അമേരിക്കയില്‍ രൂക്ഷമായി തുടരുന്ന ഹിമക്കാറ്റില്‍ മരണം 19 ആയി. ന്യൂ ജേഴ്സി ഗവര്‍ണര്‍ ക്രിസ് ക്രിസ്റ്റിയുടേതുള്പ്പെടെ മൂന്ന് ലക്ഷം വീടുകള്‍ വൈദ്യുതി മുടങ്ങിയതുമൂലം ഇരുട്ടിലാണ്. കാറ്റിന്റെ വഴിയിലുള്ള സ്കൂളുകളെല്ലാം അടച്ചു. കാറ്റില്‍ മരംവീണും വൈദ്യുതാഘാതമേറ്റും റോഡപകടങ്ങളില്‍ പെട്ടുമാണ് മരണങ്ങള് സംഭവിച്ചത്. കാനഡയിലും ഒരാള്‍ മരിച്ചു. ന്യൂ ജേഴ്സി, കണക്ടിക്കട്ട്, മസാച്യുസെറ്റ്സ് എന്നിവിടങ്ങളിലും ന്യുയോര്‍ക്കിന്റെ ചിലഭാഗങ്ങളിലും അടിയന്തരാവസ്ഥ തുടരുകയാണ്.
വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കണമെങ്കില്‍ ഒരാഴ്ചയെങ്കിലുമെടുക്കുമെന്ന് ചിലസംസ്ഥാനങ്ങള്‍ അറിയിച്ചിട്ടുണ്ട്. വ്യോമഗതാഗതം ഉള്‍പ്പെടെ ഗതാഗത സംവിധാനങ്ങളെല്ലാം തകരാറിലാണ്. തെരുവുകളില്‍ 30 ഇഞ്ച് കനത്തിലാണ് മഞ്ഞ് വീണുകിടക്കുന്നത്. പലയിടത്തും പെട്രോളും പാചകവാതകവും കിട്ടാനില്ല. മഞ്ഞുകാറ്റിനെ അവഗണിച്ചും ന്യൂയോര്‍ക്കിലെ സുക്കോട്ടി പാര്‍ക്കില്‍ വാള് സ്ട്രീറ്റ് പിടിച്ചടക്കല്‍ പ്രക്ഷോഭകാരികള്‍ സമരം തുടരുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല