
സ്വന്തം ലേഖകൻ: സൗദിയിൽനിന്ന് കൊണ്ടുവരുന്നതിനിടെ മൃതദേഹങ്ങൾ തമ്മിൽ മാറിയതിനെ തുടർന്ന് വാരാണസിയിൽ എത്തിച്ച വള്ളികുന്നം സ്വദേശി ഷാജി രാജന്റെ മൃതദേഹം നാട്ടിലെത്തിച്ച് ഇന്ന് സംസ്കരിക്കും. ആദ്യമെത്തിച്ച മൃതദേഹം സംസ്കരിച്ചതിന്റെ സഞ്ചയനം നടത്താനിരുന്ന ദിവസത്തിലാണ് യഥാർഥ മൃതദേഹം കൊണ്ടുവരുന്നത്. സൗദിയിൽ നിന്ന് മൃതദേഹം നാട്ടിൽ എത്തിച്ചപ്പോൾ വാരാണസിയിൽ നിന്ന് 14 കിലോമീറ്റർ അകലെ ദീൻ ദയാൽ ഉപാധ്യായ നഗർ സ്വദേശി ജാവിദിന്റെ മൃതദേഹമായിരുന്നു വള്ളികുന്നത്ത് ഷാജി രാജന്റേതായി തെറ്റിദ്ധരിക്കപ്പെട്ട് എത്തിയതും സംസ്കരിച്ചതും.
വാരാണസിയിൽ സംസ്കരിക്കുന്നതിനു മുൻപായി ജാവിദിന്റെ ബന്ധുക്കൾ പരിശോധിച്ചപ്പോഴാണ് മൃതദേഹം മാറിയതറിഞ്ഞത്. തുടർന്നു നടത്തിയ അന്വേഷണത്തിൽ ജാവിദിന്റെ മൃതദേഹം കൊണ്ടുവന്ന വിമാനത്തിൽ മറ്റൊരു മൃതദേഹവും ഉണ്ടായിരുന്നെന്നു കണ്ടെത്തുകയായിരുന്നു. വാരാണസിയിൽ നിന്ന് റോഡ് മാർഗമാണ് മൃതദേഹം നാട്ടിലെത്തിച്ചത്. ജാവിദിന്റെ ബന്ധുക്കളും മൃതദേഹത്തെ അനുഗമിച്ചു. ഷാജിയുടേതായി വള്ളികുന്നം കാരാഴ്മയിൽ സംസ്കരിച്ച മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ വാരാണസിയിലേക്കു കൊണ്ടുപോയി മതാചാരപ്രകാരം അടക്കം ചെയ്യാൻ ജാവിദിന്റെ കുടുംബം ശ്രമിക്കുന്നുണ്ട്.
5 ദിവസം മുൻപാണ് ജാവിദ് മരിച്ചത്. സൗദിയിൽ നിന്ന് മൃതദേഹങ്ങൾ നാട്ടിൽ എത്തിച്ചു നൽകാൻ കരാറെടുത്തവരിൽ നിന്നുണ്ടായ അശ്രദ്ധ കാരണമാണ് മൃതദേഹങ്ങൾ മാറിപ്പോയതെന്നാണ് എംബസിയിൽ നിന്ന് അറിഞ്ഞത്. മൃതദേഹങ്ങൾ മാറ്റി നൽകിയതിന് ജാവിദിന്റെ വീട്ടുകാർ എംബസി വഴി പരാതി നൽകി. നഷ്ടപരിഹാരം നൽകണമെന്നാണ് ഇവരുടെ ആവശ്യം. ഷാജിയുടെ കുടുംബവും നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നാണ് സൂചന. ഇരുവരുടെയും കുടുംബങ്ങൾ സാമ്പത്തികമായി പിന്നിലാണ്. ജൂലൈ 18ന് ഹൃദയാഘാതം കാരണമാണ് ഷാജി മരിച്ചത്.
ഷാജിയുടെ മൃതദേഹത്തിന് രണ്ടര മാസത്തോളം പഴക്കമുണ്ട് .അതിനാൽ തുറക്കരുതെന്നും വേഗം സംസ്കരിക്കണമെന്നും തിരുവനന്തപുരം വിമാനത്താവളത്തിൽ മൃതദേഹം എത്തിച്ചവർ പറഞ്ഞിരുന്നതായി ഷാജിയുടെ ബന്ധുക്കൾ പറഞ്ഞു. 30നു രാവിലെയാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ഷാജിയുടെ ബന്ധു രതീഷ് മൃതദേഹം ഏറ്റുവാങ്ങിയത്. വീട്ടിലെത്തിച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ സംസ്കരിച്ചു. അടുത്ത ദിവസം രാവിലെ മാത്രമാണ് മൃതദേഹം മാറിപ്പോയെന്ന് വീട്ടുകാരെ അറിയിച്ചത്.
ഷാജി ഹൃദയാഘാതം കാരണം മരിച്ചത് ജൂലൈ 18നാണ്. മരണവിവരം പുറത്തറിയുന്നത് 22ന്. എന്നാൽ സെപ്റ്റംബർ 30നു മാത്രമാണ് മൃതദേഹം നാട്ടിലെത്തിക്കാൻ കഴിഞ്ഞത്. 2019ൽ നാട്ടിലേക്കു മടങ്ങാൻ ഷാജി എക്സിറ്റ് വീസ എടുത്തതാണ് മൃതദേഹം നാട്ടിലെത്തിക്കാൻ തടസ്സമായത്. പാസ്പോർട്ട് കാണാത്തതിനെത്തുടർന്നു നടത്തിയ തിരച്ചിലിലാണ് ഇക്കാര്യം അറിഞ്ഞത്.
തുടർന്ന് എംബസിയും കൊടിക്കുന്നിൽ സുരേഷ് എംപിയും ഇടപെട്ടു നടത്തിയ ശ്രമങ്ങൾക്കൊടുവിലാണ് ഷാജിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ കഴിഞ്ഞത്. രണ്ടര മാസം കാത്തിരുന്നിട്ടും അവസാനമായി ഷാജിയെ കാണാൻ ബന്ധുക്കൾക്കു കഴിഞ്ഞില്ല. എംബാം ചെയ്തതിനാലും പഴക്കമുള്ളതിനാലും മൃതദേഹം പുറത്തെടുത്തിരുന്നില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല