സ്വന്തം ലേഖകൻ: ചരിത്രത്തില്‍ ആദ്യമായി സ്വകാര്യ കമ്പനിയുടെ സഹായത്തോടെ ഇന്ത്യയില്‍ സേനാ വിമാനങ്ങള്‍ നിര്‍മിക്കാന്‍ ഒരുങ്ങുകയാണ്. ഇന്ത്യന്‍ വ്യോമസേനയ്ക്കുവേണ്ടി സി-295 ട്രാന്‍സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റുകള്‍ നിര്‍മിക്കാന്‍ യൂറോപ്യന്‍ വിമാനനിര്‍മാതാക്കളിലെ വമ്പന്‍ എയര്‍ബസും ടാറ്റയുടെ പ്രതിരോധനിര്‍മാണ വിഭാഗമായ ടാറ്റാ അഡ്വാന്‍സ്ഡ് സിസ്റ്റംസും (ടി.എ.എസ്.എല്‍.) കൈകോര്‍ക്കുന്നു.
ഗുജറാത്തിലെ വഡോദരയിലാണ് നിര്‍മാണ പ്ലാന്റ് നിലവില്‍ വരിക. ഈ പ്ലാന്റിന്റെ ശിലാസ്ഥാപനം ഒക്ടോബര്‍ മുപ്പതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. ഇതാദ്യമായാണ് സി-295 എയര്‍ ക്രാഫ്റ്റ് യൂറോപ്പിന് പുറത്തുനിര്മിക്കുന്നത്. ഇന്ത്യന്‍ വ്യോമസേനയുടെ ഗതാഗത സംവിധാനം ആധുനികവത്കരിക്കുന്നതില്‍ സുപ്രധാന ചുവടുവെപ്പായിരിക്കും സി-295 വിമാനങ്ങളുടെ വരവെന്ന് പ്രതിരോധ മന്ത്രാലയം ചൂണ്ടിക്കാണിച്ചു.
2021 സെപ്റ്റംബറിലാണ് 56 സി-295 ട്രാന്‍സ്പോര്‍ട്ട് എയര്‍ ക്രാഫ്റ്റുകള്‍ വാങ്ങാന്‍ എയര്‍ബസ് ഡിഫന്‍സ് ആന്‍ഡ് സ്പേസുമായി ഏകദേശം 21,000 കോടിയുടെ കരാര്‍ ഇന്ത്യ ഒപ്പിട്ടത്. വ്യോമസേനയിലെ പഴക്കംചെന്ന അവ്റോ- 748 വിമാനങ്ങള്‍ക്കു പകരമായാണ് സി- 295 എയര്‍ക്രാഫ്റ്റുകള്‍ എത്തുന്നത്.
കരാര്‍ പ്രകാരം, നാലുവര്‍ഷത്തിനകം ആദ്യത്തെ 16 എയര്‍ക്രാഫ്റ്റുകള്‍ ‘ഫ്ളൈ എവേ’ കണ്ടീഷനില്‍ എയര്‍ബസ് ഇന്ത്യക്ക് കൈമാറും. ഈ 16 എണ്ണം സ്പെയ്നിലാകും നിര്‍മിക്കുക. ബാക്കിയുള്ള 40 എയര്‍ ക്രാഫ്റ്റുകള്‍ ടി.എ.എസ്.എല്‍. ഇന്ത്യയില്‍ നിര്‍മിക്കും. ആത്മനിര്‍ഭര്‍ ഭാരത് അഭിയാന് പദ്ധതി പ്രകാരമാണ് ഇന്ത്യയില്‍ സി-295 വിമാനങ്ങള്‍ നിര്‍മിക്കുന്നത്.
10 വര്‍ഷത്തിനുള്ളില്‍ 40 വിമാനങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. സ്പെയ്നിലും ഇന്ത്യയിലുമായി നിര്‍മിക്കുന്ന 56 വിമാനങ്ങളിലും തദ്ദേശീയമായി വികസിപ്പിച്ച ഇലക്ട്രോണിക് വാര്‍ഫെയര്‍ സ്യൂട്ടാണ് സ്ഥാപിക്കുക.
സ്പെയിനില്‍ നിര്‍മിക്കുന്ന 16 വിമാനങ്ങള്‍ 2023 സെപ്റ്റംബറിനും 2025 ഓഗസ്റ്റിനുമിടയില്‍ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍. 2026 സെപ്റ്റംബറോടെ ഇന്ത്യയില്‍ നിര്‍മിക്കുന്ന വിമാനങ്ങള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. കരാറിലൂടെ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും അധികൃതര്‍ പറയുന്നു. പദ്ധതിയുടെ ഭാഗമായി 240 എഞ്ചിനീയര്‍മാര്‍ക്ക് സ്പെയിനില്‍ പ്രത്യേക പരിശീലനം ലഭ്യമാക്കും.
ലോകമെമ്പാടും സൈനിക-യാത്രാ ആവശ്യങ്ങള്‍ക്കായി സി-295 എംഡബ്ല്യു വിമാനങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. കാനഡ, ഈജിപ്റ്റ്, ഇന്തോനേഷ്യ അടക്കമുള്ള രാജ്യങ്ങള്‍ വിമാനത്തിനായി താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ഡെലിവറി പൂര്‍ത്തിയായ ശേഷം രാജ്യത്ത് നിര്‍മിക്കുന്ന വിമാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുന്ന രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും സാധിക്കും.
ഇന്ത്യന്‍ വ്യോമസേന നിലവില്‍ ഉപയോഗിക്കുന്ന പഴക്കംചെന്ന ആവ്രോ-748 വിമാനങ്ങള്‍ക്ക് പകരമായാണ് സി-295 എംഡബ്ല്യു വിമാനങ്ങള്‍ എത്തുന്നത്. 1960-കളിലാണ് ആവ്രോ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേന സ്വന്തമാക്കുന്നത്. 2013-ല്‍ പുതിയ വിമാനങ്ങള്‍ക്കായി നീക്കം നടത്തിയെങ്കിലും അത് നീണ്ടുപോയി. തുടര്‍ന്ന് 2015 മേയില്‍ എയര്‍ബസിന്റെയും ടാറ്റ ഗ്രൂപ്പിന്റെയും ബിഡിന് ഡിഫെന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ അനുമതി നല്കി. എന്നാല്‍, അന്തിമ കരാര്‍ പിന്നെയും വൈകുകയായിരുന്നു.
നിലവില്‍ വ്യോമസേനയുടെ ഭാഗമായ എയര്‍ക്രാഫ്റ്റുകള്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്ത തന്ത്രപ്രധാന മേഖലയിലേക്ക് സൈനികരെയും മറ്റും കൊണ്ടെത്തിക്കാന്‍ സഹായിക്കുന്നവയാണ് സി-295 ട്രാന്‍സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റുകള്‍. ലൈറ്റ്- മീഡിയം സെഗ്മെന്റിലെ പുതിയ തലമുറ ടാക്റ്റിക്കല്‍ എയര്‍ലിഫ്റ്ററാണ് എയര്‍ബസ് സി-295. പൂര്‍ണസജ്ജമായ റണ്‍വേ ആവശ്യമില്ലാത്ത സി-295 ന് പാരാ ഡ്രോപ്പിംഗിനായി പിന്‍ഭാഗത്ത് റാമ്പ് ഡോറുണ്ട്. അതിനാല്‍ തന്നെ അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതിനും സൈന്യത്തിന്റെയും ചരക്കുകളുടെ നീക്കങ്ങള്‍ക്കും പ്രയോജനപ്രദമാണ് ഈ വിമാനങ്ങള്‍.
ലോകമെമ്പാടും വ്യത്യസ്ത കാലാവസ്ഥകളില്‍ വിവിധ ദൗത്യങ്ങളില്‍ പങ്കെടുത്ത് കഴിവ് തെളിയിച്ചവയാണ് എയര്‍ബസ് സി-295. കടുത്ത ചൂടുള്ള കാലാവസ്ഥയിലും അതിശൈത്യ കാലാവസ്ഥയിലും വിമാനം ഉപയോഗിക്കാനാകും. കൊളംബിയയിലെ മലനിരകളിലും അള്‍ജീരിയയിലേയും ജോര്‍ദാനിലെയും മരുഭൂമികളിലും ബ്രസീലിലെ കാടുകളിലും പോളണ്ടിലേയും ഫിന്‍ലാന്റിലേയും അതിശൈത്യ മേഖലകളിലും സി-295 വിജയകരമായി ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
അപകടങ്ങളുണ്ടാകുമ്പോഴും മെഡിക്കല്‍ ഇവാക്വേഷനും ഇവയെ ഉപയോഗപ്പെടുത്താം. പ്രത്യേക ദൗത്യങ്ങളിലും ദുരന്തങ്ങളിലും മാരിടൈം പട്രോളിങ്ങിനും സി-295 എയര്‍ക്രാഫ്റ്റുകള്‍ വളരെയധികം ഉപയോഗപ്രദമാണ്. ദീര്‍ഘദൂരം പറക്കാനുള്ള ശേഷിയും എയര്‍ബസ് സി-295 നുണ്ട്. നീളമേറിയ ക്യാബിനും വിമാനത്തിന്റെ പ്രത്യേകതയാണ്.
സി-295 ട്രാന്‍സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റിന്റെ ഏറ്റവും വലിയ ഓപ്പറേറ്ററായി ഇന്ത്യന്‍ എയര്‍ഫോഴ്സ് മാറുമെന്ന് ഐ.എ.എഫ്. വൈസ് ചീഫ് എയര്‍ മാര്‍ഷല്‍ സന്ദീപ് സിങ് ചൂണ്ടിക്കാട്ടി. സിവിലിയന്‍ ആവശ്യങ്ങള്‍ക്കും വിമാനം ഉപയോഗിക്കാനാകും. സാങ്കേതിക പ്രാധാന്യമുള്ളതും മത്സരാധിഷ്ഠിതവുമായ വ്യോമയാന വ്യവസായത്തിലേക്ക് പ്രവേശിക്കാന്‍ ഈ പദ്ധതി ഇന്ത്യന്‍ സ്വകാര്യമേഖലയ്ക്ക് വലിയൊരു അവസരമാണ് ഒരുക്കുന്നത്. ആഭ്യന്തരമായുള്ള വിമാന നിര്‍മ്മാണം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. കൂടാതെ ഇറക്കുമതി കുറയ്ക്കാനും കയറ്റുമതിയില്‍ വര്‍ദ്ധനവ് സ്വന്തമാക്കാനും പദ്ധതി കാരണമാകും.
40 മുതല്‍ 45 വരെ പാരാട്രൂപ്പര്‍മാരെയോ 70 യാത്രക്കാരെയോ വഹിക്കാനുള്ള ശേഷി ഈ വിമാനത്തിനുണ്ട്. അഞ്ച് മുതല്‍ 10 ടണ്‍ ഭാരം ഭാരംവഹിക്കാന്‍ ശേഷിയുള്ള സി 295 എംഡബ്ല്യു വിമാനങ്ങളില്‍നിന്ന് സൈനികരെയും ചരക്കുകളും പാരാഡ്രോപ് ചെയ്യാനുള്ള സൗകര്യങ്ങളുണ്ട്. അതിനാല്‍ തന്നെ വടക്ക്, വടക്കുകിഴക്കന്‍ മേഖലയിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും വ്യോമസേനക്ക് തന്ത്രപരമായ എയര്‍ലിഫ്റ്റ് ശേഷി വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല