1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 29, 2022

സ്വന്തം ലേഖകൻ: കുവൈത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പ്രവാസി ജനസംഖ്യയില്‍ വലിയ കുറവുണ്ടായതായി കണക്കുകള്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 3.82 ലക്ഷത്തിലധികം പ്രവാസികള്‍ കുവൈത്ത് വിട്ടതായാണ് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. നാഷനല്‍ ബാങ്ക് ഓഫ് കുവൈത്തിന്‍റെ ഏറ്റവും പുതിയ സാമ്പത്തിക റിപ്പോര്‍ട്ടിലും 11.4 ശതമാനം കണ്ട് വിദേശികള്‍ കുറഞ്ഞതായി വ്യക്തമാക്കുന്നു.

അതേസമയം, കുവൈത്തില്‍ നിന്ന് പുറത്തു പോവുന്ന പ്രവാസികളില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യക്കാരാണെന്നും കണക്കുകള്‍ പറയുന്നു. ഇന്ത്യക്കാര്‍ കഴിഞ്ഞാല്‍ പിന്നെ കുവൈത്ത് വിട്ടു പോവുന്നവരില്‍ കൂടുതലും ഈജിപ്തുകാരാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 1.53 ലക്ഷം ഇന്ത്യക്കാരാണ് കുവൈത്തില്‍ നിന്നും തിരികെ പോയത്. കുവൈത്തിലെ ആകെ ഇന്ത്യന്‍ സമൂഹത്തിന്‍റെ 15 ശതമാനത്തോളം വരുമിത്.

2019ല്‍ വിദേശ ജനസംഖ്യയില്‍ 22 ശതമാനം ഉണ്ടായിരുന്ന പ്രവാസി ഇന്ത്യക്കാരുടെ എണ്ണം 19 ശതമാനമായാണ് കുറഞ്ഞത്. 58000 ഈജിപ്തുകാരാണ് കഴിഞ്ഞ വര്‍ഷം കുവൈത്ത് വിട്ടത്. ആകെ കുവൈത്തിലെ ഈജിപ്ത്യന്‍ പ്രവാസി ജനസംഖ്യയുടെ ഒമ്പതു ശതമാനവുമാണ് ഈ കാലയളവില്‍ കുറഞ്ഞത്. ഈജിപ്തുകാരുടെ എണ്ണവും ഒരു ശതമാനം കുറഞ്ഞ് 14 ശതമാനമായതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

കോവിഡിന് ശേഷം നിരവധി ഇന്ത്യക്കാര്‍ പ്രവാസം അവസാനിപ്പിക്കുകയോ കുവൈത്തില്‍ നിന്ന് മറ്റു നാടുകളിലേക്ക് മാറുകയോ ചെയ്തതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിര്‍മാണം, ചില്ലറ വ്യാപാരം, ഉല്‍പ്പാദനം, കൃഷി തുടങ്ങിയ മേഖലകളില്‍ വിദേശി തൊഴിലാളികളുടെ എണ്ണത്തില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്.

എന്നാല്‍ ഗാര്‍ഹിക മേഖലയില്‍ വിദേശികളുടെ എണ്ണം വര്‍ധിച്ചതായി പഠനം ചൂണ്ടിക്കാട്ടി. 2021ന്‍റെ രണ്ടാം പാദത്തില്‍ 6.39 ലക്ഷമായിരുന്നു കുവൈത്തിലെ ഗാര്‍ഹിക തൊഴിലാളികളുടെ ജനസംഖ്യ. 2022ന്‍റെ രണ്ടാം പാദം ആകുമ്പോഴേക്ക് അത് 6.55 ലക്ഷം ആയി ഉയര്‍ന്നു. 16,000ത്തിലേറെ തൊഴിലാളികളുടെ വര്‍ധനവമാണ് ഒരു വര്‍ഷത്തിനിടയില്‍ ഗാര്‍ഹിക മേഖലയില്‍ ഉണ്ടായത്.

അതിനിടെ കുവൈത്ത് ജനസംഖ്യ ഒരു വര്‍ഷത്തിനിടയില്‍ 1.8 ശതമാനം വര്‍ധിച്ച് 44.6 ലക്ഷം എത്തിയതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. 2019നു ശേഷം കുവൈത്തിലെ ജനസംഖ്യയില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നത് ഇതാദ്യമായാണ്. എന്നാല്‍ ജനസംഖ്യ ഇപ്പോഴും കോവിഡിന് മുമ്പുള്ള നിലയേക്കാള്‍ താഴെയാണ്. ഈ കാലയളവില്‍ പ്രവാസികള്‍ വലിയ തോതില്‍ രാജ്യത്തു നിന്നു തിരികെ പോയതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കോവിഡ് കാലത്ത് കമ്പനികള്‍ അടച്ചുപൂട്ടിയതിനാലും തൊഴിലാളികളുടെ എണ്ണം കുറച്ചതിനാലും നിരവധി പ്രവാസികള്‍ക്കാണ് തൊഴില്‍ നഷ്ടമായത്.

ഇതിനു പുറമെ, രാജ്യത്ത് സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കിയതും പ്രവാസികളുടെ കൊഴിഞ്ഞുപോക്കിന് കാരണമായി. ഈ കാലയളവില്‍ രാജ്യത്തെ സ്വകാര്യ മേഖലയില്‍ കുവൈത്ത് പൗരന്‍മാര്‍ വലിയ തോതില്‍ ജോലികളില്‍ പ്രവേശിച്ചതായും കണക്കുകള്‍ വ്യക്തമാക്കി. ഇത് രാജ്യത്തെ പൗരന്‍മാര്‍ക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് 5.2 ആയി കുറയ്ക്കാന്‍ സഹായകമായി. 2016നു ശേഷം തൊഴിലില്ലായ്മാ നിരക്ക് ഇത്രയേറെ കുറയുന്നത് ഇതാദ്യമായാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.