സ്വന്തം ലേഖകൻ: മാച്ച് ടിക്കറ്റില്ലാത്ത ആരാധകരെ ലോകകപ്പിന് കൊണ്ടുവരാനുള്ള ഹയ്യാ കാർഡിലെ ‘വൺ പ്ലസ് ത്രീ’ അവസരം വിദേശ കാണികൾക്ക് മാത്രമായിരിക്കുമെന്ന് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു. താമസക്കാരും സ്വദേശികളും ഉൾപ്പെടെ ഖത്തർ ഐ.ഡിയുള്ളവർക്ക് ഹയ്യാ കാർഡിൽ അതിഥികളെ ഉൾപ്പെടുത്താൻ കഴിയില്ല.
ടിക്കറ്റ് സ്വന്തമാക്കിയ വിദേശ കാണികൾക്ക് മാച്ച് ടിക്കറ്റില്ലാത്ത സുഹൃത്തുക്കളും ബന്ധുക്കളുമായ മൂന്നുപേരെ കൂടി ഖത്തറിലേക്ക് ഒപ്പം കൂട്ടാൻ അനുവദിക്കുന്ന ‘ഹയ്യാ വിത് മി’ (1+3) സൗകര്യം ലഭ്യമായിത്തുടങ്ങിയതായി സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി അറിയിച്ചു. ഇതു സംബന്ധിച്ച് മാർഗ നിർദേശങ്ങളും അധികൃതർ വ്യക്തമാക്കി.
ഖത്തർ ഐ.ഡിയില്ലാത്ത ടിക്കറ്റ് ഉടമകൾക്ക് ഹയ്യാ വൺ പ്ലസ് ത്രീ സൗകര്യം ഉപയോഗപ്പെടുത്താം.എന്നാൽ, 18നു മുകളിൽ പ്രായമുള്ളവരായിരിക്കണം. അതേസമയം, എല്ലാ പ്രായക്കാരെയും അതിഥികളായി ഉൾപ്പെടുത്താവുന്നതാണ്. പാസ്പോർട്ട് ഉപയോഗിച്ച് ഹയ്യാ ആപ്ലിക്കേഷൻ അല്ലെങ്കിൽ വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.
ടൂർണമെൻറ് കാലയളവിലെ താമസവും ഉറപ്പാക്കണം. 12നുമുകളിൽ പ്രായമുള്ളവർക്ക് 500 റിയാൽ വീതം അടക്കണം. ഈ തുക തിരിച്ചു നൽകുന്നതല്ല. ‘മൈ ഹയ്യ’ ഒാപ്ഷൻ തെരഞ്ഞെടുത്ത് ‘ആക്ഷനിൽ’ ‘ഹയ്യാ വിത് മി’ വഴിയാണ് വൺ പ്ലസ് ത്രീ തിരഞ്ഞെടുക്കേണ്ടത്.മൂന്ന് വൗച്ചർ കോഡ് വഴി ടിക്കറ്റില്ലാത്ത ആരാധകരെ ഹയ്യായിൽ കൂട്ടിച്ചേർക്കാവുന്നതാണ്.’ഹയ്യാ വിത് മി’ അപേക്ഷകൻ ഹയ്യാ കാർഡിനായി അപേക്ഷിക്കണം. ആപ്ലിക്കേഷൻ കാറ്റഗറിയിൽ ‘ഹയ്യാ വിത് മി വൗച്ചർ’ ആണ് തിരഞ്ഞെടുക്കേണ്ടത്.വൗച്ചർ കോഡ് നൽകിയ ശേഷം, ഇത് സാധൂകരിക്കേണ്ടതാണ്.
ഹയ്യാ കാർഡ് അനുമതി ലഭിക്കുന്ന വിദേശകാണികൾക്ക് രാജ്യത്തേക്കുള്ള പ്രവേശന പെർമിറ്റ് ഇ-മെയിൽ വഴി ലഭ്യമാവും. സ്റ്റേഡിത്തിലേക്കുള്ള പ്രവേശനം, പൊതുഗതാഗത സംവിധാനങ്ങളിലെ സൗജന്യയാത്ര എന്നിവ ഹയ്യാ കാർഡ് മുഖേന ലഭ്യമാവും. അതേസമയം, ‘ഹയ്യാ വിത് മി’ കാണികൾക്ക് മാച്ച് ടിക്കറ്റില്ലാതെ സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിക്കില്ല.മാച്ച് ടിക്കറ്റ് ലിങ്ക് ചെയ്യിക്കുന്ന മൊബൈൽ ടിക്കറ്റിങ് ആപ്ലിക്കേഷൻ ഈ മാസം പുറത്തിറങ്ങും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല