സ്വന്തം ലേഖകൻ: സംസ്ഥാനത്ത് തെരുവ് നായ ശല്യം വർദ്ധിക്കുകയാണ്. പേ വിഷബാധയേറ്റ് നിരവധി പേർ മരിക്കുകയും ചെയ്യുന്നു. സംസ്ഥാനത്ത് തെരുവുനായ ശല്യം വർദ്ധിച്ച സാഹചര്യത്തിൽ അടിയന്തിര നടപടി എടുക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. തിങ്കളാഴ്ച ഉന്നതതല യോഗം ചേരുമെന്നും പ്രശ്നം പരിഹരിക്കുന്നതിനായി വിപുലമായ കർമപദ്ധതികൾ ആവിഷ്കരിക്കുമെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.
152 സ്ഥലങ്ങളിൽ എബിസി സെൻ്ററുകൾ സർക്കാർ സജ്ജീകരിക്കും. 30 എണ്ണം ഇപ്പോൾ തന്നെ പ്രവർത്തനം ആംഭിച്ചിട്ടുണ്ടെന്ന് എം ബി രാജേഷ് പറഞ്ഞു. തെരുവു നായകളുടെ വന്ധ്യംകരണം തടസപ്പെട്ടത് കോടതി ഉത്തരവ് വന്നതുകൊണ്ടാണെന്നും മന്ത്രി വ്യക്തമാക്കി. ഉദ്യോഗസ്ഥ തലത്തിൽ ചേരുന്ന ഉന്നതതല യോഗത്തിൽ പദ്ധതികൾ നടപ്പാക്കിയതിനെപ്പറ്റിയുള്ള വിലയിരുത്തലുകളുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമാകുന്നതിനിടെ കാസർകോട് കുറുക്കന്റെ ആക്രമണവും വാർത്തയായി. പടന്ന പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ജനങ്ങൾക്ക് നേരെയും വളർത്തു മൃഗങ്ങൾക്കു നേരെയും കുറുക്കന്റെ ആക്രമണം ഉണ്ടായി. പടന്ന പഞ്ചായത്തിലെ മാച്ചിക്കാട്, ആയിറ്റി എന്നിവിടങ്ങളിലാണ് കുറുക്കന്റെ ആക്രമണം. ശാസ്താംകോട്ടയിൽ സ്ത്രീകളെ ആക്രമിച്ച തെരുവുനായയും ചത്തു. പേവിഷബാധയേറ്റാകാം നായ ചത്തതെന്നാണ് നാട്ടുകാരുടെ സംശയം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല