1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 7, 2022

സ്വന്തം ലേഖകൻ: ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാന്‍ സൈറസ് മിസ്ത്രിയുടെ മരണത്തിനിടയാക്കിയത് അപകടം നടന്ന പാലത്തിന്റെ തെറ്റായ രീതിയിലുള്ള നിർമ്മാണമാണെന്ന് ഫോറന്‍സിക് വിദഗ്ധര്‍. ഏഴംഗ ഫൊറൻസിക് ടീം ആണ് സൈറസ് മിസ്ത്രിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്നത്. അപകടത്തിൽ മരിച്ച രണ്ടുപേരും സീറ്റ്ബെൽറ്റ് ധരിച്ചിരുന്നില്ലെന്നും റിപ്പോർട്ട് പറയുന്നു.

അതേസമയം അപകടം നടക്കുന്ന സമയത്ത് കാറിന്റെ സുരക്ഷാ സംവിധാനങ്ങൾ പ്രവർത്തിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. പാലം നിര്‍മാണത്തിലെ അപാകം അപകടത്തിലേക്ക് നയിച്ചു എന്ന നിഗമനത്തിലാണ് ഇപ്പോൾ എത്തിച്ചേർന്നിരിക്കുന്നത്. പാലം നിർമ്മിച്ചിരിക്കുന്നത് അപകടകരമായ നിലയിലാണെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

കാറിന്‍റെ അമിതവേഗവും മറ്റൊരു വാഹനത്തെ മറികടക്കുമ്പോള്‍ കണക്കുകൂട്ടല്‍ തെറ്റിയതുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതെന്ന് നേരത്തെ പോലീസ് പറഞ്ഞിരുന്നു. അപകടത്തില്‍ മരിച്ച രണ്ടു പേരും സീറ്റ് ബെല്‍റ്റുകള്‍ ധരിച്ചിരുന്നില്ല. ചരോട്ടി ചെക്ക് പോസ്റ്റിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ഉച്ചയ്ക്ക് ശേഷം 2.21-നാണ് കാര്‍ ചെക്ക് പോസ്റ്റ് കടന്നത്. 2.30ന് 20 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. ഒമ്പത് മിനിറ്റിലാണ് കാര്‍ 20 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചതെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.

അതേസമയം അപകടവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ വേണ്ടി മെഴ്സിഡസ് ബെൻസ് ജി.എൽ.സി. വാഹനത്തിന്റെ ചിപ്പ് ജർമ്മനിയിലേക്ക് അയക്കും. അന്വേഷണത്തിനാവശ്യമായ എല്ലാ വിവരങ്ങളും ഈ ചിപ്പിൽ നിന്ന് ലഭിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്.

“വാഹനത്തിലെ എല്ലാ വിവരങ്ങളും ചിപ്പിൽ റെക്കോർഡ് ചെയ്യും. ഇതിൽ നിന്ന് വിവരങ്ങൾ എടുക്കാൻ വേണ്ടി ജർമ്മനിയിലേക്ക് അയക്കും. ഈ ആഴ്ചക്കുള്ളിൽ തന്നെ വിവരങ്ങൾ ലഭിക്കുമെന്നാണ് കരുതുന്നത്.” പാൽഘർ എസ്.പി. ബാലാസാഹെബ് പാട്ടിൽ പറഞ്ഞു.

അഹമ്മദാബാദില്‍നിന്ന് മുംബൈയിലേക്ക് വരുന്ന വഴി ഞായറാഴ്ച ഉച്ചക്ക് ശേഷം പാല്‍ഘര്‍ ജില്ലയിലെ ചറോട്ടി നാകയില്‍വെച്ചായിരുന്നു അപകടമുണ്ടായത്. സൈറസ് മിസ്ത്രിയും കുടുംബ സുഹൃത്തുക്കളായ മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റായ ഡോ. അനഹിത പന്‍ഡോള്‍, ഇവരുടെ ഭര്‍ത്താവും ജെ.എം. ഫിനാന്‍ഷ്യല്‍ പ്രൈവറ്റ് ഇക്വിറ്റി മാനേജിങ് ഡയറക്ടറുമായ ഡാരിയസ് പന്‍ഡോള്‍, ജഹാംഗീര്‍ ബിന്‍ഷാ പന്‍ഡോള്‍ എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്. ഇതില്‍ സൈറസ് മിസ്ത്രിയും ജഹാംഗീര്‍ ബിന്‍ഷാ പന്‍ഡോളും അപകടസ്ഥലത്തു തന്നെ മരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.