സ്വന്തം ലേഖകൻ: “നാട്ടില്‍ വന്നപ്പോള്‍ മിഠായി കഴിച്ച് കടലാസ് ഇടാന്‍ വേസ്റ്റ് ബിന്‍ നോക്കിയിട്ട് എങ്ങും കണ്ടില്ല. ഇനി വരുമ്പോള്‍ ഇതിനു മാറ്റമുണ്ടാകുമോ?” എന്ന രണ്ടാം ക്ലാസുകാരി സാറയുടെ ചോദ്യത്തിനുള്ള മുഖ്യമന്ത്രിയുടെ മറുപടിക്കു നിറഞ്ഞ കയ്യടി. ”സാറ ആഗ്രഹിക്കുന്ന രൂപത്തിലേക്കു കേരളത്തെ മാറ്റാന്‍ ശ്രമിക്കും,” എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്.
നോര്‍വേയിലെ മലയാളി അസോസിയേഷനായ ‘നന്മ’യുടെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയോടുള്ള കുഞ്ഞു സാറയുടെ ചോദ്യം. രണ്ട് അക്കാദമീഷ്യന്മാര് പണ്ട് സിംഗപ്പൂരില്‍ പോയപ്പോഴുണ്ടായ അനുഭവം പങ്കുവച്ചത് ഓര്‍മിച്ചാണ് മുഖ്യമന്ത്രി സാറയുടെ ചോദ്യത്തിനു മറുപടി നല്‍കിയത്. ”അവിടെ ബസില്‍ നിന്നിറങ്ങിയ അവര്‍ ടിക്കറ്റ് റോഡിലിടുന്നത് കണ്ട സ്കൂള്‍ കുട്ടികള്‍ അമ്പരന്നു പോയി. ഇതുകണ്ട് തെറ്റ് മനസിലാക്കിയ അവര്‍ റോഡില്‍നിന്നും ടിക്കറ്റെടുത്ത് വേസ്റ്റ് ബിന്നിലിട്ടു,” മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തില്‍ ഈ അവബോധം വേണ്ടത്ര വന്നിട്ടില്ലെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മാലിന്യസംസ്കരണം പ്രധാന പ്രശ്നമായി സര്‍ക്കാര്‍ കാണുന്നു. പ്രശ്നം പരിഹരിക്കുന്നതിനായി ശ്രമിക്കുകയാണെന്നന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ നടത്തിയ ഇടപെടലിനെത്തുടര്‍ന്നു പൊതുവിദ്യാഭ്യാസത്തിലേക്കു ലക്ഷക്കണക്കിന് കുട്ടികള്‍ മടങ്ങിയതും മുഖ്യമന്ത്രി എടുത്തുപറഞ്ഞു.
നോര്‍വേയില്‍ പൊതു വിദ്യാഭ്യാസം മാത്രമാണുള്ളതെന്നു പറഞ്ഞ മലയാളികള്‍ നാട്ടിലെ വിദ്യാഭ്യാസത്തിന്റെ മികവാണു തങ്ങള്‍ക്കെല്ലാം ഇവിടെ ഉന്നത ജോലി ലഭിക്കുന്നതിനു സഹായകരമായതെന്ന് പറഞ്ഞു.
മൂന്നു മണിക്കൂറിലധികം മലയാളി സമൂഹവുമായി ആശയവിനിമയം നടത്തിയ ശേഷമാണു മുഖ്യമന്ത്രിയും സംഘവും മടങ്ങിയത്. ചരിത്രത്തിലാദ്യമായാണ് കേരള മുഖ്യമന്ത്രി നോര്‍വേയിലെത്തി മലയാളികളുമായി സംവദിക്കുന്നത്. മലയാളം മിഷൻ നോർവേ ചാപ്റ്റർ അധ്യാപിക സീമ സ്റ്റാലിന്റെ പുസ്തകം ‘എന്ന് സ്വന്തം സാറാമ്മ’ വ്യവസായ മന്ത്രി പി രാജീവിനു നൽകി മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല