സ്വന്തം ലേഖകൻ: കുവൈത്തിൽ ഇന്ത്യൻ എൻജിനിയർമാരുടെ താമസരേഖ പുതുക്കുന്നതിലും കമ്പനി മാറുന്നതിലുമുള്ള പ്രതിസന്ധി തുടരുന്നു. മലയാളികളടക്കം ഒട്ടേറെ എൻജിനീയർമാർ തങ്ങൾക്ക് തിരിച്ചുപോകേണ്ടി വരുമോ എന്ന ഉൾഭയത്താലാണ് കഴിയുന്നത്. നാലു വർഷം മുൻപാണ് കുവൈത്തിൽ എൻജിനീയർമാരുടെ താമസരേഖ പുതുക്കാൻ കുവൈത്ത് സൊസൈറ്റി ഓഫ് എൻജിനീയേഴ്‌സിന്റെ മെമ്പർഷിപ്പും നോൺ ഒബ്ജെക്ഷൻ സർട്ടിഫിക്കറ്റും (എൻഒസി) നിർബന്ധമാക്കിയത്.
മെമ്പർഷിപ്പ് കിട്ടുന്നതിനായി പഠിച്ചിരുന്ന കോളജിന് നാഷനൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ (എൻബിഎ) നിർബന്ധമായിരുന്നു. കൂടാതെ എൻജിനീയർ സർട്ടിഫിക്കറ്റികള്‍ അറ്റസ്റ്റ് ചെയ്യുകയും കുവൈത്ത് സൊസൈറ്റി ഓഫ് എൻജിനീയേഴ്സ് നടത്തുന്ന പരീക്ഷ പാസ്സാവുകയും വേണം. എന്നാൽ, രണ്ടുമാസം മുൻപാണ് കുവൈത്ത് സൊസൈറ്റി ഒാഫ് എൻജിനീയേഴ്സ് പുതിയ നിയമം കൊണ്ടുവന്നത്. ഇതുപ്രകാരം താമസരേഖ പുതുക്കുന്നതിന് വേണ്ട എൻഒസി ലഭിക്കാൻ എൻജിനീയറിങ് പഠിക്കുന്ന കാലയളവിൽ കോളേജിന് നാഷനൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ അംഗീകാരം വേണമെന്നാണ് പറയുന്നത്.
എന്നാൽ, ഇന്ത്യൻ കോളജുകൾ എല്ലാം തന്നെ എെഎസിടിഇ, നാച്ചി അംഗീകാരം ആണ് പിന്തുടർന്നിരുന്നത്. 2013ന് ശേഷം എൻബിഎ സ്വതന്ത്ര ഏജൻസി ആയപ്പോഴാണ് കൂടുതൽ കോളജുകളും അക്രഡിറ്റേഷൻ എടുക്കുവാൻ തുടങ്ങിയത്. അതുകൊണ്ട് തന്നെ 2013 നു മുൻപ് പഠിച്ച എൻജിനീയേഴ്സ് ആണ് പുതിയ നിയമപ്രകാരം പ്രതിസന്ധിയിൽ ആയതിൽ കൂടുതലും.
പ്രശ്നം പരിഹരിക്കുന്നതിനായി ഇന്ത്യൻ സ്ഥാനപതി കുവൈത്ത് സൊസൈറ്റി ഒാഫ് എൻജിനീയേഴ്സ് അധികൃതരുമായി ചർച്ചകൾ നടത്തിയെങ്കിലും ഇതുവരെ നിയമത്തിൽ മാറ്റങ്ങൾ ഉണ്ടായിട്ടില്ലെന്ന് കുവൈത്തിൽ എൻജിനീയറായ മലയാളി നിഥിൻ മനോരമ ഒാൺലൈനിനോട് പറഞ്ഞു. നിലവിൽ ഒട്ടേറെ എൻജിനീയർമാർ താമസരേഖ പുതുക്കാൻ പറ്റാതെ ബുദ്ധിമുട്ടുന്നു. ഇന്ത്യൻ ഗവണ്മെന്റ് എത്രയും പെട്ടന്ന് തന്നെ പ്രശ്നപരിഹാരം ഉണ്ടാക്കണം എന്നാണ് കുവൈത്തിൽ ജോലി ചെയ്യുന്ന എൻജിനീയർമാരുടെ അഭ്യർഥന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല