
സ്വന്തം ലേഖകൻ: നിലവില്‍ ഒരു വാട്സാപ് ഗ്രൂപ്പില്‍ പരമാവധി ഉള്‍ക്കൊള്ളിക്കാവുന്നത് 512 പേരെയാണ്. ഇത് അധികം താമസിയാതെ 1024 പേരായി വര്‍ധിപ്പിച്ചേക്കുമെന്ന് വാബീറ്റാഇന്‍ഫോ റിപ്പോര്‍ട്ടു ചെയ്യുന്നു. ഒരാള്‍ക്ക്, താനടക്കം 1024 പേരുടെ പുതിയ ഗ്രൂപ്പ് തുടങ്ങാനാകുമെന്നാണ് വാബീറ്റാഇന്‍ഫോ പറയുന്നത്. വാട്സാപ് ഇതിന്റെ ടെസ്റ്റിങ് തുടങ്ങിയിട്ടുണ്ട്. വാട്സാപ്പിന്റെ അര്‍ജന്റീനയിലെ ചുരുക്കം ചില ബീറ്റാ ടെസ്റ്റര്‍മാര്‍ക്ക് പുതിയ ഫീച്ചര്‍ ലഭിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതിന്റെ ചില സ്ക്രീന്‍ഷോട്ടുകളും വാബീറ്റാഇന്‍ഫോ പുറത്തുവിട്ടിട്ടുണ്ട്. അതേസമയം, ഇന്ത്യയില്‍ ഇപ്പോഴും ബീറ്റാ ടെസ്റ്റര്‍മാര്‍ക്കു പോലും 512 പേരെ മാത്രമാണ് ഒരു ഗ്രൂപ്പില്‍ ചേര്ക്കാനാകുന്നത്. പുതിയ ഫീച്ചര്‍ ഇന്ത്യയിലെ ബീറ്റാ ടെസ്റ്റര്‍മാര്‍ക്കും താമസിയാതെ ലഭിച്ചേക്കും. സംഘടനകള്‍ക്കും കമ്പനികള്‍ക്കുമായിരിക്കും വലിയ ഗ്രൂപ്പുകള്‍ കൂടുതലായി പ്രയോജനപ്പെടുക. കൂടാതെ, ഗ്രൂപ്പുകളില്‍ അഡ്മിനുകള്‍ക്ക് മാത്രം പോസ്റ്റുകള്‍ ഇടാന്‍ അനുവദിക്കുന്ന നിയന്ത്രണങ്ങളും നിലനിര്‍ത്തും. ഇത്തരം ഗ്രൂപ്പുകളിലേക്ക് പുതിയ ആളുകളെത്തിയാല്‍ അവരെ സ്വീകരിക്കണമോ എന്ന കാര്യം അഡ്മിന് തീരുമാനിക്കാം.
വാട്സാപ്പിലുള്ള പ്രധാന ഫീച്ചറുകളിലൊന്നാണ് ഒറ്റത്തവണ കാണാവുന്ന മെസേജ്. ഇങ്ങനെ പോസ്റ്റ് ചെയ്യുന്ന സന്ദേശങ്ങളുടെയും ഫോട്ടോയുടെയും വിഡിയോയുടെയും സ്ക്രീന്‍ഷോട്ട് എടുത്തു സൂക്ഷിക്കാന്‍ സാധിക്കും. ഇതു തടയാനായി പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്സാപ്. ഇപ്പോള്‍ പ്ലേസ്റ്റോറില്‍നിന്ന് വാട്സാപ് ഡൗണ്‍ലോഡ് ചെയ്തെടുക്കുന്ന ബീറ്റാ ടെസ്റ്റര്മാര്ക്കെല്ലാം പുതിയ ഫീച്ചര്‍ കാണാമെന്നാണ് റിപ്പോര്‍ട്ട്.
ബീറ്റാ ടെസ്റ്റര്‍മാരില്‍ ചിലര്‍ പറയുന്നത് തങ്ങള്‍ക്ക് വ്യൂ വണ്‍സ് മെസേജുകളുടെ സ്ക്രീന്‍ഷോട്ട് എടുക്കാനേ സാധിക്കുന്നില്ലെന്നാണ്. വേറെ ചിലര്‍ പറയുന്നത് സ്ക്രീന്‍ഷോട്ട് എടുക്കാം, പക്ഷേ അതില്‍ ഒന്നും പതിയില്ല, കറുത്ത ഒരു ഫോട്ടോ മാത്രമാണ് കിട്ടുന്നത് എന്നാണ്. സ്ക്രീന്‍ഷോട്ട് എടുക്കാനായി പ്രയോജനപ്പെടുത്തുന്ന തേഡ്പാര്‍ട്ടി എക്സ്റ്റന്ഷന്സ് ഉപയോഗിച്ചാലും ഒന്നും പതിയാത്ത കറുത്ത ചിത്രം മാത്രമായിരിക്കും ലഭിക്കുക എന്നാണ് റിപ്പോര്‍ട്ട്. വാട്സാപ്പിന്റെ പുതിയ വേര്‍ഷനുകളില്‍ ഈ ഫീച്ചറും എല്ലാവര്ക്കും ലഭിക്കും.
വാട്സാപ് അടക്കമുള്ള പല സേവനങ്ങളും കാലക്രമേണ വരിസംഖ്യ അടയ്ക്കേണ്ട രീതിയിലാകാമെന്നാണ് പറയുന്നതെങ്കിലും ഇപ്പോള്‍ വരുന്ന വാട്സാപ് പ്രീമിയം ബിസിനസ് ഉപയോക്താക്കള്‍ക്കു വേണ്ടിയുള്ളതാണ്. ബിസിനസ് അക്കൗണ്ടുകള്‍ ഉള്ളവര്‍ക്ക് വാട്സാപ് പ്രീമിയം അധികം താമസിയാതെ ലഭിച്ചേക്കും. ഈ ഫീച്ചറിന്റെയും ബീറ്റാ ടെസ്റ്റിങ് നടക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല