സ്വന്തം ലേഖകൻ: അടുത്ത മാസം ഖത്തറില്‍ ആരംഭിക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് പല കാര്യങ്ങളിലും ഫുട്‌ബോളിന്റെ ചരിത്രത്തില്‍ പുതിയ അധ്യായങ്ങള്‍ രചിക്കും. 64 മല്‍സരങ്ങളടങ്ങിയ ഖത്തര്‍ ലോകകപ്പ് നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ നീണ്ടു നില്‍ക്കും. പ്രധാനമായും എട്ട് കാര്യങ്ങളില്‍ ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ആദ്യത്തേതാകും ഖത്തറില്‍ നടക്കുന്ന ടൂര്‍ണമെന്റ്.
2010ല്‍ ലോകകപ്പിന് ആതിഥ്യമരുളാനുള്ള അവകാശം നേടിയെടുത്തതു മുതല്‍ ഖത്തര്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന രാജ്യമായി മാറി. അറബ് ലോകത്തും മിഡിലീസ്റ്റിലും നടക്കുന്ന ആദ്യത്തെ ലോകകപ്പാണ് ഖത്തറില്‍ നടക്കാനിരിക്കുന്നത് എന്നതു തന്നെ ഇതിന് കാരണം. അതുകൊണ്ട് അറബ് ലോകം മൊത്തം ഖത്തര്‍ ലോകകപ്പിനെ സ്വന്തം ടൂര്‍ണമെന്റായാണ് കാണുന്നത്. ടൂര്‍ണമെന്റ് വന്‍ വിജയമാക്കുന്ന കാര്യത്തില്‍ എല്ലാ മിഡിലീസ്റ്റ് രാജ്യങ്ങളും ഒറ്റക്കെട്ടാണ്.
രണ്ടു വര്‍ഷത്തിലേറെയായി ലോകത്തെ വേട്ടയാടിക്കൊണ്ടിരിക്കുന്ന കോവിഡ് മഹാമാരിയുടെ ഭീഷണിക്കു ശേഷം നടക്കുന്ന ആദ്യത്തെ ലോകകപ്പെന്ന നിലയില്‍ ലോകത്തെ ഒന്നിപ്പിക്കുന്ന സുപ്രധാന വേദിയായി ലോകകപ്പ് മാറുമെന്ന് ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി പറയുകയുണ്ടായി. ചരിത്രത്തില്‍ തുല്യതയില്ലാത്ത ലോകകപ്പായിരിക്കും അറബ് ലോകത്ത് നിങ്ങള്‍ക്ക് കാണാനാവുകയെന്ന് അമീര്‍ നേരത്തേ വ്യക്തമാക്കിയതാണ്.
സാങ്കേതിക വിദ്യയെ ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിക്കുന്ന ലോകകപ്പായിരിക്കും ഖത്തറിലേത്. ഇത് ലോകകപ്പിന് ഉപയോഗിക്കുന്ന ഫുട്‌ബോളിന്റെ നിര്‍മാണം മുതല്‍ തുടങ്ങുന്നുണ്ട്. യാത്ര എന്ന് അര്‍ഥം വരുന്ന അല്‍ രിഹ്‌ല എന്ന അറബി പേരില്‍ അറിയപ്പെടുന്ന ബോള്‍, സാങ്കേതിക വിദ്യയുമായി ബന്ധിപ്പിച്ചിട്ടുള്ള ആദ്യത്തെ ബോളായിരിക്കും. ബോളിനകത്ത് ഘടിപ്പിച്ചിരിക്കുന്ന സെന്‍സറിന്റെ സഹായത്തോടെ ടച്ചുകളും ഫൗളുകളും ഔട്ടുകളുമെല്ലാം കൃത്യമായി മനസ്സിലാക്കാന്‍ ഇത് സഹായിക്കും.
മുന്‍ ലോകകപ്പുകളില്‍ ഉപയോഗിച്ച് ബോളുകളില്‍ നിന്ന് വ്യത്യസ്തമായി വേഗത കൂടിയതാണ് ഖത്തര്‍ ലോകകപ്പിലേത്. പാസ്സുകളുടെ കൃത്യത ഉറപ്പുവരുത്തുന്നതു കൂടിയാണ് അല്‍ രിഹ്‌ല പന്തുകള്‍. ലോകകപ്പിനായി ഉപയോഗിച്ച പന്തുകള്‍ വില്‍പ്പന നടത്തുന്നതിലൂടെ ലഭിക്കുന്ന തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കുന്നുവെന്നതും പന്തുമായി ബന്ധപ്പെട്ട മറ്റൊരു സവിശേഷതയാണ്.
ഇത്തവണത്തെ ടൂര്‍ണമെന്റുകളില്‍ ഓഫ് സൈഡുകള്‍ കണ്ടെത്താന്‍ പുതിയ സാങ്കേതിക വിദ്യയാണ് ഫിഫ ഉപയോഗിക്കുന്നത്. സെമി ഓട്ടോമാറ്റിക് സംവിധാനമാണിത്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ കളിക്കാര്‍ ഓഫ് സൈഡാണോ എന്ന് കണ്ടെത്തുന്ന സംവിധാനമാണിത്. സ്‌റ്റേഡിയത്തിന്റെ മേല്‍ക്കൂരയില്‍ ഘടിപ്പിച്ചിരിക്കുന്ന 12 പ്രത്യേക ട്രാക്കിംഗ് കാമറകള്‍ കളിക്കാരന്‍ ഓഫ് ലൈന്‍ കടന്നാല്‍ ഉടന്‍ ഓഫ് ലൈന്‍ അലേര്‍ട്ടുകള്‍ മാച്ച് ഉദ്യോഗസ്ഥര്‍ക്ക് നല്‍കും.
ഇതുവഴി പൂര്‍ണമായും ഓട്ടോമാറ്റിക്കായി അല്ലെങ്കില്‍ അര്‍ധ ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ ഓഫ് സൈഡ് വിളികളില്‍ കൂടുതല്‍ കൃത്യത ഉറപ്പാക്കാന്‍ സാധിക്കും. ഈ സംവിധാനം ഒരു ലോകകപ്പ് ടൂര്‍ണമെന്റില്‍ ഫിഫ ആദ്യമായാണ് പരീക്ഷിക്കുന്നത്. കളിക്കാരെയും പന്തിനെയും ഒരു പോലെ പിന്തുടരാന്‍ ഈ കാമറകള്‍ക്ക് സാധിക്കുമെന്നതാണ് ഇതിന്റെ സവിശേഷത. ഈ സാങ്കേതിക വിദ്യ ഫിഫ അറബ് കപ്പിലും ഫിഫ ക്ലബ്ബ് ലോകകപ്പിലും വിജയകരമായി പരീക്ഷിച്ചിരുന്നു.
ഫിഫ ലോകകപ്പിന്റെ ചരിത്രത്തിലാദ്യമായി ലോകകപ്പ് മല്‍സരങ്ങള്‍ ശീത കാലത്ത് നടക്കുന്നുവെന്നതാണ് ഖത്തര്‍ ലോകകപ്പിന്റെ സവിശേഷതകളിലൊന്ന്. സാധാരണ ഉഷ്ണ കാലത്താണ് ലോകകപ്പ് മല്‍സരങ്ങള്‍ ക്രമീകരിക്കാറുള്ളത്. എന്നാല്‍ ഖത്തറിലെ ശക്തമായ ചൂടില്‍ മല്‍സരങ്ങള്‍ കളിക്കുക പ്രയാസമാകും എന്നതിനാല്‍ മല്‍സരങ്ങളുടെ സമയക്രമം ചരിത്രത്തിലാദ്യമായി ശീതകാലത്തേക്ക് മാറ്റുകയായിരുന്നു.
