സ്വന്തം ലേഖകൻ: കൊച്ചി മെട്രോയിൽ ഗ്രാഫിറ്റി ചെയ്ത സംഭവത്തിൽ പ്രതികളെ തേടി പോലീസ് ഗുജറാത്തിലേക്ക്. സംഭവത്തിന് പിന്നിൽ ഇറ്റാലിയൻ സംഘമാണെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് കേസിൽ നാല് ഇറ്റലിക്കാർ അഹമ്മാദബാദിൽ അറസ്റ്റിലായിരുന്നു. ഇതോടെ മെട്രൊ സിഐയുടെ നേതൃത്വത്തിലുള്ള സംഘം അഹമ്മദാബാദിലേക്ക് പോകും.
അവിടെ അറസ്റ്റിലായ ഇറ്റാലിയൻ പൗരന്മാരെ ചോദ്യം ചെയ്യും. സിറ്റി ക്രൈം ബ്രാഞ്ചും ഭീകരവിരുദ്ധ സ്ക്വാഡും ചേർന്ന് അഹമ്മദാബാദിൽ അപ്പാരൽ പാർക്ക് സ്റ്റേഷനിൽ മെട്രൊ ട്രെയിനിൽ ഗ്രാഫിറ്റി ചെയ്തതിന് 4 ഇറ്റാലിയൻ പൗരന്മാരെ അറസ്റ്റ് ചെയ്തിരുന്നു.
ലോകത്തിലെ വിവിധ നഗരങ്ങൾ സന്ദർശിച്ച് ട്രെയിനുകളിൽ ഗ്രാഫിറ്റി ചെയ്യുന്ന റെയിൽവേ ഗൂൺസ് എന്ന പേരിലുള്ള ഗ്രൂപ്പാണ് അഹമ്മദാബാദിൽ അറസ്റ്റിലായത്. പ്രധാനമന്ത്രി നരേന്ദ്ര ഒന്നാം ഘട്ട അഹമ്മദാബാദ് മെട്രോ സ്റ്റേഷന്റെ ഉദ്ഘാടനം ചെയ്യുന്നതിന് മണിക്കൂറുകൾ മുമ്പായിരുന്നു ഗ്രാഫിറ്റി. അതിക്രമിച്ച് സ്റ്റേഷനിൽ കടന്ന സംഘം മെട്രൊ റെയിൽ കോച്ചിൽ ‘ടാസ്’ എന്നു സ്പ്രേ പെയിന്റ് ചെയ്തു.
ജാൻലുക, സാഷ, ഡാനിയേൽ, പൗളോ എന്നിവരാണ് അറസ്റ്റിലായത്. നാലുപേരെയും കോത്തവാലയിലെ ഒരു ഫ്ലാറ്റിൽ നിന്നാണു കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ അഹമ്മദാബാദ് പോലീസുമായി കേരള പോലീസ് നടത്തിയിരുന്നു. കൊച്ചി മെട്രോയിൽ കഴിഞ്ഞ മെയ് മാസത്തിലാണ് ഗ്രാഫിറ്റി പ്രത്യക്ഷപ്പെട്ടത്. കൊച്ചി മെട്രോ മുട്ട൦ യാർഡിൽ Burn,Splash എന്നീ വാക്കുകളായിരുന്നു ഗ്രാഫിറ്റി ചെയ്തത്. പകൽ സമയത്തായിരുന്നു സംഭവം.
വലിയ സുരക്ഷയുള്ള മേഖലയിൽ പട്ടാപ്പകൽ അരമണിക്കൂറോളം ചെലവിട്ടാണ് ഇവർ സ്പ്രേ പെയിന്റിംഗ് കൊണ്ട് എഴുതിയതെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. രണ്ടംഗ സംഘമാണ് ഇതിന് പിന്നിലെന്നും പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. കൊച്ചി മെട്രോ കോര്‍പ്പറേഷന്റെ പരാതിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. അതീവ സുരക്ഷാ മേഖലയില്‍ അതിക്രമിച്ചു കയറിയതില്‍ തീവ്രസ്വഭാവമുള്ള സംഘടനകൾക്ക് ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് പോലീസ് പരിശോധിക്കുന്നത്.
സംഭവത്തിൽ കൊച്ചി മെട്രോയും ആഭ്യന്തര അന്വേഷണം തുടങ്ങിയിരുന്നു. ഗുജറാത്തിൽ പിടിയിലായവരെ കൊച്ചി മെട്രൊ പോലീസ് ഉടൻ ഗുജറാത്തിലെത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം. ചോദ്യം ചെയ്യലിന് ശേഷം കേസില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിശ്വാസം. ഒരു പ്രതലത്തില്‍ ചിത്രങ്ങള്‍ വരയ്ക്കുന്നതിനേയും എഴുതുന്നതിനേയുമാണ് ഗ്രാഫിറ്റി എന്ന് പറയുന്നത്. ഗ്രാഫിറ്റികള്‍ സാധാരണ കൂടുതലായും കാണുന്നത് ചുവരുകളിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല