സ്വന്തം ലേഖകൻ: രാജ്യാന്തര വിമാനത്താവളം (സിയാൽ) ശൈത്യകാല രാജ്യാന്തര, ആഭ്യന്തര വിമാനങ്ങളുടെ സമയപട്ടിക പ്രഖ്യാപിച്ചു. ഈ മാസം 30 മുതൽ 2023 മാർച്ച് 25 വരെയുള്ള കാലയളവിൽ പ്രതിവാരം 1202 സർവീസുകളാണുള്ളത്. വേനൽക്കാല പട്ടികയിൽ 1160 സർവീസുകളേ ഉണ്ടായിരുന്നുള്ളൂ.
കോവിഡ് കാലത്തിന്റെ മാന്ദ്യത്തിൽ നിന്നുള്ള ശക്തമായ തിരിച്ചുവരവാണ് സിയാൽ ശൈത്യകാല സമയപട്ടികയിൽ വ്യക്തമാകുന്നത്. പുതിയ പട്ടിക നിലവിൽ വരുന്നതോടെ കൊച്ചിയിൽനിന്ന് 26 എയർലൈനുകൾ രാജ്യാന്തര സർവീസുകൾ നടത്തും. ഇതിൽ 20 എണ്ണം വിദേശ എയർലൈനുകളാണ്. രാജ്യാന്തര സെക്ടറിൽ ആഴ്ചയിൽ 44 സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസും ആഭ്യന്തര സെക്ടറിൽ 42 സർവീസുമായി ഇൻഡിഗോയുമാണു മുന്നിൽ.
എയർ അറേബ്യ-14, എയർ അറേബ്യ അബുദാബി-7, എയർ ഇന്ത്യ-10, എയർ ഏഷ്യ ബെർഹാദ്-17, എമിറേറ്റ്സ് എയർ-14, ഇത്തിഹാദ് എയർ-7, ഫ്ളൈ ദുബായ്-3, ഗൾഫ് എയർ-7, ജസീറ എയർ-5, കുവൈത്ത് എയർ- 9, മലിൻഡോ എയർ-7, മലേഷ്യൻ എയർലൈൻസ്-7, ഒമാൻ എയർ-14, ഖത്തർ എയർ-11, സൗദി അറേബ്യൻ-14, സിംഗപ്പൂർ എയർലൈൻസ്-14, സ്പൈസ്ജെറ്റ്-7, ശ്രീലങ്കൻ-10, തായ് എയർ-5 എന്നിങ്ങനെയാണ് പ്രമുഖ എയർലൈനുകളുടെ പ്രതിവാര പുറപ്പെടൽ സർവീസുകൾ.
ദുബായിലേക്ക് മാത്രം ആഴ്ചയിൽ 44 പുറപ്പെടലുകൾ ഉണ്ടാകും. അബുദാബിയിലേക്കും മസ്ക്കറ്റിലേയ്ക്കും 30 സർവീസുകളുണ്ട്. ക്വാലാലംപുരിലേയ്ക്കു മാത്രം പ്രതിവാരം 25 സർവീസ്. എയർ ഇന്ത്യയുടെ മൂന്നു പ്രതിവാര ലണ്ടൻ സർവീസുകൾ തുടരും. രാജ്യത്തെ 13 നഗരങ്ങളെ ബന്ധിപ്പിച്ച് ആഭ്യന്തര മേഖലയിൽ 327 സർവീസുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആഴ്ചയിൽ ബെംഗളൂരുവിലേയ്ക്ക് – 104, ഡൽഹി -56, മുംബൈ – 42, ഹൈദരാബാദ് – 24, ചെന്നൈ – 52 എന്നിങ്ങനെ സർവീസുകൾ ഉണ്ടാവും.
കൊൽക്കത്ത, തിരുവനന്തപുരം, അഗത്തി, അഹമ്മദാബാദ്, ഗോവ, കണ്ണൂർ എന്നിവിടങ്ങളിലേക്കു പ്രതിദിന സർവീസുണ്ട്. ഇൻഡിഗോ- 163, എയർ ഇന്ത്യ-28, എയർ ഏഷ്യ-56, ആകാശ എയർ-28, അലയൻസ് എയർ-21, ഗോ എയർ -14, സ്പൈസ്ജെറ്റ്-3, വിസ്താര- 14 എന്നിങ്ങനെയാണ് എയർലൈനുകളുടെ ആഭ്യന്തര പ്രതിവാര പുറപ്പെടൽ സർവീസുകൾ. നിർമാണം പുരോഗമിക്കുന്ന ജനറൽ ഏവിയേഷൻ ടെർമിനൽ ഈ വർഷം ഉദ്ഘാടനം ചെയ്യുമെന്നു സിയാൽ മാനേജിങ് ഡയറക്ടർ എസ്.സുഹാസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല