
സ്വന്തം ലേഖകൻ: റോഡുകളിലെ രൂക്ഷമായ ഗതാഗതത്തിരക്ക് പരിഹരിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികളെകുറിച്ച് അധികൃതർ വിലയിരുത്തിവരുന്നു. ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് വിവിധ നിർദേശങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവക്കൊപ്പം മറ്റു സാഹചര്യങ്ങളും പരിഗണിച്ചായിരിക്കും തീരുമാനം. സ്ഥാപനങ്ങളുടെ പ്രവൃത്തിസമയം മാറ്റുന്നതടക്കമുള്ള നിർദേശങ്ങൾ സിവിൽ സർവിസ് കമീഷന് മുമ്പാകെ എത്തിയിട്ടുണ്ട്. ഇവ പഠിച്ചുകൊണ്ടിരിക്കുകയും മീറ്റിങ്ങുകൾ നടന്നുവരുകയുമാണ്.
അതേസമയം, ഈ വിഷയവുമായി ബന്ധപ്പെട്ട് മികച്ച നിർദേശങ്ങൾ സമർപ്പിക്കുന്നതിന് സിവിൽ സർവിസ് കമീഷൻ സമയപരിധി നൽകിയിട്ടുണ്ടെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. സർക്കാർ ഏജൻസികളിൽ ഫ്ലെക്സിബിൾ ജോലി സംവിധാനം എങ്ങനെ നടപ്പാക്കാമെന്ന് നേരത്തെ പഠനം നടത്തിയിരുന്നു. സിവിൽ സർവിസ് കമീഷൻ മുൻ മേധാവി മറിയം അൽ അഖീൽ അത് മന്ത്രിസഭക്ക് സമർപ്പിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.
പൊതുവെ തിരക്കേറിയ കുവൈത്തിലെ പ്രധാന റോഡുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നതോടെ വാഹനങ്ങളുടെ എണ്ണം കൂടിയിട്ടുണ്ട്. രാവിലെയും ഉച്ചക്കുശേഷവും തിരക്ക് വർധിച്ചു. എല്ലാ സ്കൂളുകളും ഒരേസമയം അവസാനിക്കുന്നതും സ്കൂൾ ബസുകളും മറ്റു വാഹനങ്ങളും നിരത്തിലിറങ്ങുന്നതുമാണ് പ്രധാന കാരണം.
വിദ്യാർഥികളുടെ സുരക്ഷയുടെ ഭാഗമായി സ്കൂൾ പരിസരത്തെ ട്രാഫിക് നിയന്ത്രിക്കാൻ പ്രത്യേക ടീമിനെ നിയോഗിക്കാൻ ആഭ്യന്തരമന്ത്രാലയം നിർദേശം നല്‍കിയിട്ടുണ്ട്. വിദ്യാർഥികളുടെ സുരക്ഷക്ക് പ്രത്യേക ശ്രദ്ധചെലുത്തണമെന്നും സ്കൂൾ സമയങ്ങളില്‍ വാഹനമോടിക്കുന്നവർ ജാഗ്രതപാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.
ഗതാഗതക്കുരുക്ക് കുറക്കുന്നതിന്റെ ഭാഗമായി പൊതുനിരത്തുകളിൽ ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ഞായറാഴ്ച മുതൽ പ്രാവർത്തികമാകും. ഞായര്‍ മുതൽ വ്യാഴം വരെ രാവിലെ 6.30 മുതൽ ഒമ്പതുവരെയും ഉച്ച 12.30 മുതൽ 3.30വരെയുമാണ് നിയന്ത്രണം. തിരക്കേറിയ സമയമായ രാവിലെയും വൈകീട്ടും വലിയ ട്രക്കുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതോടെ ഗതാഗതക്കുരുക്ക് പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല