1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 11, 2022

സ്വന്തം ലേഖകൻ: കൊടും ചൂടില്‍ വെന്തുരുകി യൂറോപ്പ്. കടന്നുപോകുന്നത് ഏറ്റവും ചൂടേറിയ വേനല്‍ക്കാലം. ഓഗസ്റ്റിലാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്നുമാസമായി യൂറോപ്പിലാകെ ഉഷ്ണതരംഗമായിരുന്നു. പലയിടത്തും കാട്ടുതീ പടര്‍ന്നു. ഒപ്പം വരള്‍ച്ചയും. ചരിത്രത്തിലാദ്യമായാണ് യൂറോപ്പ് ഇത്തരമൊരു വേനല്‍ക്കാലത്തെ അഭിമുഖീകരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ഉഷ്ണകാലമാണ് ഇതെന്ന് കോപ്പര്‍നിക്കസ് ക്ലൈമറ്റ് ചേഞ്ച് സര്‍വീസ് പറയുന്നു.

ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ കണക്കനുസരിച്ച് താപനില മുന്‍വര്‍ഷത്തേക്കാള്‍ 0.4 ഡിഗ്രി സെല്‍സ്യസ് അധികമാണ്. അതില്‍തന്നെ ഓഗസ്റ്റായിരുന്നു ഏറ്റവും ചൂടേറിയ മാസം. യൂകെയിലും ഫ്രാന്‍‍സിലും 40.3 സെല്‍‍ഷ്യസ് രേഖപ്പെടുത്തിയപ്പോള്‍‍ പോര്‍‍ച്ചുഗലില്‍‍ താപനില 47 ഡിഗ്രി സെല്‍‍ഷ്യത്തോളമെത്തി. 500 വര്‍ഷത്തിനിടയിലെ വലിയ വരള്‍ച്ചക്കാണ് ഇത് വഴിവച്ചത്. അതേസമയം ചിലയിടങ്ങളില്‍ ശക്തമയാ മഴയും വെള്ളപ്പൊക്കവും ഉണ്ടായി. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായാണ് ഇത്തരം മാറ്റങ്ങളെ വിലയിരുത്തുന്നത്. വരും വര്‍‍ഷങ്ങളിലും തല്സ്ഥിതി തുടര്‍‍ന്നാല്‍‍ ഗുരുതരമായ പ്രത്യാഘാതമായിരിക്കും ഫലം.

യൂറോപ്പ് നൂറ്റാണ്ടുകള്‍ക്ക് ശേഷം സമാനതകളില്ലാത്ത വരള്‍ച്ചയാണ് അഭിമുഖീകരിക്കുന്നത്. പല രാജ്യങ്ങളും കൊടും വേനലിന്‍റെ ഭീഷണിയിലാണ്. വേനല്‍ചൂട് കാരണം സമീപത്തെങ്ങും ഒരാളെ പോലും കാണാനില്ലാത്ത വിധം ഒറ്റപ്പെട്ട് കിടക്കുന്ന പാരിസിലെ ഈഫല്‍ ടവറിന്‍റെ ദൃശ്യം ഇന്‍റര്‍നെറ്റിന്‍റെ ശ്രദ്ധ പിടിച്ച് പറ്റിയത് അടുത്തിടെയാണ്. ഈ കൊടും വേനല്‍ യൂറോപ്പിലെ പല നദികളെയും ബാധിച്ചിട്ടുണ്ട്. ഇത്തരത്തില്‍ വേനല്‍ചൂടില്‍ ഗണ്യമായി ജലനിരപ്പ് താഴുന്ന നദികളില്‍ മുന്‍തലമുറ മുന്നറിയിപ്പെന്നപോലെ രേഖപ്പെടുത്തിയ പല ശിലാലിഖിതങ്ങളും തെളിഞ്ഞ് വരുന്നതും ഇതിനിടെ ലോകം കണ്ടു.

ഹങ്കര്‍ സ്റ്റോണ്‍സ് എന്ന് പേരിട്ട് വിളിക്കുന്ന ഈ ശിലാ ലിഖിതങ്ങള്‍ നദികളിലെ ജലനിരപ്പ് താഴ്ന്നതോടെ തീരത്തോട് ചേർന്നുള്ള കല്‍ഭിത്തികളിലാണ് തെളിഞ്ഞു വന്നത്. നദിയുടെ ജലനിരപ്പ് താഴുന്നത് എത്ര വലിയ വരള്‍ച്ചയുടെ ലക്ഷണമാണെന്ന് ഭാവി തലമുറയെ അറിയിക്കുക എന്ന ലക്ഷ്യത്തോടെ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കൊത്തി വച്ചതാണ് ഈ ലിഖിതങ്ങള്‍. നദീതീരങ്ങളില്‍ സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടങ്ങളുടെ അടിത്തറയായിട്ടുള്ള കല്‍ക്കെട്ടുകളിലാണ് ഈ ലിഖിതങ്ങള്‍ കണ്ടെത്തിയത്.

ചെക്ക് റിപ്പബ്ലിക്കിലൂടെയും ജര്‍മനിയിലൂടെയും ഒഴുകുന്ന എല്‍ബെ നദിക്കരയിലെ കല്‍ക്കെട്ടുകളില്‍ തെളിഞ്ഞ മുന്നറിയിപ്പുകള്‍ ഇതിന് ഉദാഹരണമാണ്. ജര്‍മന്‍ ഭാഷയിലാണ് നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് സമാനമായ വരള്‍ച്ച നേരിട്ടപ്പോള്‍ പൂര്‍വികര്‍ അതിന്‍റെ രൂക്ഷത വെളിവാക്കാന്‍ എല്‍ബെ നദിക്കരയില്‍ ഇവ കോറിയിട്ടത്. 1616 ലാണ് ഇവയിലൊന്ന് കൊത്തിവക്കപ്പെട്ടത്. നിങ്ങളെന്നെ കാണാന്‍ ഇട വരികയാണെങ്കില്‍, നിങ്ങള്‍ അതികഠിനമായി ദുഖിക്കേണ്ടി വരും എന്നാണ് ഈ കൊത്തിവക്കപ്പെട്ട വാക്കുകളുടെ അര്‍ത്ഥം. ജലനിരപ്പ് കുറഞ്ഞ് ജലക്ഷാമം രൂക്ഷമാകുന്ന അവസ്ഥയെ കുറിച്ചാണ് ഈ മുന്നറിയിപ്പെന്ന് ഗവേഷകര്‍ പറയുന്നു.

വരള്‍ച്ച മൂലമുള്ള ജലക്ഷാമത്തില്‍ കൃഷിനാശവും ഭക്ഷ്യക്ഷാമവും, വിലക്കയറ്റവുമെല്ലാം നേരിട്ട ജനതകളായിരുന്നു ഈ പൂര്‍വികർ. ഈ ശിലാലിഖിതങ്ങളെല്ലാം 1900 ത്തിന് മുന്‍പുള്ളവയാണ്. 1417, 1616, 1707, 1746, 1790, 1800, 1811, 1830, 1842, 1868, 1892,1893 എന്നീ വര്‍ഷങ്ങളിലാണ് അതികഠിനമായ വരള്‍ച്ചയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഈ നദിക്കരയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 2018 ല്‍ യൂറോപ്പിലെങ്ങും വീശിയ താപക്കാറ്റിനെ തുടര്‍ന്നുണ്ടായ വരള്‍ച്ചയിലും ഈ ശിലാലിഖിതങ്ങളില്‍ ചിലത് പുറത്ത് കാണാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഏല്‍ബെ നദിയിലെ ശിലാലിഖിതങ്ങള്‍ പൂര്‍ണമായും പുറത്ത് കാണുന്നത് ഇതാദ്യമായാണ്.

കഴിഞ്ഞ 500 വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ വരള്‍ച്ചയാണ് യൂറോപ്പ് ഇപ്പോള്‍ നേരിടുന്നത്. കണക്കുകളനുസരിച്ച്് 2018 ലെ വരള്‍ച്ചയായിരുന്നു അഞ്ഞൂറ് വര്‍ഷത്തിന് ഇടയിലുണ്ടായ ഏറ്റവും രൂക്ഷമായത്. എന്നാല്‍ ഈ വര്‍ഷം സ്ഥിതി കൂടുതല്‍ ഭയാനകമാണെന്ന് യൂറോപ്യന്‍ രാജ്യങ്ങളുടെ സംയുക്ത ഗവേഷണ കേന്ദ്രത്തിലെ കാലാവസ്ഥാ ഗവേഷകനായ ആന്‍ന്ദ്രേ തൊരേഷ് പറയുന്നു. ഇപ്പോഴത്തെ ഈ സ്ഥിതി ഇനിയും മൂന്ന് മാസം വരെ തുടരുമെന്നും ആന്ദ്രെ മുന്നറിയിപ്പ് നല്‍കുന്നു.

യൂറോപ്യന്‍ വരള്‍ച്ചാ നിരീക്ഷണ ഏജന്‍സിയുടെ കണക്കനുസരിച്ച് യൂറോപ്പിന്‍റെ 47 ശതമാനം ഭാഗങ്ങളും ഇതിനകം കൊടും വരള്‍ച്ചയുടെ പിടിയിലാണ്. ഇത് കൂടാതെ 17 ശതമാനം പ്രദേശങ്ങള്‍ ഇതേ സ്ഥിതിയിലേക്കെത്തിയേക്കുമെന്നും കണക്കാക്കുന്നു. ഈ പ്രദേശങ്ങളില്‍ മണ്ണിലെ ഈര്‍പ്പത്തിന്‍റെ അളവ് അപകടകരമായ അളവില്‍ കുറഞ്ഞിരിക്കുകയാണ്. ഇത് മേഖലയിലെ സസ്യങ്ങള്‍ ഉണങ്ങാന്‍ തുടങ്ങുന്നതിനും കാരണമായിട്ടുണ്ട്. ആഗോളതാപനത്തിലെ മാറ്റം മൂലം മഴയുടെ അളവ് കുറഞ്ഞതും അതേസമയം ഭൂമിയില്‍ നിന്ന് ബാഷ്പീകരിച്ച് പോകുന്ന ജലത്തിന്‍റെ അളവ് കൂടിയതുമാണ് യൂറോപ്പിനെ ഇത്ര ആഴത്തിലുള്ള വരള്‍ച്ചയിലേക്ക് തള്ളിവിട്ടത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.