സ്വന്തം ലേഖകൻ: കുറഞ്ഞ ചെലവിൽ വിമാന യാത്ര വാഗ്ദാനം ചെയ്ത് ജസീറ എയർവെയ്സ് തിരുവനന്തപുരത്തേക്ക് 30ന് സർവീസ് ആരംഭിക്കുന്നു. കുവൈത്തിൽനിന്ന് ഞായർ, ചൊവ്വ ദിവസങ്ങളിൽ വൈകിട്ട് 6.25ന് പുറപ്പെടുന്ന വിമാനം പുലർച്ചെ (തിങ്കൾ, ബുധൻ) 2.05ന് തിരുവനന്തപുരത്ത് എത്തും.
തിരിച്ച് 2.50നു പുറപ്പെട്ട് രാവിലെ 5.55ന് കുവൈത്തിൽ എത്തും. എ320 വിമാനത്തിൽ 160 പേർക്കു യാത്ര ചെയ്യാം. ജസീറയുടെ കേരളത്തിലേയ്ക്കുള്ള രണ്ടാമത്തെ സെക്ടറാണ് തിരുവനന്തപുരം. ഈ സേവനം തമിഴ്നാട്ടുകാർക്കുകൂടി പ്രയോജനപ്പെടുത്താം. നിലവിൽ കുവൈത്ത് എയർവെയ്സിനു ഇതേ സെക്ടറിൽ ആഴ്ചയിൽ 3 സർവീസുണ്ട്.
അതിനിടെ ആറ് മാസത്തിലധികം രാജ്യത്തിന് പുറത്തു താമസിച്ചാല്‍ പ്രവാസികളുടെ ഇഖാമ റദ്ദാവുമെന്ന് കുവൈത്ത് അധികൃതര്‍ വ്യക്തമാക്കി. വീസ റദ്ദാക്കാനുള്ള ശുപാര്‍ശക്ക് താമസകാര്യ വകുപ്പ് അംഗീകാരം നല്‍കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2022 ആഗസ്ത് ഒന്നു മുതല്‍ രാജ്യത്തിന് പുറത്തു കഴിയുന്നവര്‍ക്ക് തീരുമാനം ബാധകമാക്കിക്കൊണ്ടാണ് ഉത്തരവ്. ഇതു പ്രകാരം ഫെബ്രുവരി ഒന്നിനു മുമ്പായി പ്രവാസികള്‍ രാജ്യത്ത് തിരിച്ചെത്തിയില്ലെങ്കില്‍ അവരുടെ ഇഖാമ റദ്ദാവുമെന്ന് അഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇത് സംബന്ധമായ സര്‍ക്കുലര്‍ ആഭ്യന്തര മന്ത്രാലയം ആറ് ഗവര്‍ണറേറ്റുകളിലെയും ജവാസാത്ത് ഓഫീസുകള്‍ക്കും ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസിനും നല്‍കിയതായും പ്രാദേശിക പത്രമായ അല്‍ ജരീദ റിപ്പോര്‍ട്ട് ചെയ്തു. 2022 ഓഗസ്റ്റ് ഒന്നാം തീയ്യതി മുതലാണ് ആറു മാസത്തെ കാലാവധി കണക്കാക്കുക. രാജ്യത്തിന് പുറത്തുപോയി ആറ് മാസം കഴിഞ്ഞിട്ടും കുവൈത്തിലേക്ക് തിരികെ എത്തിയില്ലെങ്കില്‍ അവരുടെ ഇഖാമ സ്വമേധയാ റദ്ദാവുമെന്നാണ് അറിയിപ്പ്.
മന്ത്രാലയത്തിന്റെ സിസ്റ്റത്തില്‍ നിന്ന് ഇത്തരം വീസകള്‍ സ്വമേധയാ റദ്ദാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായും അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍, അവരുടെ കുടുംബാംഗങ്ങള്‍, നിക്ഷേപകര്‍, വിദ്യാര്‍ഥികള്‍, സ്വന്തം സ്പോണ്സര്ഷിപ്പിലുള്ളവര് ഉള്‍പ്പെടെയുള്ളവര്‍ക്കും പുതിയ നിബന്ധന ബാധകമാവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല