സ്വന്തം ലേഖകൻ: തന്റെയും മന്ത്രിമാരുടെയും വിദേശയാത്രയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്ര സംസ്ഥാനത്തിനു വേണ്ടിയാണ്. കൂടുതല്‍ നിക്ഷേപം കൊണ്ടുവരിക, മാതൃകകള്‍ പഠിക്കുക എന്നിവയാണ് ലക്ഷ്യം. ഐടി, വിനോദസഞ്ചാരം, വാണിജ്യ മേഖലകളില്‍ സഹകരണത്തിന് ശ്രമിക്കും. നെതര്‍ലന്‍ഡ്സ് മോഡലായ ‘റൂം ഫോര്‍ റിവര്‍’ പദ്ധതി നടപ്പാക്കിവരുന്നു. രണ്ടുവര്‍ഷംകൊണ്ട് കാര്യമായ പുരോഗതിയുണ്ടായി. പമ്പയില്‍ ആഴംകൂട്ടുകയും, വരട്ടാര്‍ പുനരുജ്ജീവിപ്പിക്കുകയും, തോട്ടപ്പള്ളിയില്‍ പൊഴിമുറിക്കുകയും ചെയ്തെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
വിദേശ യാത്രയ്ക്കെതിരെ മുൻപും വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിന്റെ ഉദ്ദേശ്യം വേറെയാണ്. എന്നാല്‍ വസ്തുത മനസ്സിലാക്കിയാല്‍ ഇത്തരം യാത്രകള്‍ കൊണ്ട് ഉണ്ടായ നേട്ടങ്ങള്‍ അറിയാനാകും. 1990ല്‍ അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാരും വ്യവസായ മന്ത്രി കെ.ആര്.ഗൗരിയമ്മയും അമേരിക്കയിലെ ഐടി ഹബ് ആയ സിലിക്കണ്‍വാലിയും സ്റ്റാന്‍ഫോര്‍ഡ് സർവകലാശാലയും സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് കേരളത്തില്‍ ഒരു ടെക്നോപാര്‍ക്ക് എന്ന ആശയം രൂപപ്പെട്ടതും, രാജ്യത്തെതന്നെ ആദ്യ ഐടി പാര്‍ക്കായി അത് മാറിയതും.
വിദേശ രാജ്യങ്ങളിലെ വികസന മാതൃകകള്‍ സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് ഉതകുന്ന രീതിയില്‍ പകര്‍ത്തിയെടുക്കാന്‍ നമുക്കാകണം. വിദേശ യാത്രകളുടെ ലക്ഷ്യമതാണ്. അതിന് ഉദാഹരണമാണ് ഡച്ച് മാതൃകയിലുള്ള ‘റൂം ഫോര്‍ റിവര്‍’ പദ്ധതി. 2019ല്‍ നെതര്‍ലൻഡ് സന്ദര്‍ശിച്ചാണ് വെള്ളപ്പൊക്കത്തെ മറികടക്കാനുള്ള ഈ ഡച്ച് മാതൃക വിലയിരുത്തിയത്. വെള്ളത്തിന് ഒഴുകിപ്പോകാനുള്ള സ്ഥലം നല്‍കുക എന്നതാണ് ‘റൂം ഫോര്‍ റിവര്‍’ എന്ന ആശയം. 2018 ലെ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കുട്ടനാട് ഉള്‍പ്പെടെ സംസ്ഥാനത്തെ താഴ്ന്ന പ്രദേശങ്ങളില്‍ ഈ പദ്ധതി നടപ്പാക്കാനാകുമോ എന്നായിരുന്നു അന്ന് പരിശോധിച്ചത്.
2020ല്‍ ആരംഭിച്ച്, വെറും 2 വര്‍ഷമേ കേരളത്തിലെ റൂം ഫോര്‍ റിവര്‍ പദ്ധതിക്ക് പ്രായം ആയിട്ടുള്ളൂ. രണ്ട് വര്‍ഷം കൊണ്ടാണ് കേരളത്തില്‍ മേല്‍പ്പറഞ്ഞ നിലയില്‍ മുന്നേറ്റം ഉണ്ടാക്കാന്‍ നമുക്ക് കഴിഞ്ഞത്. പുഷ്പകൃഷി നടത്തുന്നതിനായി നെതര്‍ലൻഡുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനും അന്നത്തെ സന്ദര്‍ശനത്തില്‍ തീരുമാനിച്ചിരുന്നു. അമ്പലവയലില്‍ ഇതിനായുള്ള സ്ഥലം കണ്ടെത്തി. ചരിത്ര പ്രാധാന്യമുള്ള ഇന്‍ഡോ ഡച്ച് ആര്‍ക്കൈവ്സ് തയാറാക്കുന്നതിനായി ധാരണാപത്രം ഒപ്പുവച്ചു. അതിന്റെ നടപടികള്‍ പുരോഗമിച്ചു വരുന്നു.
ജര്‍മനിയുമായി നടത്തിയ നയതന്ത്ര ചര്‍ച്ചയുടെ ഭാഗമായി നോര്‍ക്കയുമായി സഹകരിച്ചു നഴ്സുമാര്‍ക്ക് ജര്‍മനിയില്‍ തൊഴില്‍ അവസരം നല്‍കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. തൊഴില്‍ വകുപ്പിന് കീഴിലുള്ള ഒഡെപെക് വഴി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിദേശ ജോലി ലഭിച്ചത് 2,753 പേര്‍ക്കാണ്. കോവിഡ് പ്രതിസന്ധി നിലനിന്നിരുന്ന 2021ല്‍ പോലും 787 പേര്‍ക്ക് വിദേശ ജോലി ലഭ്യമാക്കാന്‍ സാധിച്ചു. ജക്കാര്‍ത്തയില്‍ നടന്ന ഇന്ത്യന്‍ ഓഷ്യന്‍ റിം അസോസിയേഷന് ഇന്റര്‍നാഷണല്‍ ബ്ളൂ ഇക്കോണമി മിനിസ്റ്റേഴ്സ് കോണ്‍ഫറന്‍സില്‍ ഫിഷറീസ് മന്ത്രി പങ്കെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല