സ്വന്തം ലേഖകൻ: യുഎഇ റോഡില്‍ ട്രാഫിക് അപകടമുണ്ടാക്കി ആളുകളെ പരിക്കേല്‍പ്പിച്ച ശേഷം വാഹനം നിര്‍ത്താതെ പോയാല്‍ കടുത്ത ശിക്ഷ. ജയില്‍ ശിക്ഷയും 20,000 ദിര്‍ഹം പിഴയുമാണ് ഇവരെ കാത്തിരിക്കുന്നതെന്ന് യുഎഇ പബ്ലിക് പ്രൊസിക്യൂഷന് മുന്നറിയിപ്പ് നല്കി. വാഹനം അപകടമുണ്ടാക്കിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഹിറ്റ് ആൻഡ് റണ്‍ (hit-and-run) രീതി ഗുരുതരമായ ട്രാഫിക് നിയമ ലംഘനമാണെന്ന് വിവിധ ക്യാംപയിനുകളിലൂടെ അധികൃതര്‍ പല തവണ വ്യക്തമാക്കിയതാണ്.
ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉടനെ വാഹനം നിര്‍ത്തിയ ശേഷം അധികൃതരെ ഇക്കാര്യം അറിയിക്കുകയാണ് വേണ്ടത്. കൃത്യമായ കാരണമില്ലാതെ ഇങ്ങനെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നവര്‍ക്ക് 20,000 രുപയില്‍ കുറയാത്ത പിഴയും ജയില്‍ ശിക്ഷയുമായിരിക്കും ലഭിക്കുക.
അപകടം ഉണ്ടായാല്‍ ഉടന്‍ തന്നെ 901 നമ്പറിലോ പോലീസ് ആപ്പിലോ വിവരം റിപ്പോര്‍ട്ട് ചെയ്യുകയാണ് വേണ്ടതെന്ന് ട്രാഫിക് അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ ആര്‍ക്കെങ്കിലും ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെങ്കില്‍ 999ല്‍ വിളിച്ച് ഉടന്‍ ആംബുലന്‍സ് എത്തിക്കണം. ചെറിയ അപകടങ്ങളാണെങ്കില്‍ അക്കാര്യം പോലിസ് ആപ്പ് വഴി അറിയിച്ചാല്‍ മതിയാവും.
ഇത്തരം ഒരു റോഡ് അപകടത്തില്‍ പെട്ടാല്‍ അനിവാര്യമായും വേണ്ട രേഖ പോലീസ് റിപ്പോര്‍ട്ടാണ്. പോലീസ് റപ്പോര്‍ട്ട് ഇല്ലെങ്കില്‍ നിയമപരമായും സാമ്പത്തികമായും ഗുരുതരമായ പ്രയാസങ്ങളിലേക്കായിരിക്കും ചെന്നുചാടുക. പോലീസ് റിപ്പോര്‍ട്ട് ലഭ്യമാക്കാതെ അപകടത്തില്‍ പെട്ട വാഹനങ്ങള്‍ അറ്റകുറ്റപ്പണികള്‍ക്കും റിപ്പയറിംഗിനും വിധേയമാക്കുന്നത് നിയമ വിരുദ്ധമാണ്.
ഇത് ലഭിക്കുന്നതിനാണ് വിവരം പോലീസ് ആപ്പില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പറയുന്നത്. ദുബായ് പോലീസ് ആപ്പില്‍ അപകടം റിപ്പോര്‍ട്ട് ചെയ്യുന്നപക്ഷം മറ്റ് നടപടിക്രമങ്ങളൊക്കെ പൂര്‍ത്തിയാക്കി 24 മണിക്കൂറിനകം പോലീസ് റിപ്പോര്‍ട്ട് ബന്ധപ്പെട്ട എല്ലാ കക്ഷികള്‍ക്കും എസ്എംഎസ് വഴി ലഭിക്കും.
ഇന്‍ഷൂറന്‍സ് കമ്പനിയുമായി ബന്ധപ്പെടുകയെന്നതാണ് അടുത്ത പടി. ഇക്കാര്യം വൈകാതെ തന്നെ ചെയ്യേണ്ടതുണ്ട്. വാഹനം അപകടത്തില്‍ പെട്ട വിവരം ഉടന്‍ തന്നെ ഇന്‍ഷൂറന്‍സ് അധികൃതരെ അറിയിക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുകയെന്നുള്ളത് പിന്നീടുള്ള ക്ലെയിമുകള്‍ക്ക് ഏറെ പ്രധാനമാണ്. അപകടവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ശരിയാക്കിയ ശേഷമായിരിക്കണം ഇത്.
വാഹനത്തിന് കാര്യമായ തകരാര്‍ സംഭവിക്കുകയോ സുരക്ഷിതമായി ഓടിച്ചുകൊണ്ടുപോവാന്‍ സാധിക്കാത്ത അവസ്ഥ വരികയോ ചെയ്യുകയാണെങ്കില്‍ ഇക്കാര്യം ഇന്‍ഷൂറന്‍സ് സ്ഥാപനത്തെ അറിയിക്കുകയും റിക്കവറി വാഹനം ഉപയോഗിച്ച് അപകടത്തില്‍ പെട്ട വാഹനം സമീപത്തെ അംഗീകൃത ഗ്യാരേജില്‍ എത്തിക്കുകയും വേണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല