സ്വന്തം ലേഖകൻ: ഇന്ത്യയിലെ 100 അതി സമ്പന്നരുടെ പട്ടിക ഫോബ്സ് മാഗസിൻ പ്രസിദ്ധീകരിച്ചു. ഫോബ്സ് മാഗസിൻ പ്രസിദ്ധീകരിച്ച ഇന്ത്യയിലെ കോടീശ്വരന്മാരുടെ പട്ടികയിൽ ഒന്നാമതെത്തിയത് ഗൗതം അദാനിയാണ്. മുകേഷ് അംബാനിയെ പിന്തള്ളിക്കൊണ്ടാണ് അദാനിയുടെ മുന്നേറ്റം.
2021ൽ 7,480 കോടി ഡോളർ ആസ്തിയുണ്ടായിരുന്ന അദാനി ഒറ്റ വർഷം കൊണ്ടാണ് ആസ്തി വർധിപ്പിച്ചത്. 15,000 കോടി ഡോളറാണ് ഗൗതം അദാനിയുടെ ആസ്തി. മുകേഷ് അംബാനിയാണ് കോടീശ്വരന്മാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുളളത്. 8,800 കോടി ഡോളർ ആണ് മുകേഷ് അംബാനിയുടെ ആസ്തി. രാധാകിഷൻ ദമാനി, സൈറസ് പൂനവല്ല, ഷിവ നാടാർ എന്നിവരും പട്ടികയിൽ ഇടം നേടി.
2,760 കോടി ഡോളർ ആണ് രാധാകിഷൻ ദമാനിയുടെ ആസ്തി. സൈറസ് പൂനവല്ലയുടെ ആസ്തി 2,150 കോടി ഡോളറും ഷിവ നാടാറിന്റേത് 2,140 കോടി ഡോളറുമണ്. ഒരു ലക്ഷം കോടി രൂപയ്ക്കു മേൽ ആസ്തിയുള്ള സാവിത്രി ജിൻഡൽ, ദിലീപ് സാങ്വി, ഹിന്ദുജ സഹോദരന്മാർ, കുമാർ ബിർല, ബജാജ് കുടുംബം എന്നിവരാണ് ആദ്യ 10 സ്ഥാനങ്ങളിലെ മറ്റുള്ളവർ.
ഇന്ത്യയുടെ സ്റ്റോക്ക് മാർക്കറ്റ് ഒരു വർഷം മുമ്പുള്ളതിനേക്കാൾ നേരിയ തോതിൽ ഇടിഞ്ഞു, ഏറ്റവും വലിയ നഷ്ടം രൂപയായിരുന്നു, അതേ കാലയളവിൽ ഇത് 10% ഇടിഞ്ഞു. ഇതൊക്കെയാണെങ്കിലും, ഇന്ത്യയിലെ 100 അതിസമ്പന്നരുടെ സംയോജിത സമ്പത്ത് 25 ബില്യൺ ഡോളർ വർദ്ധിച്ച് 800 ബില്യൺ ഡോളറിൽ എത്തി.
എം എ യൂസുഫലി ആണ് ഫോബ്സ് മാഗസിന്റെ പട്ടികയിൽ ഇടംനേടിയ മലയാളികളിൽ ഒന്നാമത്. 540 കോടി ഡോളർ ആണ് യൂസുഫലിയുടെ ആസ്തി. ഇന്ത്യയിൽ 35-ാം സ്ഥാനത്താണ് യൂസുഫലി. യൂസുഫലി ഉൾപ്പെടെ നാല് മലയാളികൾ പട്ടികയിൽ ഇടം പിടിച്ചു.എംജി ജോർജ് മൂത്തൂറ്റ്, ബൈജു രവീന്ദ്രൻ, ജോയ് ആലുക്കാസ്, എസ് ഗോപാലകൃഷ്ണൻ എന്നിവരാണ് പട്ടികയിലിടം നേടിയ മറ്റ് മലയാളികൾ.
എംജി ജോർജിന്റെ ആസ്തി 400 കോടി ഡോളർ ആണ്. ബൈജു രവീന്ദ്രന് 360 കോടി ഡോളർ, ജോയ് ആലുക്കാസിന് 310 കോടി ഡോളർ, എസ് ഗോപാലകൃഷ്ണന് 305 കോടി ഡോളർ എന്നിങ്ങനെയാണ് ആസ്തി. മുത്തൂറ്റ് ഫിനാൻസ് ഗ്രൂപ്പ് 45ാം സ്ഥാനത്താണ്. ബൈജൂസ് ആപ് സ്ഥാപകൻ ബൈജു രവീന്ദ്രൻ, ഭാര്യ ദിവ്യ ഗോകുൽനാഥ് സ്ഥാനം 54 ആണ്. ജോയ് ആലുക്കാസ് 69ാം സ്ഥാനത്താണ്. ഇൻഫോസിസ് സഹ സ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണന്റെ സ്ഥാനം 71 ആണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല