1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 29, 2022

സ്വന്തം ലേഖകൻ: പറന്നുയരുന്നതിന് തൊട്ടുമുന്‍പ് ഇന്‍ഡിഗോ വിമാനത്തിന്റെ എഞ്ചിനില്‍ തീ. വെള്ളിയാഴ്ച രാത്രി ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആണ് സംഭവം. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന 6ഇ 2131 വിമാനത്തിന്റെ എഞ്ചിനില്‍ നിന്നാണ് തീ പടര്‍ന്ന്.

തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പൈലറ്റ് അടിയന്തരമായി വിമാനം തിരിച്ചിറക്കി. വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചതിന് പിന്നാലെ റണ്‍വേയിലും തീപ്പൊരി ഉണ്ടായ ദൃശ്യങ്ങള്‍ യാത്രക്കാര്‍ പങ്കുവെച്ചിട്ടുണ്ട്. ഇന്‍ഡിഗോ വിമാനം പറന്നുയരുന്നതിന് മുമ്പ് നിലത്തിറക്കുകയായിരുന്നുവെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു.

വിമാനത്തിന്റെ എഞ്ചിനില്‍ തീപിടിത്തം ഉണ്ടായതായി സി ഐ എസ് എഫ് കണ്‍ട്രോള്‍ റൂമില്‍ നിന്ന് വെള്ളിയാഴ്ച 10.08 മണിയോടെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ കണ്‍ട്രോള്‍ റൂമിലേക്ക് ഒരു കോള്‍ ലഭിച്ചുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ (ഐജിഐ എയര്‍പോര്‍ട്ട്) തനു ശര്‍മ്മ പറഞ്ഞു. 177 യാത്രക്കാരും ഏഴ് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

വിമാനം ടേക്ക് ഓഫിനായി റണ്‍വേയില്‍ നിന്ന് ആരംഭിച്ചതേ ഉണ്ടായിരുന്നുള്ളൂ എന്നും എന്നാല്‍ തകരാര്‍ ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ വിമാനം തിരിച്ച് ബേയിലേക്ക് ഇറക്കിയതായും അധികൃതര്‍ പറഞ്ഞു. എല്ലാ യാത്രക്കാരെയും സുരക്ഷിതമായി വിമാനത്തില്‍ നിന്ന് പുറത്തിറക്കിയിട്ടുണ്ട്. യാത്രക്കാരെ മറ്റൊരു വിമാനത്തിലേക്ക് മാറ്റിയതായി അധികൃതര്‍ പറഞ്ഞു.

യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു. ടേക്ക് ഓഫ് റോളിനിടെ വിമാനത്തിന് എഞ്ചിന്‍ സ്തംഭനമുണ്ടായി. ടേക്ക് ഓഫ് നിര്‍ത്തിവെക്കേണ്ടി വന്ന, എന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു. അതിനിടെ ഇന്‍ഡിഗോ വിമാനത്തിന് പിന്നിലുണ്ടായിരുന്ന സ്പൈസ് ജെറ്റ് വിമാനത്തിന്റെ പൈലറ്റ് ആണ് എഞ്ചിനിലെ തീപിടിത്തത്തെക്കുറിച്ച് എയര്‍ ട്രാഫിക് കണ്‍ട്രോളറെ അറിയിച്ചതായി വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അടുത്തിടെയായി രാജ്യത്തെ വിമാനങ്ങള്‍ക്ക് തുടര്‍ച്ചയായി സാങ്കേതിക തകരാര്‍ ഉണ്ടാകുന്നുണ്ട്. ഇന്‍ഡിഗോ ഇതിന് മുന്‍പും സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിമാനം വൈകുകയും റദ്ദാക്കുകയും ചെയ്യുന്ന സാഹചര്യത്തെ നേരിടേണ്ടി വന്നിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.