1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 13, 2022
Courtesy: Mathrubhumi

സ്വന്തം ലേഖകൻ: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും യൂറോപ്യന്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നു. നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും ഉന്നത വിദ്യാഭ്യാസ മേഖലയിലെ പഠനങ്ങള്‍ക്കുമാണ് സന്ദര്‍ശനം. ബ്രിട്ടന്‍, നോര്‍വെ, ഫിന്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലേക്കാകും സന്ദര്‍ശനം.

വിദ്യാഭ്യാസ മേഖലയിലെ പഠനങ്ങള്‍ക്കായി അവിടുത്തെ സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണ് ഫിന്‍ലന്‍ഡ് സന്ദര്‍ശിക്കുന്നത്. ഈ സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രിയെ കൂടാതെ പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഉണ്ടാകും.

ബ്രിട്ടണിലേക്കുള്ള സന്ദര്‍ശനത്തില്‍ ധനമന്ത്രി കെ.എന്‍.ബാലഗോപാലും വ്യവസായ മന്ത്രി പി.രാജീവും ഉള്‍പ്പെട്ടേക്കും. നിക്ഷേപ ആകര്‍ഷണമായിരിക്കും ഈ യാത്രയിലെ ലക്ഷ്യം. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ വന്നിട്ടില്ല. നോര്‍വെയിലും മന്ത്രി തല സന്ദര്‍ശനം നടത്തും.

അടുത്ത മാസമായിരിക്കും സന്ദര്‍ശനം. ഇതിനായി അനുമതി തേടി കേന്ദ്ര മന്ത്രാലയങ്ങളെ സംസ്ഥാന സര്‍ക്കാര്‍ സമീപിച്ചിട്ടുണ്ട്. പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസും യൂറോപ്യന്‍ സന്ദര്‍ശനത്തിന്. ഈ മാസം 19-ന് റിയാസ് ഫ്രഞ്ച്‌ തലസ്ഥാനമായ പാരീസിലേക്ക് തിരിക്കും.

മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയും മറ്റു മന്ത്രിതല സംഘവും യൂറോപ്യന്‍ യാത്ര നടത്തുന്നതിന് മുമ്പായിരിക്കും റിയാസിന്റെ പാരീസ് യാത്ര. ടൂറിസവുമായി ബന്ധപ്പെട്ട പരിപാടികള്‍ക്കാണ് റിയാസിന്റെ യാത്ര. പാരീസ് സന്ദര്‍ശനം മന്ത്രി സ്ഥിരീകരിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.