സ്വന്തം ലേഖകൻ: പ്രവാസികള്‍ക്ക് തിരിച്ചടിയായി കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പാക്കാന്‍ സൗദി അറേബ്യ. രാജ്യത്തെ കൂടുതല്‍ മേഖലകളില്‍ കൂടി സ്വദേശിവത്കരണം നടപ്പാക്കും. ഈ മേഖലകളില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ ജോലി നഷ്ടപ്പെടും. ഡിസംബര്‍ 17 മുതല്‍ കൂടുതല്‍ മേഖലകളില്‍ കൂടി സ്വദേശിവത്കരണം നടപ്പാക്കുമെന്ന് മനുഷ്യ വിഭവശേഷി സാമൂഹിക മന്ത്രാലയം അറിയിച്ചു. വിവിധ ഘട്ടങ്ങളിലായാണ് വിദേശികള്‍ക്ക് പകരം സൗദി പൗരന്മാര്ക്ക് ജോലി സംവരണം നടപ്പാക്കുക.
സൗദി വത്കരണം സംബന്ധമായി വകുപ്പ്മന്ത്രി എന്‍ജിനീയര്‍ അഹമ്മദ് അല്‍ റാജ്ഹി നേരത്തെ അറിയിച്ചിരുന്നു. ഉപഭോക്തൃ സേവനങ്ങള്‍ സ്വദേശിവത്കരണ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം പിന്തുണ പ്രവര്‍ത്തനമായി നല്കുന്ന സ്ഥാപനങ്ങളിലെ ഉപഭോക്തൃ സേവന തൊഴിലുകളില്‍ ഉപഭോക്താക്കളെ സേവിക്കുന്ന ചുമതലയുള്ള മേഖലയില്‍ സ്വദേശിവത്കരണം നടപ്പാക്കും. നേതൃത്വം, നിരീക്ഷണം എന്നീ മേഖലകളിലും സൗദിവത്കരണം നടപ്പാക്കും.
മെയില്‍, പാഴ്സല്‍ ഗതാഗത സേവനങ്ങളിലും സൗദിവത്കരണം നടപ്പാക്കും. കണ്ണ് രോഗവുമായി ബന്ധപ്പെട്ട മേഖലകളില്‍ 2023 മുതലായിരിക്കും സ്വദേശിവത്കരണം നടപ്പാക്കുക. അതേസമയം, സൗദിയില്‍ വിനോദ കേന്ദ്രങ്ങളില്‍ സ്വദേശിവത്കരണം കര്‍ശനമായി നടപ്പാക്കിത്തുടങ്ങി. സൗദി പൗരന്മാര്ക്ക് മാത്രമായി പരിമിതപ്പെടുത്തിയ തൊഴിലുകളില്‍ മറ്റ് രാജ്യക്കാരെ നിയമിക്കുന്നതിനെതിരെ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സൗദിയില്‍ വിനോദ കേന്ദ്രങ്ങളിലെ 70 ശതമാനം ജോലികളാണ് സ്വദേശികള്‍ക്കായി പരിമിതപ്പെടുത്തിയിരിക്കുന്നത്.
മാളുകള്‍ക്കുള്ളിലെ വിനോദ കേന്ദ്രങ്ങളിലെ 100 ശതമാനം ജോലികളും സ്വദേശികള്‍ക്കായി മാറ്റിവച്ചിരിക്കുകയാണ്. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വദേശികള്‍ക്കായി മാറ്റിവച്ച ജോലികളില്‍ മറ്റുള്ളവരെ നിയമിച്ചാലും സ്വദേശിവത്കരണ ശതമാനം പാലിച്ചില്ലെങ്കിലും കര്‍ശനമായ നടപടി ഉണ്ടാകുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല