1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 10, 2022

സ്വന്തം ലേഖകൻ: കുവൈത്തില്‍ വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് കൂടുതല്‍ ഫീസ് നിരക്ക് നടപ്പില്‍ വരുത്താന്‍ അധികൃതര്‍ ആലോചിക്കുന്നു. ഇതുമായി ബന്ധപ്പെട്ട തീരുമാനം ഉടനെയുണ്ടാകുമെന്നാണ് സൂചന. രാജ്യത്ത് വിവിധ മന്ത്രാലയങ്ങള്‍ നല്‍കുന്ന സേവനങ്ങള്‍ക്ക് കുവൈത്ത് പൗരന്‍മാരില്‍ നിന്നും പ്രവാസികളില്‍ നിന്നും ഈടാക്കുന്ന ഫീസ് തുകകളുടെ നിരക്ക് മൊത്തത്തില്‍ വര്‍ധിപ്പിക്കാനും തീരുമാനമുണ്ട്.

നിലവില്‍ രാജ്യത്തെ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഒരേ നിരക്കാണ് സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് വിവിധ മന്ത്രാലയങ്ങള്‍ ഈടാക്കുന്നത്. എന്നാല്‍ ഇതില്‍ മാറ്റം വരുത്തണമെന്നും ചില സേവനങ്ങള്‍ക്ക് പ്രവാസികളില്‍ നിന്ന് കൂടുതല്‍ ഫീസ് ഈടാക്കണമെന്നുമാണ് ഉയര്‍ന്നുവന്നിരിക്കുന്ന ആവശ്യം. ഇതുമായി ബന്ധപ്പെട്ട പഠനം നടത്താന്‍ പ്രത്യേക സമിതിയെ നിയോഗിച്ചതായി മുതിര്‍ന്ന സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായി എണ്ണയിതര വരുമാനം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സേവനങ്ങള്‍ക്ക് കൂടുതല്‍ ഫീസ് ഈടാക്കാന്‍ അധികൃതര്‍ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി നിലവില്‍ ഓരോ സര്‍ക്കാര്‍ സേവനങ്ങള്‍ക്കും മന്ത്രാലയങ്ങള്‍ ഈടാക്കുന്ന ഫീസ് എത്രയാണെന്നും ഓരോ സേവനത്തിന്റെയും ഉപയോക്താക്കളില്‍ സ്വദേശികളുടെയും പ്രവാസികളുടെയും നിരക്ക് എത്രയാണെന്നുമുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനും മന്ത്രിസഭാ യോഗം ബന്ധപ്പെട്ട് മന്ത്രാലയങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സാമ്പത്തിക കാര്യ മന്ത്രാലയമാണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രവാസികള്‍ കൂടുതലായി ഉപയോഗിക്കുന്ന സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഫീസ് വര്‍ധിപ്പിക്കുന്ന കാര്യമാണ് അധികൃതര്‍ പരിഗണിക്കുന്നത്. നിലവിലെ ബജറ്റ് കമ്മി നികത്തുന്നതിനായി അടുത്ത മൂന്നു വര്‍ഷത്തെ ചെലവുകള്‍ നിയന്ത്രിക്കുന്നതോടൊപ്പം വരുമാനം വര്‍ധിപ്പിക്കാനാണ് മന്ത്രിസഭാ യോഗം വഴികള്‍ ആലോചിക്കുന്നത്. അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള വരവ് ചെലവുകള്‍ ക്രമീകരിക്കാനും അധികൃതര്‍ തീരുമാനമെടുത്തിട്ടുണ്ട്.

ഇതിന്റെ ഭാഗമായാണ് സേവനങ്ങള്‍ക്കുള്ള ഫീസ് വര്‍ധിപ്പിക്കുന്നത്. രാജ്യത്തെ ജനസംഖ്യയില്‍ 31 ശതമാനം സ്വദേശികളും 69 ശതമാനം വിദേശികളുമാണ്. നിലവില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരേ നിരക്കില്‍ സര്‍ക്കാര്‍ സേവനങ്ങള്‍ നല്‍കുന്നതിനു പകരം ജനസംഖ്യയില്‍ കൂടുതല്‍ വരുന്ന പ്രവാസികളില്‍ നിന്ന് കൂടുതല്‍ ഫീസ് ഈടാക്കിയാല്‍ അത് വലിയ വരുമാനമാര്‍ഗമാവുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.