1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 15, 2022

സ്വന്തം ലേഖകൻ: നരബലി കേസിലെ പ്രതികളായ ഭഗവല്‍ സിങ്ങിനേയും ലൈലയേയും ഷാഫിയേയും തെളിവെടുപ്പിനായി ഇലന്തൂരിലെത്തിച്ചു. കൂടുതല്‍ നരബലികള്‍ നടന്നിട്ടുണ്ടോ എന്ന സംശയത്തില്‍ കൃത്യം നടന്ന വീട്ടിലും പറമ്പിലും പരിശോധനകള്‍ ആരംഭിച്ചു. മായ, മര്‍ഫി എന്നീ രണ്ട് പോലീസ് നായ്ക്കളേ ഇതിനായി സ്ഥലത്തെത്തിച്ചിട്ടുണ്ട്.

സംഭവസ്ഥലത്തെത്തിച്ച പോലീസ് നായ്ക്കള്‍ വീടിന് സമീപത്തെ കാവിലേക്കാണ് ഓടിപ്പോയത്. നരബലിക്ക് ശേഷം ലൈല രക്തം ഒഴുക്കിയത് ഈ കാവിലാണെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഭഗവല്‍ സിങ്ങിന്റെ ഉടമസ്ഥതയിലുള്ള ഒന്നരയേക്കറോളം സ്ഥലത്താണ് ഡോഗ് സ്ക്വാഡിന്‍റെ പരിശോധന . കാടുപിടിച്ച ഈ ഭാഗത്ത് എവിടെയെങ്കിലും മൃതദേഹാവശിഷ്ടങ്ങള്‍ ഉണ്ടോ എന്നാണ് നോക്കുന്നത്. നായ്ക്കള്‍ സൂചന കാണിച്ച സ്ഥലം പോലീസ് മാര്‍ക്ക് ചെയ്ത് വിശദമായി പരിശോധിക്കും.

സ്ഥലത്ത് വലിയ പോലീസ് സംഘത്തെയാണ് വിന്യസിച്ചിരിക്കുന്നത്. പത്മ, റോസ്ലി എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട അനുബന്ധ തെളിവുകള്‍ ശേഖരിക്കാനാണ് പരിശോധനയെന്നാണ് പോലീസ് വിശദീകരിക്കുന്നതെങ്കിലും സ്ഥലത്ത് മൂന്നാമതൊരു നരബലി നടന്നിട്ടുണ്ടോ എന്ന സംശയത്തിലാണ് പരിശോധനകള്‍ തുടരുന്നത്. മൃതദേഹങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക പരിശീലനം ലഭിച്ചവയാണ് മായയും മര്‍ഫിയും.

നരബലി കേസിലെ പ്രതികളെ കൃത്യം നടന്ന വീട്ടിലെത്തിച്ചപ്പോള്‍ നാട്ടുകാര്‍ വലിയ പ്രതിഷേധമാണുയര്‍ത്തിയത്. ബിജെപി, കോണ്‍ഗ്രസ് പ്രവര്‍ത്തകരും മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.