സ്വന്തം ലേഖകൻ: അഡ്മിഷൻ ആവശ്യങ്ങൾക്കുള്ള എൻ.ആർ.ഐ സർട്ടിഫിക്കറ്റ്, പെൻഷൻ ആവശ്യത്തിനുള്ള ലൈഫ് സർട്ടിഫിക്കറ്റ് എന്നിവ സംബന്ധിച്ച അപേക്ഷകർക്ക് ഇന്ത്യൻ എംബസിയിൽ മുൻകൂർ ബുക്കിങ് ആവശ്യമില്ല. പ്രവൃത്തിദിനങ്ങളിൽ ഉച്ചക്ക് 12നും ഒരു മണിക്കുമിടയിൽ എംബസിയിൽ നേരിട്ടെത്തി അപേക്ഷ നടപടികൾ പൂർത്തിയാക്കാമെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു. സാമൂഹ മാധ്യമങ്ങളിലൂടെയാണ് എംബസി അറിയിപ്പ് നൽകിയത്.
അതിനിടെ ഫിഫ ലോകകപ്പിനെ വരവേല്ക്കുന്നതിൻ്റെ ഭാഗമായി രാജ്യത്തെ ഓഫീസുകളുടെയും സ്കൂളുകളുടെയും പ്രവൃത്തി സമയങ്ങള്‍ പുനക്രമീകരിച്ചു. നവംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 19 വരെ സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാരുടെ എണ്ണം 20 ശതമാനമാക്കി കുറയ്ക്കും. ഇവര്‍ മാത്രമേ ഓഫീസുകളില്‍ നേരിട്ട് ഹാജരാവേണ്ടതുള്ളൂ. ബാക്കി 80 ശതമാനം ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം രീതിയിലേക്ക് മാറും.
സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തി സമയം രാവിലെ ഏഴു മണി മുതല്‍ 11 മണി വരെയായും ക്രമീകരിച്ചിട്ടുണ്ട്. ഫിഫ 2022 ലോകകപ്പ് ഖത്തറിന് ആതിഥേയത്വം വഹിക്കാനുള്ള രാജ്യത്തിന്റെ ഒരുക്കങ്ങളുടെ ഭാഗമായാണ് ഈ ക്രമീകരണം. ഖത്തര്‍ കാബിനറ്റാണ്് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടത്.
എന്നാൽ രാജ്യത്തെ സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും ഈ സമയമാറ്റവും ഹാജര്‍ നിലയിലെ മാറ്റവും ബാധകമല്ല. അവ പതിവു പോലെ പ്രവര്‍ത്തിക്കുമെന്നും വക്താവ് അറിയിച്ചു.
അതേസമയം, സുരക്ഷാ, സൈനിക വിഭാഗങ്ങളെയും ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളെയും ഈ തീരുമാനങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളതായി ഗവണ്മെന്റ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസ് ഔദ്യോഗിക വക്താവ് മുഹമ്മദ് നുവൈമി അല്‍ ഹജരി ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. ഈ മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ പതിവു പോലെ ജോലിക്ക് ഹാജരാവണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല