1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2022

സ്വന്തം ലേഖകൻ: എലിസബത്ത് രാജ്ഞി അന്തരിച്ചതിന് പിന്നാലെ ഇന്ത്യൻ ട്വിറ്ററിൽ ട്രെൻഡിങ് ആയത് ‘കോഹിനൂര്‍’. ചരിത്രത്തില്‍ വലിയ സ്ഥാനമുള്ള കോഹിനൂർ, 105.6 കാരറ്റ് വരുന്ന വജ്രമാണ്. പണ്ട് ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നിന്ന് കടത്തിയതാണ് ഈ അമൂല്യ നിധി. രാജ്ഞിയുടെ മരണത്തോടെ, ഇന്ത്യക്ക് തന്നെ കോഹിനൂര്‍ തിരികെ വേണമെന്നാണ് ട്വിറ്ററിലുയര്‍ന്ന ആവശ്യം. ഇതു സംബന്ധിച്ച് ട്വീറ്റുകള്‍ നിറഞ്ഞതോടെെ കോഹിനൂര്‍ ട്രെന്‍ഡിങ് ആയി .

ചരിത്രത്തില്‍ വലിയ സ്ഥാനമാണ് കോഹിനൂരിനുള്ളത്. ലോകത്തിലെ ഏറ്റവും വലിയ കട്ട് ഡയമണ്ടുകളിൽ ഒന്നാണ് ഇത്. ഇന്ത്യയുടെ സ്വന്തമായിരുന്ന അമൂല്യരത്നം സ്വാതന്ത്ര്യത്തിനു മുമ്പ് ബ്രിട്ടനിലേക്ക് കടത്തപ്പെടുകയായിരുന്നു. നിരവധി കൈകൾ മാറി,1849-ൽ ബ്രിട്ടീഷുകാർ പഞ്ചാബ് പിടിച്ചടക്കിയതോടെയാണ് വിക്ടോറിയ രാജ്ഞിയുടെ കൈവശമെത്തിയത്. അന്നു മുതൽ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ കൈവശമാണ് ഈ അമൂല്യ വജ്രമിരിക്കുന്നത്.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച 1947ൽ തന്നെ കോഹിനൂർ രത്നം തിരികെ വേണമെന്ന് രാജ്യം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബ്രിട്ടീഷുകാർ അത് നിരസിച്ചു. എലിസബത്ത് രാജ്ഞിയുടെ പ്ലാറ്റിനത്തിൽ നിർമ്മിച്ച കിരീടത്തിലാണ് കൊഹിനൂർ രത്നം പതിപ്പിച്ചിരിക്കുന്നത്. എലിസബത്ത് രാജ്ഞിയുടെ ഭർത്താവും രാജാവുമായിരുന്ന ജോർജ് ആറാമൻ്റെ സ്ഥാനാരോഹണ ചടങ്ങിനോടനുബന്ധിച്ചാണ് ഈ കിരീടം നിർമ്മിച്ചത്. പ്രസ്തുത കിരീടം ലണ്ടൻ ടവറിലും പ്രദർശിപ്പിച്ചിട്ടുണ്ട്.എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ കിംഗ് ചാൾസ് മൂന്നാമൻ രാജാവാകുമ്പോൾ അദ്ദേഹത്തിൻ്റെ പത്നി കാമില്ല രാജ്ഞിയുടെ കിരീടമായി അതു മാറും.

ഇന്ത്യയെ കൂടാതെ പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാൻ എന്നീ രാജ്യങ്ങളാണ് കോഹിനൂർ രത്നത്തിന്റെ ഉടമകൾ എന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്. എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ കോഹിനൂർ രത്നം ഇന്ത്യയ്ക്ക് തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിലാണ് പലരും. ഇക്കാര്യം ഉന്നയിച്ചാണ് പലരും ട്വീറ്റ് ചെയ്യുന്നത്. ഇതോടെയാണ് കോഹിനൂര്‍ ട്രെന്‍ഡിങില്‍ ഇടം നേടിയത്. അതേസമയം ബ്രിട്ടിഷ്-ഇന്ത്യൻ എഴുത്തുകാരനും രാഷ്ട്രീയ നിരൂപകനുമായ സൗരവ് ദത്ത് പറയുന്നത് യുകെ ഈ രത്നം തിരികെ നൽകാനുള്ള സാധ്യത വിരളമാണെന്നാണ്. പ്രതീക്ഷയോട കാത്തിരിക്കുകയാണ് ഇന്ത്യന്‍ ജനത, തിരികെ കിട്ടുമോ?

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.