സ്വന്തം ലേഖകൻ: യൂറോപ്യന്‍ പാര്‍ലമെന്റ് പാസാക്കിയ പുതിയ നിയമം അനുസരിച്ച് വിപണിയിലെ എല്ലാ പുതിയ സ്മാർട് ഫോണുകൾക്കും ടാബ്ലെറ്റുകൾക്കും ക്യാമറകൾക്കും 2024 അവസാനം മുതൽ ഒരൊറ്റ സ്റ്റാൻഡേർഡ് ചാർജർ ആയിരിക്കുമെന്ന് പ്രഖ്യാപിച്ചു. സ്മാർട് ഫോൺ, ലാപ്ടോപ്, ക്യാമറ നിർമാണ കമ്പനികൾ യൂറോപ്പിലെങ്കിലും എല്ലാ ഉൽപന്നങ്ങൾക്കും ഒരു സാധാരണ ചാർജർ സ്വീകരിക്കേണ്ടി വരും. ലാപ്ടോപ്പുകളുടെ നിർമാതാക്കൾക്ക് ഇത് നടപ്പിലാക്കാൻ 2026 വരെ അധിക സമയം നൽകിയിട്ടുണ്ട്.
ഈ വര്‍ഷം പുറത്തിറക്കിയ ഐഫോണ്‍ 14 സീരീസില്‍ പോലും വേഗം കുറവുള്ള ലൈറ്റ്നിങ് കണക്ടറാണ് ആപ്പിള്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതോടെ ഇനി യൂറോപ്പില്‍ വില്‍ക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കെല്ലാം യുഎസ്ബി-സി മതി എന്ന തീരുമാനം യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ വോട്ടിനിട്ട് പാസാക്കിയതോടെ ആപ്പിളിന് യൂറോപ്പില്‍ 2024 മുതല്‍ ഐഫോണും മറ്റും വില്ക്കണമെങ്കില് യുഎസ്ബി-സി പോര്‍ട്ട് വേണ്ടിവന്നേക്കും.
യൂറോപ്യന്‍ പാര്‍ലമെന്റ് വൻ ഭൂരിപക്ഷത്തിലാണ് ഇതു സംബന്ധിച്ച നിയമം പാസാക്കിയത്. 602 പേർ അനുകൂലിച്ചപ്പോൾ 13 പേരാണ് എതിര്‍ത്ത് വോട്ടു ചെയ്തത്. യൂണിയനിലുള്ള 27 രാജ്യങ്ങളില്‍ പുതിയ നിയമം ബാധകമായിരിക്കും. അടുത്ത വർഷം ആദ്യംതന്നെ നിയമം പ്രാബല്യത്തില്‍ വന്നേക്കും. ഇന്ത്യയും ഇത്തരം ഒരു നിയമം കൊണ്ടുവരാന്‍ ഒരുങ്ങുകയാണ് എന്നാണ് സൂചന.
ഓരോ കമ്പനിയും വിവിധ തരം ഡേറ്റാ കേബിളും ചാര്‍ജറും ഇറക്കുന്നതു വഴി കുന്നുകണക്കിന് ഇ വെയ്സ്റ്റ് ആണ് ഉണ്ടാകുന്നതെന്നും എല്ലാ ഉപകരണങ്ങള്‍ക്കും ഒരു കണക്ടര് മതിയെന്നുമാണ് ഇയുവിന്റെ നിയമ നിര്‍മാതാക്കള്‍ പറയുന്നത്. മിക്ക ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മാതാക്കളും നേരത്തേ തന്നെ യുഎസ്ബി-സിയിലേക്ക് മാറിയിരുന്നു.
ആപ്പിളിന്റെ ചില ഐപാഡുകളും എല്ലാ മാക്ബുക്കുകളും യുഎസ്ബി-സിയിലേക്ക് മാറി. ഐഫോണിലും താഴത്തെ നിരയിലുള്ള ഐപാഡുകളിലുമാണ് ആപ്പിള്‍ യുഎസ്ബി-സി നല്‍കാത്തത്. ആപ്പിളിന്റെ ഈ വര്‍ഷത്തെ ഐഫോണ്‍ 14 പ്രോ സീരീസില്‍ റെക്കോർഡ് ചെയ്യുന്ന, വലിയ സൈസിലുള്ള 4കെ പ്രോറെസ് വിഡിയോ കംപ്യൂട്ടറിലേക്കും മറ്റും ലൈറ്റ്നിങ് കണക്ടര് വഴി ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ധാരാളം സമയം വേണ്ടി വരുന്നതായി ചില ഉപയോക്താക്കള്‍ പരാതിപ്പെട്ടിരുന്നു.
ആപ്പിൾ ഏറ്റവും പുതിയ ഐഫോണുകൾക്കായി വയർലെസ് ചാർജിങ് സംവിധാനവും നൽകുന്നുണ്ട്. ഭാവി ഐഫോൺ മോഡലുകളിൽ കേബിളുകൾക്കുള്ള പോർട്ടുകൾ പൂർണമായും ഒഴിവാക്കിയേക്കുമെന്ന് ഊഹാപോഹമുണ്ട്. എന്നാൽ നിലവിൽ വയർലെസ് ചാർജിങ് ഓപ്ഷൻ യുഎസ്ബി-സിയെക്കാൾ കുറഞ്ഞ പവറും ഡേറ്റാ ട്രാൻസ്ഫർ വേഗവും നല്‍കുന്നുണ്ട്.
ഒറ്റ ചാർജർ നിയമം ജനങ്ങളുടെ ജീവിതം ലളിതമാക്കുമെന്നും ഉപേക്ഷിക്കപ്പെട്ട ചാർജറുകളുടെ എണ്ണം കുറയ്ക്കുമെന്നും ഉപഭോക്താക്കൾക്കുള്ള ചെലവ് കുറയ്ക്കുമെന്നും യൂറോപ്യൻ യൂണിയൻ നയനിർമാതാക്കൾ പറഞ്ഞു. പ്രതിവർഷം കുറഞ്ഞത് 200 ദശലക്ഷം യൂറോ (195 ദശലക്ഷം ഡോളർ) ലാഭിക്കുമെന്നും ഓരോ വർഷവും ആയിരം ടണ്ണിലധികം ഇലക്ട്രോണിക് മാലിന്യങ്ങൾ കുറയ്ക്കുമെന്നും മാർഗ്രെത്ത് വെസ്റ്റേജർ പറഞ്ഞു. യൂറോപ്യൻ യൂണിയനു കീഴിലുള്ള 27 രാജ്യങ്ങളിൽ ലോകത്തിലെ ഏറ്റവും സമ്പന്നരായ ഉപഭോക്താക്കളിൽ 45 കോടി ജനങ്ങൾ താമസിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല