സ്വന്തം ലേഖകൻ: ഫ്രഞ്ച് നവതരംഗസിനിമയുടെ ആചാര്യന്മാരിലൊരാളായ ഗൊദാർദ് (91) അന്തരിച്ചു. 1950-കളിലും 60-കളിലും സിനിമയിൽ വിപ്ലവം സൃഷ്ടിച്ച ചലച്ചിത്രകാരനായിരുന്നു ഗൊദാർദ്. രണ്ടാം ലോകമഹായുദ്ധശേഷമുള്ള ചലച്ചിത്രസൈദ്ധാന്തികരില്‍ പ്രമുഖനായാണ് അദ്ദേഹം വിശേഷിപ്പിക്കപ്പെടുന്നത്. ‘പൊളിറ്റിക്കല്‍ സിനിമ’യുടെ ശക്തനായ പ്രയോക്താവ്. ചലച്ചിത്രനിരൂപകന്‍, നടന്‍, തിരക്കഥാകൃത്ത്, ഛായാഗ്രാഹകന്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നീ നിലകളിലും ഗൊദാർദ് ശക്തമായ സാന്നിധ്യമായി.
തിരക്കഥാ രചനയിലൂടെ സിനിമയിലേക്ക് കടന്നു വന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളെല്ലാം പരീക്ഷണ സ്വഭാവമുള്ളവയായിരുന്നു. ബ്രെത്ത്‌ലെസ് ആണ് ആദ്യ ചിത്രം. 1969-ൽ പുറത്തിറങ്ങിയ എ വുമൺ ഈസ് എ വുമൺ ആയിരുന്നു കളറിൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആദ്യചിത്രം. അറുപതുകളുടെ മധ്യത്തോടെ ഗൊദാർദ് ഇടതുപക്ഷരാഷ്ട്രീയ വീക്ഷണമുള്ള ചിത്രങ്ങളിലേക്കുമാറി. ടൂ ഓർ ത്രീ തിങ്‌സ് ഐ നോ എബൗട്ട് ഹെർ (1966) ഈ സമയത്താണ് നിർമിച്ചത്.
ദ് സീഗ വെർട്ടോവ് ഗ്രൂപ്പുമായി ചേർന്ന് രാഷ്ട്രീയത്തെയും പ്രത്യയശാസ്ത്രത്തെയും കുറിച്ചുള്ള ചിത്രങ്ങൾ അദ്ദേഹം നിർമിച്ചു. ഗൊദാർദും ടോങ് പിയറി ഗോറിനുമായിരുന്നു ഈ സംഘത്തിൽ പ്രമുഖർ. ആ കൂട്ടുകെട്ടിന്റെ സൃഷ്ടിയാണ് 1969-ൽ പുറത്തിറങ്ങിയ വിൻഡ് ഫ്രം ദ ഈസ്റ്റ്. എഴുപതുകളിൽ വീഡിയോയും ടെലിവിഷൻ പരമ്പരകളും ഗൊദാർദ് മാധ്യമമാക്കി. എൺപതുകളോടെ വീണ്ടും ചലച്ചിത്രത്തിലേക്കു തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല