സ്വന്തം ലേഖകൻ: ചൈനയില്‍നിന്ന് വ്യവസായങ്ങളെ റാഞ്ചാന്‍ പദ്ധതി തയ്യാറാക്കി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി 16 മന്ത്രാലയങ്ങളെ സംയോജിപ്പിച്ച് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം തയ്യാറാക്കാനുള്ള ശ്രമം സര്‍ക്കാര്‍ തുടങ്ങി. 100 ലക്ഷം കോടി രൂപ (1.2 ലക്ഷം കോടി ഡോളര്‍)യുടെ പിഎം ഗതി ശക്തി പദ്ധതിയുടെ ഭാഗമായാണ് നടപടി. രാജ്യത്തെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലെ കാലാതാമസവും അധിക ചെലവും ഒഴിവാക്കി മുന്നേറുകയാണ് ലക്ഷ്യം.
പദ്ധതികളുടെ രൂപകല്പന, അംഗീകാരം ലഭിക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കല്‍, എളുപ്പത്തില്‍ ചെലവ് കണക്കാക്കല്‍ എന്നിവയ്ക്ക് ഒറ്റത്തവണ പരിഹാരം കാണാന്‍ നിക്ഷേപകര്‍ക്കും കമ്പനികള്‍ക്കും സഹായകരമാകുകയാണ് പ്ലാറ്റ്‌ഫോമിന്റെ ഉദ്ദേശം. ഒറ്റത്തവണ തീര്‍പ്പാക്കലാണ് ലക്ഷ്യമിടുന്നത്. ആഗോള കമ്പനികളെ ഇന്ത്യയെ ഉത്പാദന കേന്ദ്രമായി തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കാന്‍ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.
ചൈനയില്‍ ഇപ്പോഴും തുടരുന്ന ലോക്ഡൗണ്‍ പ്രതിസന്ധി നേട്ടമാക്കാനാണ് ഇന്ത്യയുടെ നീക്കം. ചൈനയ്ക്ക് പുറത്ത് നിര്‍മാണകേന്ദ്രം തുറക്കുകയെന്ന കമ്പനികളുടെ ‘ചൈന പ്ലസ്’ നയം ഇന്ത്യയ്ക്ക് നേട്ടമാണ്. വിതരണ മേഖലയിലെയും ബിസിനസിലെയും വൈവിധ്യവത്കരണമാണ് കമ്പനികള്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്ഘടനയായ ഇന്ത്യയില്‍ തൊഴില്‍ ചെലവ് കുറവാണെന്നതും ഇംഗ്ലീഷ് സംസാരിക്കുന്ന തൊഴിലാളികളുടെ ലഭ്യതയുമൊക്കെയാണ് ഇതിനുപിന്നില്‍. അതേസമയം, അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തതയാണ് നിക്ഷേപകരെ ഇപ്പോഴും രാജ്യത്തുനിന്ന് അകറ്റുന്നത്. ഇത് പരിഹരിക്കാനാണ് പിഎം ഗതിശക്തി പദ്ധതി ആസൂത്രണംചെയ്തിട്ടുള്ളത്.
ചരക്കുകളുടെയും നിര്‍മിത ഘടകങ്ങളുടെയും നീക്കം സുഗമമാക്കുന്നതരത്തിലുള്ള വികസനമാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. പ്രത്യേക നിര്‍മാണ മേഖലകള്‍ തിരിച്ചറിഞ്ഞ് റെയില്‍വേ ശൃംഖല, തുറമുഖങ്ങള്‍, വിമാനത്താവളങ്ങള്‍ എന്നിവയുമായി ബന്ധിപ്പിക്കുന്നതിലൂടെയാണിത് സാധ്യമാക്കാന്‍ ഉദ്ദേശിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല