സ്വന്തം ലേഖകൻ: രാജ്യത്തെ ഏറ്റവും വലിയ ലഹരി കടത്ത് കേസിന് പിന്നില്‍ മലയാളി യുവാക്കള്‍ എന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡി ആര്‍ ഐ). പഴം ഇറക്കുതിയുടെ മറവില്‍ രാജ്യത്തേക്ക് കോടിക്കണക്കിന് രൂപയുടെ ലഹരിമരുന്ന് കടത്തിയ കേസില്‍ ഒരു മലയാളിയെ ഡി ആര്‍ ഐ അറസ്റ്റ് ചെയ്തിരിക്കുകയാണ്.
കേസില്‍ ഉള്‍പ്പെട്ട മറ്റൊരു മലയാളിക്കായി ഡി ആര്‍ ഐ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പഴം ഇറക്കുമതിയുടെ മറവില്‍ രാജ്യത്തേക്ക് 1476 കോടി രൂപയുടെ ലഹരി മരുന്നാണ് പ്രതികള്‍ കടത്തിയത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ ലഹരിവേട്ടകളില്‍ ഒന്നാണ് ഇത് എന്നാണ് ഡി ആര്‍ ഐ അധികൃതര്‍ പറയുന്നത്.
മുംബൈ വാശിയിലെ യമ്മിറ്റോ ഇന്റര്‍നാഷണല്‍ ഫുഡ്‌സ് മാനേജിങ് ഡയറക്ടും എറണാകുളം കാലടി സ്വദേശിയുമായ വിജിന്‍ വര്‍ഗീസിനെ ആണ് ഡി ആര്‍ ഐ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസിലെ മറ്റൊരു പ്രതിയായ മോര്‍ ഫ്രഷ് എക്‌സ്‌പോര്‍ട്‌സ് ഉടമ തച്ചാപറമ്പന്‍ മന്‍സൂറിന് വേണ്ടിയുള്ള അന്വേഷണം ഡി ആര്‍ ഐ ആരംഭിച്ചിട്ടുണ്ട്.
ഒമ്പത് കിലോ കൊക്കെയ്‌നും 198 കിലോ മെത്തുമാണ് വിജിന്‍ വര്‍ഗീസും തച്ചാപറമ്പന്‍ മന്‍സൂറും ചേര്‍ന്ന് രാജ്യത്തേക്ക് കടത്തിയത്. ദക്ഷിണാഫ്രിക്കയില്‍നിന്ന് മുംബൈ തുറമുഖം വഴി കപ്പലില്‍ ആണ് ഇവര്‍ ലഹരിക്കടത്ത് നടത്തിയത്. ഓറഞ്ചിന് ഇടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന് വെച്ചിരുന്ന്. ഇവരുടെ സ്ഥാപനത്തിന്റെ വെയര്‍ഹൗസും ശീതീകരണികളും കാലടിയിലാണ് ഉള്ളത്.
നേരത്തെ കോവിഡ് മഹാമാരിക്കാലത്ത് മന്‍സൂര്‍ മുഖേന വിജിന്‍ വര്‍ഗീസ് ദുബായിലേക്ക് മാസ്‌ക് കയറ്റുമതി ചെയ്തിരുന്നു എന്ന് ഡി ആര്‍ ഐ ഉദ്യോഗസ്ഥര്‍ പറയുന്നു. പിന്നീട് മന്‍സൂറിന്റെ സഹായത്തോടെ തന്നെ വിജിന്‍ വര്‍ഗീസ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഓറഞ്ച് ഇറക്കുമതി ചെയ്ത് നല്ല ലാഭം നേടുകയും ചെയ്തു.
ഇതോടെ ആണ് പരസ്പര ധാരണയോടെ വിജിന്‍ വര്‍ഗീസും മന്‍സൂറും ലഹരിക്കടത്തും തുടര്‍ന്നത്. വാട്‌സാപ് വഴിയാണ് ഇവര്‍ ലഹരി മരുന്നിന്റെ ഓര്‍ഡര്‍ നല്‍കിയിരുന്നത്. പരിശോധനയില്‍ നിന്ന് കണ്ണുവെട്ടിക്കാനായി പര്‍ച്ചേസ് ഓര്‍ഡര്‍ ഇല്ലാതെ ആയിരുന്നു ഇവര്‍ ഇടപാട് നടത്തിയിരുന്നത് എന്നാണ് ഡി ആര്‍ ഐ ഉദ്യോഗസ്ഥര്‍ പറയുന്നത്.
ലഹരിക്കടത്തില്‍ ലഭിക്കുന്ന ലാഭത്തിന്റെ 70% വിജിനും 30% മന്‍സൂറുമാണ് പങ്കിട്ട് എടുത്തിരുന്നത് എന്നും ഡി ആര്‍ ഐ ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. മന്‍സൂര്‍ മോര്‍ ഫ്രഷ് എന്ന കമ്പനി ആരംഭിക്കുന്നത് വിജിന്റെ സഹോദരന്‍ ജിബിന്‍ വര്‍ഗീസുമായി ചേര്‍ന്നായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല