![](https://www.nrimalayalee.com/wp-content/uploads/2022/10/UK-Prime-Minister-Rishi-Sunak-Tory-MPs-.jpg)
സ്വന്തം ലേഖകൻ: ബ്രിട്ടിഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഇന്ത്യൻ വംശജനായ ഋഷി സുനാക്കിന് 125 എംപിമാരുടെ പരസ്യ പിന്തുണ. ഇതോടെ മൽസര രംഗത്ത് ഋഷി ഉണ്ടാകുമെന്ന് ഉറപ്പായി. സ്ഥാനാർഥിത്വം പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മൽസരത്തിനില്ലെന്ന് പ്രഖ്യാപിക്കാത്ത മുൻ ചാൻസിലർ വിവേകപൂർവം കരുക്കൾ നീക്കുകയാണ്. സ്ഥാനാർഥിത്വം പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസണും നൂറു പേരുടെ പിന്തുണ ഉറപ്പിക്കാനുള്ള തത്രപ്പാടിലാണ്. ഇതിനോടകം 55 എംപിമാരുടെ പിന്തുണ ലഭിച്ചുകഴിഞ്ഞ ബോറിസിന് നൂറു തികയ്ക്കാൻ വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ല.
അങ്ങനെ വന്നാൽ പ്രധാനമന്ത്രി പദത്തിലേക്ക് മുൻ പ്രധാനമന്ത്രിയും മുൻ ചാൻസിലറും തമ്മിലുള്ള മൽസരം ഉറപ്പാകും. ഇതിനോടകം സ്ഥാനാർഥിത്വം പ്രഖ്യാപിച്ചു രംഗത്തുള്ള ഹൗസ് കോമൺസ് നേതാവ് പെന്നി മോർഡന്റിന് 23 എംപിമാരുടെ പരസ്യ പിന്തുണയേ ഉള്ളൂ. ഏറെ പണിപ്പെട്ടാലും മൽസരിക്കാൻ ആവശ്യമായ 100 എംപിമാരുടെ പിന്തുണ ഇവർക്ക് ലഭിക്കാൻ ഇടയില്ല. അതിനാൽ തന്നെ ഇടയ്ക്ക് പിന്മാറി ഇവർ ബോറിസിനോ ഋഷിക്കോ പിന്തുണ നൽകാനുള്ള സാധ്യതയാണ് ഏറെയും. ഈ പിന്തുണ ആർക്കായാലും അത് നിർണായകമാവുകയും ചെയ്യും.
ലിസ് ട്രസ് രാജിവച്ചതു മുതൽ പ്രധാനമന്ത്രി പദത്തിലേക്ക് ഏവരും സാധ്യത കൽപിക്കുന്നത് ഋഷി സുനാക്കിനാണ്. പാർട്ടി അംഗങ്ങൾക്കിടയിലെ വോട്ടെടുപ്പിൽ കേവലം 21,000 വോട്ടിനു മാത്രം പ്രധാനമന്ത്രി പദം നഷ്ടപ്പെട്ട ഋഷിക്ക് അർഹതപ്പെട്ടതാണ് ഈ സ്ഥാനമെന്നാണ് കൺസർവേറ്റീവ് പാർട്ടിയിലെ വലിയൊരു വിഭാഗത്തിന്റെ വിശ്വാസം. ലോകത്തെതന്നെ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധരിൽ ഒരാളായ ഋഷിക്ക് ബ്രിട്ടന്റെ നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാനാകുമെന്നും അവർ വിശ്വസിക്കുന്നു.
എന്നാൽ എംപിമാർ മഹാഭൂരിപക്ഷവും ഋഷിക്കൊപ്പമാണെങ്കിലും ഒന്നര ലക്ഷത്തോളം വരുന്ന പാർട്ടി അംഗങ്ങളിൽ നല്ലൊരു വിഭാഗത്തിന് ഇപ്പോഴും ബോറിസനോടാണ് പ്രിയം. ബോറിസിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനെ നേരിട്ടാൽ മാത്രമേ ഇനിയൊരു വിജയമുണ്ടാകൂ എന്നും ഇവർ വിശ്വസിക്കുന്നു. അതിനാൽ തന്നെ എംപിമാരുടെ പിന്തുണ ഏറെയും ഋഷിക്കാണെങ്കിലും പാർട്ടി അംഗങ്ങളുടെ തിരഞ്ഞെടുപ്പിലേക്ക് കാര്യങ്ങൾ നീങ്ങിയാൽ സാധ്യത കൂടുതൽ ബോറിസിനാണ്.
ഇതിനോടം 55 എംപമാരുടെ പിന്തുണ ഉറപ്പാക്കിയ ബോറിസ് ഇന്നും നാളെയുമായി മൽസരിക്കാനാവശ്യമായ 100 പേരുടെ പിന്തുണ നേടുമെന്നാണ് വിലയിരുത്തൽ. കരീബിയൻ ദ്വീപുകളിലൊന്നായ ഡൊമിനിക്കൻ റിപ്പബ്ലിക്കിൽ അവധിയാഘോഷത്തിലായിരുന്ന ബോറിസ് എല്ലാ പരിപാടികളും വെട്ടിച്ചുരുക്കി ഇന്നലെ രാവിലെ ലണ്ടനിൽ തിരിച്ചെത്തി. ബോറിസ് തിരിച്ചെത്തിയ ഇടൻതന്നെ എംപിമാരുടെ പിന്തുണ ഉയരുന്ന കാഴ്ചയാണ് കാണുന്നത്.
ഇതിനിടെ ബോറിസും ഋഷിയും തമ്മിൽ ഒത്തുതീർപ്പുണ്ടാക്കി പാർട്ടിയുടെ വിജയത്തിനു കളമൊരുക്കാൻ മുതിർന്ന നേതാക്കളുടെ സംഘം ശ്രമം തുടങ്ങിയിട്ടുണ്ട്. ബോറിസ് പ്രധാനമന്ത്രിയും ഋഷി ചാൻസിലറുമായുള്ള സംവിധാനമാണ് ഇവരുടെ മനസിൽ. ഇതിന്റെ ഭാഗമായി ഇരുവരും തമ്മിൽ ഇന്നു കൂടിക്കാഴ്ച ഉണ്ടായേക്കുമെന്ന അഭ്യൂഹവും വെസ്റ്റ്മിനിസ്റ്ററിലുണ്ട്.
ബെൻ വാലിസ്, പ്രീതി പട്ടേൽ, അലോക് ശർമ്മ, ജേക്കബ് റീസ് മോഗ്, സൈമൺ ക്ലാർ, ക്രിസ് ഹിറ്റൺ, ആനി മേരി ട്രെവല്യൺ തുടങ്ങിയ പ്രമുഖരാണ് ബോറിസിനൊപ്പം അണിനിരന്നിട്ടുള്ളത്. കഴിഞ്ഞ മൽസരത്തിൽ ലിസ് ട്രസിനെ പിന്തുണച്ച സാജിദ് ജാവേദാണ് ഋഷിയെ പിന്തുണയ്ക്കുന്നരിൽ ഏറ്റവും പ്രമുഖൻ. ഇതുവരെ ഋഷി സുനാക്കോ ബോറിസ് ജോൺസണോ ഒദ്യോഗികമായി പ്രചാരണം ആരംഭിച്ചിട്ടില്ല. പെന്നി മോർഡന്റ് മാത്രമാണ് പാർട്ടിയെ ഏകീകരിക്കും എന്ന വാഗ്ദാനവുമായി തിരഞ്ഞെടുപ്പു രംഗത്ത് പരസ്യമായുള്ളത്.
അത്യന്തം നാടകീയമായ രംഗങ്ങൾ അരങ്ങേറുന്ന ബ്രിട്ടീഷ് രാഷ്ട്രീയത്തിൽ കൺസർവേറ്റീവ് നേതാക്കൾക്ക് 100 എംപിമാരുടെ പിന്തുണ ഉറപ്പാക്കി മൽസരത്തിനിറങ്ങാൻ ഇനി ബാക്കിയുള്ളത് മണിക്കൂറുകൾ മാത്രം. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിവരെയാണ് ഇതിനുള്ള സമയം. അതിനുള്ളിൽ ഋഷിക്കു പുറമേ മറ്റാർക്കും 100 പേരുടെ പിന്തുണ ആർജിക്കാനായില്ലെങ്കിൽ ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യക്കാരൻ ബ്രിട്ടന്റെ പ്രധാനമന്ത്രിയാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല