1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 18, 2022

സ്വന്തം ലേഖകൻ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതയെക്കുറിച്ചുള്ള അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ അവതരിപ്പിച്ച് ഡിഎംകെ സര്‍ക്കാര്‍. എഡിഎംകെ ഇടക്കാല അധ്യക്ഷയായിരുന്ന ശശികലയുള്‍പ്പെടെ നാല് പേര്‍ക്കെതിരെ അന്വേഷണം വേണമെന്നാണ് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നത്.

ജയലളിതയുടെ ചികിത്സയ്ക്കിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ പല വൈരുധ്യങ്ങളുമുള്ളതായും അന്വേഷണ കമ്മിഷന്റെ കണ്ടെത്തലിലുണ്ട്. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പനീര്‍സെല്‍വം അടക്കമുള്ളവർ നിരവധി ആരോപണങ്ങളുമായി മുന്‍പ് രംഗത്തുവന്നിരുന്നു. പ്രധാനമായും വി.കെ ശശികലയ്‌ക്കെതിരെയായിരുന്നു ആരോപണങ്ങള്‍.

സംഭവത്തില്‍ അന്ന് അധികാരത്തിലുണ്ടായിരുന്ന അണ്ണാ ഡി.എം.കെ സര്‍ക്കാര്‍ ജസ്റ്റിസ് അറുമുഖസ്വാമി അധ്യക്ഷനായ ഒരു ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ചിരുന്നു. നിരവധി കണ്ടെത്തലുകളാണ് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജയലളിതയുടെ മരണസമയവുമായി ബന്ധപ്പെട്ടതാണ് പ്രധാന വൈരുധ്യം. 2016 ഡിസംബര്‍ 5ന് രാത്രി 11.30നാണ് ജയലളിതയുടെ മരണം അപ്പോളോ ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചത്. എന്നാല്‍ ഇതിന് ഒന്നര ദിവസം മുന്‍പ് അവര്‍ മരിച്ചിരുന്നുവെന്നാണ് കമ്മിഷന്‍ കണ്ടെത്തല്‍.

ഡിസംബര്‍ നാലിന് വൈകുന്നേരം മൂന്നിനും 3.50നും ഇടയിലുള്ള സമയത്ത് മരണം സംഭവിച്ചുവെന്നാണ് കമ്മിഷന്‍ കണ്ടെത്തല്‍. അതോടൊപ്പം, ജയലളിതയ്ക്ക് കൃത്യമായ ചികിത്സ ലഭിച്ചിരുന്നില്ലെന്നും അന്വേഷണ കമ്മിഷന്‍ കണ്ടെത്തിയിട്ടുണ്ട്.

വിദേശത്തുനിന്നുള്ള ഡോക്ടര്‍മാര്‍ ജയലളിതയ്ക്ക് ആന്‍ജിയോഗ്രാം സ്ത്രക്രിയ ഉള്‍പ്പെടെ നിര്‍ദേശിച്ചിരുന്നെങ്കിലും ഇതൊന്നും നടപ്പിലായില്ലെന്നാണ് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. വിദേശത്തേക്ക് ചികിത്സയ്ക്ക് കൊണ്ടുപോകണമെന്ന നിര്‍ദേശവും പാലിക്കപ്പെട്ടില്ലെന്നാണ് ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.