
സ്വന്തം ലേഖകൻ: ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് തന്നെ പ്രധാനമന്ത്രിയായി കുവൈത്തിൽ പുതിയ മന്ത്രിസഭ പ്രഖ്യാപിച്ചു. കുവൈത്ത് അമീറിന്റെ പുത്രനാണ്. ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ ജൂലൈയിൽ പിരിച്ചുവിട്ടതിനു ശേഷമാണു സെപ്റ്റംബർ 29നു പുതിയ തിരഞ്ഞെടുപ്പ് നടന്നത്. 5 മണ്ഡലങ്ങളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട 50 എംപിമാരിൽ ഒരാളെയെങ്കിലും മന്ത്രിയാക്കണമെന്നാണു നിയമം. ശേഷിക്കുന്നവരെ അമീർ നാമനിർദേശം ചെയ്യും.
പുതിയ മന്ത്രിസഭയിൽ രണ്ടു വനിതകളും ഇടം പിടിച്ചു. ഡോ. റന അൽ ഫാരിസ്, അഡ്വൈസർ ഹുദാ അബ്ദുൽമോശൻ അൽ ഷാജി എന്നിവരാണ് വനിത മുഖങ്ങൾ. മുനിസിപ്പൽകാര്യ സഹമന്ത്രി, വാർത്തവിനിമയം, ഐ.ടി എന്നിവയുടെ ചുമതലയാണ് ഡോ. റന അൽ ഫാരിസ് വഹിക്കുക. അഡ്വൈസർ ഹുദാ അബ്ദുൽമോശൻ അൽ ഷാജി സാമൂഹ്യ നീതി, സാമൂഹിക വികസനം, വനിത-ശിശുക്ഷേമകാര്യ സഹമന്ത്രിയായി പ്രവർത്തിക്കും. ദേശീയ അസംബ്ലിയിലേക്കും ഇത്തവണ രണ്ടു വനിതകൾ വിജയിച്ചിരുന്നു. രണ്ടാം മണ്ഡലത്തിൽ നിന്ന് ആലീ ഫൈസൽ അൽ ഖാലിദ്, മൂന്നാം മണ്ഡലത്തിൽനിന്ന് ജിനാൻ ബുഷെഹ്‍രി എന്നിവരാണ് ദേശീയ അസംബ്ലിയിലെത്തിയത്.
സെപ്റ്റംബർ 29ലെ ദേശീയ അസംബ്ലി തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനത്തിനും പിറകെ രാജ്യത്ത് നടന്നത് അതിവേഗത്തിലുള്ള നീക്കങ്ങൾ. സർക്കാർ രാജിവെക്കൽ അടക്കമുള്ള ഭരണഘടന പ്രകാരമുള്ള നടപടികളിലേക്ക് മന്ത്രിസഭ ഉടനെത്തന്നെ കടന്നു. ഒക്ടോബർ ഒന്നിന് പ്രത്യേക മന്ത്രിസഭ യോഗം ചേരുകയും രാജിവെക്കാൻ തീരുമാനിക്കുകയും ചെയ്തു. 17ാം ദേശീയ അസംബ്ലിയുടെ ആദ്യ സെഷൻ 11ന് ചേരാനും മന്ത്രിസഭ തീരുമാനത്തിലെത്തി. ഒക്ടോബർ രണ്ടിന് അമീർ രാജി അംഗീകരിച്ചു.
പിറകെ കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് മൂന്ന് മുൻ പ്രധാനമന്ത്രിമാരുമായും സ്പീക്കർമാരുമായി ചർച്ച നടത്തി. ഇവയുടെ വിശദാംശങ്ങൾ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന് മുമ്പാകെ കിരീടാവകാശി അവതരിപ്പിച്ചു. ഒക്ടോബർ അഞ്ചിന് ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിനെ പ്രധാനമന്ത്രിയായി പുനർ നിയമിച്ച് ഉത്തരവിറങ്ങി. മന്ത്രിമാരെ തിരഞ്ഞെടുക്കാനുള്ള ചുമതലയും അദ്ദേഹത്തിന് നൽകി. വൈകാതെ മന്ത്രിമാരുടെ പട്ടിക പ്രധാനമന്ത്രി കിരീടാവകാശിക്ക് കൈമാറി. അഞ്ചിന് രാത്രിയോടെ മന്ത്രിമാരുടെ പട്ടിക അമീർ അംഗീകരിച്ച് ഉത്തരവിറങ്ങി.
മന്ത്രിസഭ
തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹ് (ആഭ്യന്തര മന്ത്രി, ഒന്നാം ഉപപ്രധാനമന്ത്രി), മുഹമ്മദ് അബ്ദുൽ ലത്തീഫ് അൽ ഫാരിസ് (ഉപപ്രധാനമന്ത്രി, കാബിനറ്റ് കാര്യ സഹമന്ത്രി), അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ സബാഹ് (വിദേശകാര്യ മന്ത്രി), ഡോ. റാണാ അബ്ദുല്ല അൽ ഫാരിസ് (മുനിസിപ്പൽ കാര്യ, കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രി), അബ്ദുൽറഹ്മാൻ ബദാഹ് അൽ മുതൈരി (വിവര, സാംസ്കാരിക മന്ത്രി, യുവജനകാര്യ സഹമന്ത്രി), ഡോ. അഹമ്മദ് അബ്ദുൽ വഹാബ് അൽ അവാദി (ആരോഗ്യമന്ത്രി), ഹുസൈൻ ഇസ്മായിൽ മുഹമ്മദ് ഇസ്മായിൽ (എണ്ണ മന്ത്രി), ഡോ. ഖലീഫ താമർ അൽ ഹമീദ (ദേശീയ അസംബ്ലി കാര്യ, ഭവനകാര്യ, നഗര വികസന സഹമന്ത്രി), അബ്ദുല്ല അലി അബ്ദുല്ല അൽ സലേം അൽ സബാഹ് (പ്രതിരോധ മന്ത്രി), അമ്മാർ മുഹമ്മദ് അൽ അജ്മി (പൊതുമരാമത്ത്, വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രി), ഡോ. മുത്തണ്ണ താലിബ് സയ്യിദ് അബ്ദുൽറഹ്മാൻ അൽ റിഫായ് (വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ ശാസ്ത്ര ഗവേഷണ മന്ത്രി), ഡോ. മുഹമ്മദ് അബ്ദുൽ റഹ്മാൻ ബുസ്‌ബർ (നീതിന്യായ, എൻഡോവ്‌മെന്റ്, ഇസ്‌ലാമിക് അഫയേഴ്‌സ് മന്ത്രി, ഇന്റഗ്രിറ്റി പ്രമോഷൻ അഫയേഴ്‌സ് സഹമന്ത്രി), ഹുദ അബ്ദുൽ മുഹ്‌സിൻ അൽ ഷൈജി (സാമൂഹികകാര്യ വികസന മന്ത്രി, വനിതാ ശിശുകാര്യ സഹമന്ത്രി) എന്നിവരാണ് മറ്റു മന്ത്രിസഭാംഗങ്ങൾ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല