സ്വന്തം ലേഖകൻ: പരാജയത്തിലും മധുരം; കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ ആയിരത്തിലധികം വോട്ടു നേടാനായത് പാർട്ടിയിൽ ശശി തരൂരിനുള്ള സ്വീകാര്യതയുടെ തെളിവായി. വിവിധ സംസ്ഥാനങ്ങളിലെ നേതൃത്വം ഖർഗെയ്ക്കു പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടും 9,308 വോട്ടുകളിൽ 1,072 വോട്ടുകളാണ് തരൂരിനു ലഭിച്ചത്.
22 വർഷങ്ങള്‍ക്കു മുൻപ് അധ്യക്ഷ സ്ഥാനത്തേക്ക് ജിതേന്ദ്ര പ്രസാദും സോണിയ ഗാന്ധിയും മത്സരിച്ചപ്പോൾ പോൾ ചെയ്ത 7,700 വോട്ടുകളിൽ ജിതേന്ദ്രയ്ക്കു ലഭിച്ചത് 94 വോട്ട് മാത്രമായിരുന്നു. യുവനിരയുടെ വലിയ പിന്തുണ തരൂരിനു ലഭിച്ചതായാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. ഇതോടെ, തരൂരിനെ പ്രധാന പദവികളിലേക്കു പരിഗണിക്കാനുള്ള സാഹചര്യവും ഒരുങ്ങുകയാണ്.
തരൂർ മത്സരരംഗത്തെത്തിയതോടെ പാർട്ടിക്കു പുതിയ ഉണർവാണ് ലഭിച്ചതെന്ന് എതിരാളികൾപോലും സമ്മതിക്കും. അധ്യക്ഷനെ നോമിനേറ്റ് ചെയ്യുകയെന്ന പതിവ് പരിപാടിക്കു പകരം ആവേശകരമായ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കു വഴിയൊരുക്കിയത് തരൂരാണ്. കോൺഗ്രസിലെ തിരഞ്ഞെടുപ്പ് രീതി കണ്ടുപഠിക്കൂ എന്നു രാഷ്ട്രീയ എതിരാളികളോട് ആവേശത്തോടെ പറയാൻ നേതൃത്വത്തിനും പ്രവർത്തകർക്കുമായി.
തരൂർ മത്സരരംഗത്തെത്തിയതോടെ ദേശീയതലത്തിൽ മാധ്യമശ്രദ്ധ കോൺഗ്രസിലേക്കു തിരിഞ്ഞത് പാർട്ടിക്കും ഊര്‍ജം പകർന്നു. അടുത്തെങ്ങും ഉണ്ടാകാത്ത തരത്തിൽ കൃത്യതയോടെയാണ് തിരഞ്ഞെടുപ്പ് പൂർത്തിയായത്. ഭാവിയിൽ നടന്നേക്കാവുന്ന സംഘടനാ തിരഞ്ഞെടുപ്പുകൾക്ക് ഒരു മാതൃകയുമായി.
നയതന്ത്രജ്ഞൻ എന്ന നിലയിൽനിന്നും ദേശീയനേതാവെന്ന നിലയിലേക്കുള്ള തരൂരിന്റെ ഉയർച്ചയ്ക്കും തിരഞ്ഞെടുപ്പ് സാക്ഷിയായി. സംസ്ഥാനങ്ങളിലെ ഔദ്യോഗിക നേതൃത്വം എതിർത്തപ്പോഴും കൃത്യമായ കരുനീക്കങ്ങൾ നടത്തിയത് ദേശീയ രാഷ്ട്രീയത്തിൽ തരൂരിനെ മുൻനിരയിലേക്ക് ഉയർത്തി.
നോമിനേഷനെതിരെ ശക്തമായ എതിർപ്പുള്ള യുവാക്കളുടെ പിന്തുണ വലിയ രീതിയിൽ ലഭിച്ചു എന്നാണ് ഫലം തെളിയിക്കുന്നത്. ഖർഗെയെ താൽപര്യമില്ലാത്ത മുതിർന്ന നേതാക്കളിൽ ഒരു വിഭാഗത്തിന്റെ വോട്ടും തരൂരിനു ലഭിച്ചു. പരമാവധി 500 വോട്ടായിരുന്നു തരൂർ ക്യാംപിന്റെ പ്രതീക്ഷ. ഫലം വന്നപ്പോൾ അത് ഇരട്ടിയിലേറെയായി.
തിരഞ്ഞെടുപ്പിലൂടെ പാർട്ടിയെ സജീവമാക്കി, സ്വന്തം ശക്തി തെളിയിച്ച തരൂരിനെ അവഗണിക്കാൻ നേതൃത്വത്തിനു കഴിയില്ല. പ്രധാന പദവിയിൽ അദ്ദേഹത്തെ പരിഗണിക്കേണ്ടിവരും. ബിജെപിയെ പ്രതിരോധിക്കാൻ തരൂരിനെപോലുള്ള നേതാക്കൾ മുൻനിരയിലേക്കു വരണമെന്നു കരുതുന്ന വലിയൊരു വിഭാഗം പാർട്ടിയിലുണ്ട്. അധ്യക്ഷ തിരഞ്ഞെടുപ്പ് നല്ല രീതിയിൽ പൂർത്തിയാക്കാനായതും രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ ആവേശവും കരുത്താക്കി മുന്നോട്ടു പോകാനായാൽ അടുത്ത പൊതുതിരഞ്ഞെടുപ്പിൽ മികച്ച നേട്ടമുണ്ടാക്കാമെന്ന് നേതൃത്വം കരുതുന്നു.
കേരളത്തിലെ ഔദ്യോഗിക നേതൃത്വവും മുതിർന്ന നേതാക്കളും ഖർഗെയ്ക്ക് അനുകൂല നിലപാട് സ്വീകരിച്ചിട്ടും തരൂരിന് അപ്രതീക്ഷിത കേന്ദ്രങ്ങളിൽനിന്ന് പിന്തുണ ലഭിച്ചു എന്നാണ് ഫലസൂചന. കേരള രാഷ്ട്രീയത്തിലും തരൂരിന് പ്രധാന്യം വർധിക്കുന്നതാണ് ഫലം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല