള്ളക്കെട്ട് രൂക്ഷമായ പ്രദേശങ്ങളിലെ സ്വകാര്യ സ്കൂളുകൾക്ക് കഴിഞ്ഞ ദിവസം അവധി നൽകിയുന്നു. ഇവിടങ്ങളിൽ ഓൺലൈൻ ക്ലാസുകൾ തുടരുകയാണ്. കമ്പനികൾ ജീവനക്കാരോടു വീടുകളിലിരുന്നു ജോലി ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്.

സെപ്റ്റംബർ 1–5 വരെ സാധാരണയുള്ളതിനേക്കാൾ 150% അധിക മഴയാണ് പെയ്തത്. മഹാദേവപുര, ബൊമ്മനഹള്ളി, കെആർ പുരം മേഖലയിൽ 307% അധികമഴയാണ് ഈ ദിവസങ്ങളിൽ ലഭിച്ചത്. ഇത് കഴിഞ്ഞ 42 വർഷത്തിനിടെ പെയ്ത വലിയ മഴയാണ്. നഗരത്തിലെ 164 തടാകങ്ങളാണ് കവിഞ്ഞൊഴുകുന്നത്. മഹാദേവപുര സോണിൽ മാത്രം 69 തടാകങ്ങളാണ് കരകവിഞ്ഞത്. സംസ്ഥാന ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.

തടാകങ്ങളിൽ നിന്ന് വെള്ളം പുറത്തേക്കൊഴുകുന്നതു നിയന്ത്രിക്കാൻ ചീപ്പുചാൽ സംവിധാനം നടപ്പിലാക്കുന്ന കാര്യം സർക്കാർ പരിഗണിച്ചു വരികയാണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. തടാകങ്ങൾക്കു ചുറ്റുമുള്ള ലേഒൗട്ടുകളെയാണ് വെള്ളക്കെട്ട് രൂക്ഷമായി ബാധിച്ചിരിക്കുന്നത്. ബിബിഎംപിയുടെ മഹാദേവപുര, ബൊമ്മനഹള്ളി സോണുകളാണ് പ്രധാനമായും വെള്ളത്തിനടിയിലായത്.

അതേസമയം ചിലയിടങ്ങളിൽ തടാകങ്ങളിലേക്ക് മഴവെള്ളം ഒഴുകുന്നതിനുള്ള ഓടകളും കനാലുകളും കയ്യേറിയുള്ള നിർമാണങ്ങളാണ് വെള്ളക്കെട്ടിനു കാരണമാകുന്നതെന്നും ആരോപണമുണ്ട്. ബെംഗളൂരുവിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 300 കോടി രൂപ സർക്കാർ അനുവദിച്ചു.

വെള്ളക്കെട്ട് ബിജെപി സർക്കാരിനെ വെട്ടിലാക്കിയതിനെ തുടർന്ന് മുൻ കോൺഗ്രസ് സർക്കാരുകളെ പഴിചാരുകയാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. അടുത്തവർഷം നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാനിരിക്കെയാണ് രാഷ്ട്രീയ ചെളിവാരിയേറ്. തടാകങ്ങളും തണ്ണീർത്തടങ്ങളും മഴവെള്ളകനാലുകളും കയ്യേറിയുള്ള നിർമാണങ്ങൾക്ക് ഈ സർക്കാരുകൾ അനുമതി നൽകിയതാണ് നിലവിലെ ദയനീയ സാഹചര്യത്തിനു വഴിയൊരുക്കിയതെന്ന് ബൊമ്മെ ആരോപിച്ചു.

അതേസമയം ബിജെപി സർക്കാരും അഴിമതിക്കാരായ ഉദ്യോഗസ്ഥരുമാണു നിലവിലെ ദുരിതത്തിനു പിന്നിലെന്ന് ഡിസിസി പ്രസിഡന്റ് ഡി.കെ.ശിവകുമാർ പ്രതികരിച്ചു. 2023ലെ തിരഞ്ഞെടുപ്പിനു ശേഷം നഗരത്തെ പഴയ പ്രതാപത്തിലേക്ക് കോൺഗ്രസ് മടക്കിക്കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ കാലവർഷക്കെടുതി വിലയിരുത്താൻ 3 കേന്ദ്ര സംഘങ്ങൾ. കേന്ദ്ര ആഭ്യന്തര ജോയിന്റ് സെക്രട്ടറി ആശിഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘങ്ങൾ ഇന്നു മുതൽ 9 വരെ പര്യടനം നടത്തും. കാലവർഷത്തിൽ‌ ഇതേവരെ 7,647 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് സർക്കാർ കണക്ക്. 96 ജീവനുകൾ പൊലിഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.