ശീതകാലത്ത് നടക്കുന്ന ആദ്യ ലോകകപ്പ് എന്ന നിലയില്‍ ഖത്തര്‍ ലോകകപ്പ് മികച്ച ഫുട്‌ബോള്‍ പുറത്തെടുക്കാന്‍ കളിക്കാര്‍ക്ക് അവസരം നല്‍കുമെന്ന കണക്കുകൂട്ടലിലാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും ഖത്തര്‍ 2022ത്തിന്റെ അംബാസഡറുമായ ഡേവിഡ് ബെക്കാം. ഇതുവരെ നടന്ന ലോകകപ്പുകളെക്കാള്‍ മികച്ച കളികളായിരിക്കും ഖത്തറിന്റെ സ്റ്റേഡിയങ്ങളില്‍ അനാവൃതമാവുകയെന്ന് അല്‍ ജസീറ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബെക്കാം പറഞ്ഞിരുന്നു.
ലോകകപ്പിനോട് അനുബന്ധിച്ച് പുതുതായി അവതരിപ്പിക്കപ്പെടാന്‍ പോകുന്ന ഡിജിറ്റല്‍ ആപ്പാണ് ഫുട്‌ബോളര്‍ ഡാറ്റ ആപ്പ്. തങ്ങളുടെ കളിയെ കുറിച്ചുള്ള വ്യക്തിഗത വിവരങ്ങള്‍ മനസ്സിലാക്കാന്‍ കളിക്കാരെ സഹായിക്കുന്നതാണ് ഈ ആപ്പ്. കൃത്യമായ ഡാറ്റകളുടെയും കണക്കുകളുടെയും അടിസ്ഥാനത്തില്‍ ഓരോ കളിക്കാരന്റെയും മല്‍സരത്തിലെ പ്രകടനം വിലയിരുത്തി നല്‍കാന്‍ ഈ ആപ്പിന് കഴിയും.
ഇതാദ്യമായാണ് ഇത്തരമൊരു ആപ്പ് ഫിഫ ലോകകപ്പ് മല്‍സരങ്ങളില്‍ പരീക്ഷിക്കപ്പെടുന്നത്. ലോകകപ്പിന് യോഗ്യത നേടിയ 32 ടീമുകളിലെയും കളിക്കാരുടെ പ്രകടവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആപ്പില്‍ ലഭ്യമാവും. എല്ലാ കളിക്കാര്‍ക്കും ഈ ആപ്പില്‍ പ്രവേശനം ലഭിക്കും. ഓരോ മല്‍സരത്തിനു ശേഷം തങ്ങളുടെ കളി വിലയിരുത്താന്‍ കളിക്കാര്‍ക്ക് ഇത് സഹായകമാവും. ഫുട്‌ബോള്‍ മല്‍സരങ്ങളെ കൂടുതല്‍ മികച്ചതാക്കുന്നതിന് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഫിഫ ഒരുക്കിയ ആപ്പാണിത്.
ഓരോ കളിക്കാരന്റെയും കളിക്കളത്തിലെ സുപ്രധാന നിമിഷങ്ങള്‍ ആപ്പ് ഒപ്പിയെടുക്കും. ഒരാള്‍ എത്ര നേരം ബോള്‍ കൈവശം വച്ചുവെന്നും എത്ര കൃത്യമായി പാസുകള്‍ നല്‍കിയെന്നും ഉല്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതുവഴി അറിയാം. ആപ്പില്‍ ലഭിക്കുന്ന കളിക്കളത്തില്‍ നിന്നുള്ള കളിക്കാരുടെ ഫോട്ടോകള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പങ്കുവയ്ക്കാനുമാവും എന്നതാണ് ആപ്പിന്റെ മറ്റൊരു സവിശേഷത.
ഫിഫ ലോകകപ്പിന്റെ ചരിത്രത്തിലെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ടൂര്‍ണമെന്റായിരിക്കും ഖത്തറിലേതെന്ന് ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി അധികൃതര്‍ തുടക്കം മുതലേ വ്യക്തമാക്കിയതാണ്. ഇതിന്റ് അടിസ്ഥാനത്തില്‍ ഇലക്ട്രോണിക് ബസ്സുകളും കാറുകളുമാണ് ഗതാഗതത്തിനായി ഖത്തര്‍ ഉപയോഗിക്കുന്നത്. ഖത്തറിലെ വിമാനത്താവളങ്ങളില്‍ നിന്നും താമസ കേന്ദ്രങ്ങളില്‍ നിന്നും മെട്രോ സ്‌റ്റേഷനുകളില്‍ നിന്നും ഫുട്‌ബോള്‍ ആരാധകരെ സ്‌റ്റേഡിയങ്ങളിലേക്കും ഫാന്‍ സോണുകളിലേക്കും എത്തിക്കുന്നതിനാണ് ഈ ഹരിത വാഹനങ്ങള്‍ ഉപയോഗിക്കുക.
ലോകകപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ഇത്ര ചെറിയ ചുറ്റളവിലുള്ള സ്ഥലത്ത് ഇതുവരെ ടൂര്‍ണമെന്റ് നടന്നിട്ടില്ല. പലപ്പോഴും രണ്ട് രാജ്യങ്ങളിലായി മല്‍സരങ്ങള്‍ നടക്കുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ കളിക്കാര്‍ക്കും ഫുട്‌ബോള്‍ ആരാധകര്‍ക്കും യാത്ര വലിയൊരു വെല്ലുവിളിയാണ്.
എന്നാല്‍ ഖത്തറില്‍ എല്ലാ സ്‌റ്റേഡിയങ്ങളും വെറും 55 കിലോമീറ്റര്‍ ചുറ്റളവിന് അകത്താണ് സ്ഥിതി ചെയ്യുന്നത്. കളിക്കാര്‍ക്കും കാണികള്‍ക്കും ഒരു പോലെ സഹായകരമാണിത്. കളിക്കാര്‍ക്ക് യാത്രാ ക്ഷീണമില്ലാതെ മല്‍സരങ്ങളില്‍ പങ്കെടുക്കാമെന്നത് ഖത്തര്‍ ലോകകപ്പിന്റെ പ്രധാന സവിശേഷതകളില്‍ ഒന്നാണ്. കളിക്കാരെ സംബന്ധിച്ചിടത്തോളം ഇത്ര അടുത്ത വേദികളില്‍ മല്‍സരങ്ങള്‍ കളിക്കാനാവുകയെന്ന സ്വപ്‌ന സാക്ഷാല്‍ക്കാരമാണെന്ന് ഡേവിഡ് ബെക്കാം പറയുകയുണ്ടായി.
ഫിഫ ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായി വനിതാ റഫറിമാര്‍ കളി നിയന്ത്രിക്കുന്നതും ഖത്തറില്‍ തന്നെ. പുരുഷ ടൂര്‍ണമെന്റില്‍ കളിയുടെ ചുക്കാന്‍ പിടിക്കാന്‍ ജപ്പാനില്‍ നിന്നുള്ള യോഷിമി യമാഷിതയും ഫ്രാന്‍സില്‍ നിന്നുള്ള സ്റ്റെഫാനി ഫ്രപ്പാര്‍ട്ടും റുവാണ്ടയില്‍ നിന്നുള്ള സലീമ മുകന്‍സംഗയും പുതിയ ചരിത്രം രചിക്കാന്‍ സജ്ജരായിക്കഴിഞ്ഞു. ഈ മെയിന്‍ റഫറിമാര്‍ക്കു പുറമെ, അസിസ്റ്റന്റ് റഫറിമാരായി മൂന്നു വനിതകള്‍ വേറെയുമുണ്ട് 36 അംഗ റഫറിമാരുടെ സംഘത്തില്‍.
ന്യൂസ ബാക്ക് (ബ്രസീല്‍), കാരെന്‍ മെഡീന (മെക്‌സിക്കോ), കാതറിന്‍ നെസ്ബിറ്റ് (യുഎസ്) എന്നിവരാണ് അസിസ്റ്റന്റ് റഫറിമാരായി രംഗത്തെത്തുക. ഇതോടെ ഫിഫ ലോകകപ്പിന്റെ 92 വര്‍ഷത്തെ ചരിത്രമാണ് തിരുത്തി എഴുതപ്പെടുക. ലിംഗത്തിന്റെ പരിഗണനയിലല്ല കളി നിയന്ത്രിക്കുന്നതിലെ മികവിന്റെ അടിസ്ഥാനത്തിലാണ് ഇവരെല്ലാം ലോകകപ്പിനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതെന്ന് ഫിഫ വ്യക്തമാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല