സ്വന്തം ലേഖകൻ: ഫിഫ ഖത്തർ ലോകകപ്പിൽ നിന്ന് പ്രതീക്ഷിക്കുന്നത് 1,700 കോടി ഡോളർ വരുമാനമെന്ന് സംഘാടകർ. ഫിഫ ലോകകപ്പ് ഖത്തർ 2022 സിഇഒ നാസർ അൽ ഖാദർ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ലോകകപ്പിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കും നിർമാണങ്ങൾക്കുമായി 800 കോടി ഡോളർ ആണ് ചെലവിട്ടത്.
മുൻ ഫിഫ ലോകകപ്പുകൾക്കും ഏകദേശം ഇത്രയും തുക തന്നെയാണ് ചെലവായതും. ലോകകപ്പിന് മുൻപും ശേഷവും ലോകകപ്പിന്റെ ഗുണഫലങ്ങൾ ഖത്തർ കൈവരിക്കും. ഫിഫ ലോകകപ്പ് കാണാൻ ഖത്തറിലേക്ക് വലിയൊരു ശതമാനം ഫുട്ബോൾ ആരാധകരും എത്തുമെന്നതിനാൽ കാണികളുടെ എണ്ണം റെക്കോർഡിൽ എത്തും. സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി നടത്തിയ പഠനം അനുസരിച്ച് ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നായി 300-400 കോടി ആളുകൾ ഖത്തറിൽ നടക്കുന്ന ലോകകപ്പ് വീക്ഷിക്കും.
12,000 മാധ്യമ പ്രതിനിധികൾ ഉൾപ്പെടെ 10 ലക്ഷത്തിലധികം പേരെയാണ് ഖത്തറിലേക്ക് ലോകകപ്പ് കാണാൻ പ്രതീക്ഷിക്കുന്നത്. നേരത്തെ ഖത്തർ ന്യൂസ് ഏജൻസിയ്ക്ക് നൽകിയ അഭിമുഖത്തിൽ ലോകകപ്പിൽ നിന്ന് 600 കോടി ഡോളറിന്റെ വരുമാനമാണ് ഫിഫ പ്രതീക്ഷിക്കുന്നതെന്ന് നാസർ അൽ ഖാദർ വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല