
സ്വന്തം ലേഖകൻ: രാഷ്ട്രീയസ്ഥിരത വീണ്ടെടുക്കാൻ ശ്രമിക്കുന്ന കുവൈത്തിൽ മാറ്റത്തിന് വോട്ട് നൽകി ജനങ്ങൾ. പ്രതിപക്ഷത്തിന് മുന്നേറ്റം നൽകുകയും സർക്കാർ അനുകൂല ക്യാമ്പിന് തിരിച്ചടി നൽകുകയും ചെയ്തു എന്ന് നിരീക്ഷിക്കപ്പെടുന്ന വിധിയിൽ, ദേശീയ അസംബ്ലിയിൽ ഇടവേളക്കുശേഷം വീണ്ടും വനിത സാന്നിധ്യവുമുണ്ടായി. ആലീ അൽ ഖാലിദ് രണ്ടാം മണ്ഡലത്തിലും, ജിനാൻ ബുഷെഹ്രി മൂന്നാം മണ്ഡലത്തിലും വിജയിച്ചു.
16 പുതുമുഖങ്ങളാണ് പുതിയ നിയമസഭയിലുള്ളത്. പിരിച്ചുവിട്ട നിയമസഭയിലെ 23 അംഗങ്ങളും മുൻ സഭകളിൽ നിന്ന് 11 മുൻ എം.പിമാരും വിജയിച്ചവരിൽ ഉൾപ്പെടുന്നു. വിജയിച്ചവരിൽ യുവാക്കളുടെയും പ്രഫഷനലുകളുടെയും സാന്നിധ്യം കൂടുതലാണ്. പ്രമുഖ പ്രതിപക്ഷ നേതാവും മൂന്ന് തവണ സ്പീക്കറുമായ അഹ്മദ് അൽ സദൂൻ വിജയിച്ചവരിൽ പ്രധാനിയാണ്. റെക്കോഡ് വോട്ടുകൾ നേടിയാണ് ഇദ്ദേഹത്തിന്റെ വിജയം. 87കാരനായ സദൂൻ അടുത്ത സ്പീക്കറാകുമെന്ന് സൂചനയുണ്ട്. കക്ഷിരാഷ്ട്രീയത്തിന്റെ അടിസഥാനത്തിലല്ല മൽസരമെങ്കിലും അനൗദ്യോഗികമായി പല വിഭാഗങ്ങളും മൽസര രംഗത്തുണ്ടായിരുന്നു.
12 പേരെ വിജയിപ്പിച്ചു ഇസ്ലാമിസ്റ്റ് ആശയക്കാർ മുൻ അസംബ്ലയിലെ അതേ എണ്ണം നിലനിർത്തി. ഇസ്ലാമിക് കോൺസ്റ്റിറ്റ്യൂഷണൽ മൂവ്മെന്റിന്റെ അഞ്ച് സ്ഥാനാർത്ഥികളിൽ മൂന്നു പേർ വിജയികളായി. ഷിയാ ഇസ്ലാമിക സഖ്യത്തിന് ഒരു സീറ്റുണ്ടായിരുന്നത് മൂന്നായി ഉയർന്നു.
മറ്റൊരു ഷിയാ ഗ്രൂപ്പായ ജസ്റ്റിസ് ആൻഡ് പീസ് രണ്ട് സീറ്റുകൾ നേടി. ലിബറൽ ഡെമോക്രാറ്റിക് ഫോറവും, നാഷണലിസ്റ്റ് പോപ്പുലർ ആക്ഷൻ മൂവ്മെന്റും 2012 ൽ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതിന് ശേഷം ഇത്തവണ വീണ്ടും മൽസരിച്ചെങ്കിലും സീറ്റുകൾ നേടാനായില്ല. ഔദ്യോഗികമായി മത്സരിച്ചില്ലെങ്കിലും ഇസ്ലാമിക് സലഫി സഖ്യത്തിന്റെ അനുയായികൾ രണ്ട് സീറ്റുകൾ നേടി.
പുതിയ എം.പിമാർ ഫലത്തെ സ്വാഗതം ചെയ്തു. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും സ്ഥാനാർഥികൾ വിജയം ആഘോഷിച്ചു. ജനങ്ങൾ സ്ഥിരതയും നേട്ടങ്ങളും വികസനവും ആഗ്രഹിക്കുന്നു എന്ന സന്ദേശം നൽകുന്നതാണ് വിധിയെന്ന് വിജയിച്ചവർ ചൂണ്ടിക്കാട്ടി.
1963ലാണ് രാജ്യത്ത് ആദ്യ തെരഞ്ഞെടുപ്പ് നടന്നത്. എന്നാൽ അഭിപ്രായ ഭിന്നതകളെ തുടർന്ന് അടിക്കടി പാർലമെൻറ് പിരിച്ചുവിടുന്നതും തുടർച്ചയായ തെരഞ്ഞെടുപ്പുകൾക്കും നിരവധി തവണ കുവൈത്ത് സാക്ഷിയായി. 2006നും 2022നും ഇടയിൽ, അമീർ അഞ്ച് തവണ പാർലമെന്റ് പിരിച്ചുവിടുകയും ഭരണഘടന കോടതി രണ്ട് അസംബ്ലികൾ റദ്ദാക്കുകയും ചെയ്തു. 2003 മുതൽ രാജ്യത്ത് 10 പൊതുതെരഞ്ഞെടുപ്പുകൾ നടന്നു.
2006 മുതൽ, നിരവധി മന്ത്രിസഭകൾ രൂപവത്കരിക്കപ്പെടുകയും മൂന്ന് പ്രധാനമന്ത്രിമാർ രാജിവെക്കാൻ നിർബന്ധിതരാവുകയും ചെയ്തു. പുതിയ അസംബ്ലിയോടെ ഇതിനൊരു മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിജയിച്ചവരും സർക്കാറും പൊതുജനങ്ങളും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല