സ്വന്തം ലേഖകൻ: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയേയും (പിഎഫ്ഐ) അനുബന്ധ സംഘടനകളേയും രാജ്യത്ത് നിരോധിച്ച സാഹചര്യത്തില്‍ തുടര്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. പിഎഫ്ഐ ഓഫിസുകള്‍ മുദ്ര വയ്ക്കാനും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും നിര്‍ദേശിച്ചുകൊണ്ട് 1967-ലെ യുഎപിഎ നിയമപ്രകാരം ഉത്തരവിറക്കി.
സംസ്ഥാനത്ത് ഏകദേശം 140-ലധികം പിഎഫ്ഐ ഓഫിസുകള്‍ ഉണ്ടെന്നാണ് പ്രാഥമിക നിഗമനം. പല ഓഫിസുകളും അനൗദ്യോഗികമായി പ്രവര്‍ത്തിക്കുന്നതിനാല്‍ മതിയായ മുന്‍കരുതലുകള്‍ എടുത്ത ശേഷമായിരിക്കും നടപടിയിലേക്ക് കടക്കുക. ആദ്യ ഘട്ടത്തില്‍ പതിനേഷ് പ്രധാന ഓഫിസുകളായിരിക്കും സീല്‍ ചെയ്യുക.
കോഴിക്കോട് സംസ്ഥാന സമിതി ഓഫിസ്, ആലപ്പുഴ മണ്ണഞ്ചേരി, തിരുവനന്തപുരം മണക്കാട്, പട്ടാമ്പി, പന്തളം, ആലുവ, അടൂര്‍, കണ്ണൂര്‍, തൊടുപുഴ, തൃശൂര്‍, കാസര്‍ഗോഡ്, കരുനാഗപ്പള്ളി, മലപ്പുറം, മാനന്തവാടി എന്നിവടങ്ങളിലെ ഓഫിസാണ് പൂട്ടുന്നത്. പിഎഫ്ഐ നേതാക്കളുടെ പട്ടിക എന്‍ഐഎ സംസ്ഥാന പൊലീസിന് കൈമാറിയിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചതിനു പിന്നാലെ പിഎഫ്ഐ പിരിച്ചു വിട്ടതായി സംസ്ഥാന ജനറല്‍ സെക്രട്ടറി എ അബ്ദുള്‍ സത്താര്‍ ഇന്നലെ അറിയിച്ചിരുന്നു. സംഘടനയുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. അബ്ദുള്‍ സത്താറിനെ പൊലീസ് ഇന്ന് ഉച്ചയ്ക്ക് ശേഷം കസ്റ്റഡിയിലെടുത്തിരുന്നു.
രാജ്യത്തിന്റെ നിയമം അനുസരിക്കുന്ന പൗരന്മാരെന്ന നിലയില്‍ സംഘടന ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം അംഗീകരിക്കുന്നതായി അബ്ദുള്‍ സത്താര്‍ പ്രസ്താവനയിൽ അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ എല്ലാ മുന്‍ അംഗങ്ങളോടും അഭ്യര്‍ത്ഥിക്കുന്നതായും അബ്ദുള്‍ സത്താര്‍ കൂട്ടിച്ചേര്‍ത്തു.
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹർത്താലിനിടെയുണ്ടായ അക്രമ സംഭവങ്ങളിൽ കടുത്ത നടപടിയുമായി ഹൈക്കോടതി. ഹർത്താലിന് ആഹ്വാനം ചെയ്ത പിഎഫ്ഐ സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൾ സത്താറിനെ മുഴുവൻ ആക്രമണക്കേസുകളിലും പ്രതിയാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
കെഎസ്എആർടിസിക്കും സർക്കാരിനും ഉണ്ടായ നാശനഷ്ടങ്ങൾക്കു പോപ്പുലർ ഫ്രണ്ട് 5.2 കോടി രൂപ കെട്ടിവെക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. രണ്ടാഴ്ചയ്ക്കുള്ളിൽ നഷ്ടപരിഹാരത്തുക കെട്ടിവെച്ചില്ലെങ്കിൽ സ്വത്ത് കണ്ടുകെട്ടി നഷ്ടപരിഹാരം ഈടാക്കാനും ഹൈക്കോടതി സർക്കാരിനു നിർദേശം നൽകി. മിന്നൽ ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല