സ്വന്തം ലേഖകൻ: ഹാരിപോട്ടർ എന്ന ജനപ്രിയ ഫ്രാഞ്ചൈസിയിലൂടെ ലോകമൊട്ടാകെയുള്ള പ്രേഷകരുടെ മനം കവർന്ന പ്രശസ്ത സ്കോർട്ടിഷ് നടൻ റോബി കോൾട്രെയ്ൻ അന്തരിച്ചു. 72 വയസ്സായിരുന്നു. സ്കോട്ട്ലന്റിലെ ആശുപത്രിയിൽ വച്ച് വെള്ളിയാഴ്ചയായിരുന്നു അന്ത്യം. നടന്റെ ഏജന്റായ ബെലിൻഡ റൈറ്റാണ് ഇക്കാര്യം അറിയിച്ചത്. മരണകാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.
1990-കളിൽ ജനപ്രിയ ടിവി പരമ്പരയായ ക്രാക്കറിൽ കുറ്റകൃത്യങ്ങൾ പരിഹരിക്കുന്ന ഡിറ്റക്ടീവായി അഭിനയിച്ചാണ് റോബി കോൾട്രെയിൻ ആദ്യം ശ്രദ്ധ നേടുന്നത്. ഇതിലെ പ്രകടനത്തിന് ബ്രിട്ടീഷ് അക്കാദമി ടെലിവിഷന്റെ മികച്ച നടനുള്ള പുരസ്കാരം മൂന്നു വർഷം തുടർച്ചായായി കോൾട്രെയിൻ സ്വന്തമാക്കിയിരുന്നു.
2001 മുതൽ 2011 വരെ പുറത്തിറങ്ങിയ ഹാരി പോട്ടറിന്റെ 8 സീരീസിലും റൂബിയസ് ഹാഗ്രിഡിന്റെ വേഷത്തിൽ കോൾട്രെയ്ൻ വേഷമിട്ടു. ഹാരി പോട്ടർ എന്ന നായക കഥാപാത്രത്തിന്റെ ഉപദേശകനും സുഹൃത്തുമായി ഒപ്പം നടക്കുന്ന സൗമ്യനായ ഭീമാകാരനെയാണ് താരം ഗംഭീരമാക്കിയത്. ഹാരി പോട്ടർ സീരീസ് ആരാധകർക്ക് കോൾട്രെയ്നിന്റെ റൂബിയസ് ഹാഗ്രിഡ് എന്ന കഥാപാത്രത്തെ ഒരിക്കലും മറക്കാൻ കഴിയില്ല. ജെയിംസ് ബോണ്ട് ചിത്രമായ ഗോൾഡൻ ഐ, ദി വേൾഡ് ഈസ് നോട്ട് ഇനഫ് എന്നിവയിലും റോബി കോൾട്രെയ്ൻ അഭിനയിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല