സ്വന്തം ലേഖകൻ: ഉത്തർപ്രദേശ് സർക്കാർ യു എ പി എ കുറ്റം ചുമത്തി ജയിലില്‍ അടച്ച മലയാളി മാധ്യമ പ്രവർത്തകന്‍ സിദ്ധീഖ് കാപ്പന് ജാമ്യം. സുപ്രീംകോടതിയാണ് ജാമ്യം അനുവദിച്ചത്. ചീഫ് ജസ്റ്റിസ് യു.യു.ലളിത് അദ്ധ്യക്ഷനായ ബെഞ്ചാണ് സിദ്ധീഖ് കാപ്പന്റെ ജാമ്യ ഹർജി പരിഗണിച്ചിരുന്നത്. നേരത്തെ രണ്ട് കോടതികള്‍ കാപ്പന്റെ ജാമ്യഹർജി തള്ളിയിരുന്നു. ഇതേ തുടർന്നാണ് ജാമ്യഹർജിയുമായി സിദ്ധീഖ് കാപ്പന്റെ കുടുംബം സുപ്രീംകോടതിയിലേക്ക് എത്തിയത്. സിദ്ധീഖ് കാപ്പന്റെ ജാമ്യഹർജിയില്‍ ശക്തമായ എതിർവാദമായിരുന്നു യുപി സർക്കാർ നടത്തിയത്. എന്നാല്‍ സുപ്രീംകോടതി ഇത് തള്ളിക്കൊണ്ട് മലയാളി മാധ്യമപ്രവർത്തകന് ജാമ്യം അനുവദിക്കുകയായിരുന്നു.
തീവ്രവാദ സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന പോപ്പുലര്‍ ഫ്രണ്ടിന്‍റെ സജീവ പ്രവര്‍ത്തകനാണ് സിദ്ദിഖ് കാപ്പനെന്നായിരുന്നു യു.പി സര്‍ക്കാരിന്‍റെ ആരോപണം. ചില വിദേശ സംഘടനകളുമായി പോപ്പുലർ ഫ്രണ്ടിന് ബന്ധമുണ്ട്. കാപ്പന് ജാമ്യം നല്‍കിയാല്‍ കേസിലെ സാക്ഷികളുടെ ജീവന് ഭീഷണിയാണെന്നും യുപി സർക്കാർ വാദിച്ചിരുന്നു. ഭീകരപ്രവർത്തനത്തിനാണ് കാപ്പന്‍ ഹാത്രസിലേക്ക് പുറപ്പെട്ടത്. നേരത്തെ തേജസ് ദിനപത്രത്തില്‍ പ്രവർത്തിച്ച വ്യക്തിയാണ് ഇയാള്‍. അതുകൊണ്ട് തന്നെ പോപ്പുലർ ഫ്രണ്ടിന്റെ നീക്കങ്ങളെക്കുറിച്ച് കാപ്പന് അറിയാമായിരുന്നുവെന്നും യുപി സർക്കാർ അവകാശപ്പെട്ടു.
അതേസമയം, സിദ്ധീഖ് കാപ്പനെതിരെ എന്തൊക്കെ തെളിവുകളാണ് യുപി സർക്കാറിന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞതെന്നായിരുന്നു സുപ്രീംകോടതി ചോദിച്ചത്. അറസ്റ്റിലായപ്പോള്‍ ചില ലഘുലേഖകളും ഐഡന്റിറ്റി കാർഡും പിടിച്ചെടുത്തിട്ടുണ്ടെന്നായിരുന്നു യുപി സർക്കാറിന്റെ മറുപടി. എന്നാല്‍ സ്ഫോടക വസ്തുക്കള്‍ എന്തെങ്കിലും കണ്ടെത്തിയോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം. ലഘുലേകളുടേയും ഐഡന്റിറ്റി കാർഡിന്റേയും മറ്റു മൊഴികളുടെ മൊഴികളുടേയും അടിസ്ഥാനത്തില്‍ മാത്രം ഒരാളെ ഇത്രയും കാലം ജയിലില്‍ ഇടാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.
കൂടതല്‍ പേരുടെ മൊഴികള്‍ എടുക്കുന്നുണ്ടെന്നും പ്രതികളില്‍ ചിലർ മാപ്പ് സാക്ഷികളാവാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു യുപി സർക്കാറിന്റെ തുടർവാദം. രണ്ട് മാസം കൊണ്ട് ഈ നടപടികള്‍ പൂർത്തിയാക്കാം അതുവരെ ജാമ്യം നല്‍കരുതെന്നും യുപി ആവശ്യപ്പെട്ടു. എന്നാല്‍ ആറ് ആഴ്ച ദില്ലിയില്‍ തുടരണമെന്ന ഉപാധിയോടെ സുപ്രീംകോടതി കാപ്പന് ജാമ്യം അനുവദിക്കുകയായിരുന്നു. അതിന് ശേഷം കേരളത്തിലേക്ക് മടങ്ങാം.
യുപിയിലെ ഹത്രാസ് ബലാല്‍സംഗ കൊലപാതക സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെ 2020 ഒക്ടോബർ 5 നായിരുന്നു സിദ്ദിഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്. അന്ന് മുതല്‍ ഇന്നുവരെ സിദ്ധീഖ് കാപ്പന്‍ ജയിലില്‍ കഴിയുകയാണെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകന്‍ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല