സ്വന്തം ലേഖകൻ: പാറശാല സ്വദേശി ഷാരോൺ രാജിനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മ (22) അറസ്റ്റിൽ. തിരുവനന്തപുരം മെഡിക്കൽ കോളജിൽവച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് പൊലീസ് സൂചന നൽകി. ഗ്രീഷ്‌മയുടെ അച്ഛനും അമ്മയും അമ്മയുടെ സഹോദരനും അമ്മയുടെ സഹോദരന്റെ മകളും കസ്റ്റഡിയിലാണ്. ഇവരുടെ മൊഴികളിൽ പൊരുത്തക്കേടുകളുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.
കസ്റ്റഡിയിലായിരുന്ന ഗ്രീഷ്മ രാവിലെ ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. സ്റ്റേഷനിലെ ശുചിമുറിയിലുണ്ടായിരുന്ന അണുനാശിനി കുടിച്ചായിരുന്നു ആത്മഹത്യാശ്രമം. ദേഹാസ്വാസ്ഥ്യവും ഛർദ്ദിയുമുണ്ടായതിനെ തുടർന്ന് ഗ്രീഷ്മയെ മെഡിക്കൽ കോളജ് ആശുപതിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണ്. സുരക്ഷാ വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് റൂറൽ എസ്പി ഡി.ശിൽപ അറിയിച്ചു.
കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ ഇഞ്ചിഞ്ചായി ഇല്ലാതാക്കിയ ഗ്രീഷ്മ, അത് മറച്ചുപിടിക്കാൻ കെട്ടിപ്പൊക്കിയ നുണകളുടെ ചീട്ടുകൊട്ടാരം പൊലീസ് പൊളിച്ചത് അനായാസത്തിലാണ്. കഷായം കുറിച്ച് നൽകിയെന്ന് പറയപ്പെട്ട ആയുർവേദ ഡോക്ടറുടെയും ഓട്ടോ ഡ്രൈവറുടെയും മൊഴികളാണ് ഗ്രീഷ്മയെ കുടുക്കാൻ പൊലീസിന് ഏറ്റവും സഹായകരമായത്. ഷാരോണിന്റെ സഹോദരന് അയച്ച ശബ്ദസന്ദേശങ്ങളും ഗ്രീഷ്മയ്ക്ക് വിനയായി.
കഷായം കുറിച്ചുനൽകിയെന്ന് ഗ്രീഷ്മ അവകാശപ്പെട്ട ആയുർവേദ ഡോക്ടർ അരുൺ അത് തള്ളിക്കളയുകയായിരുന്നു. ഷാരോണിന് നൽകിയ അതേ ജ്യൂസ് കുടിച്ച അമ്മയ്ക്കൊപ്പം വന്ന ഓട്ടോഡ്രൈവർക്കും അസ്വസ്ഥതയുണ്ടായെന്ന് ഗ്രീഷ്മ പറഞ്ഞിരുന്നു. ഇങ്ങനെ ഒരു സംഭവമുണ്ടായിട്ടില്ലെന്നാണ് ഡ്രൈവർ പ്രദീപ് മൊഴി നൽകിയത്. ഷാരോൺ ആശുപത്രിയിൽ കഴിയവേ കഷായത്തിന്റെ പേര് വെളിപ്പെടുത്താതെ ഷാരോണിന്റെ കുടുംബത്തെ വട്ടംകറക്കുകയായിരുന്നു.
ചികിത്സയ്ക്കു കഷായത്തിന്റെ പേര് അറിയണമെന്നു സഹോദരൻ ഷിമോൻ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഗ്രീഷ്മ പറഞ്ഞില്ല. കഷായ കുപ്പിയുടെ അടപ്പിൽ അതിന്‍റെ ബാച്ച് നമ്പറുണ്ടാകുമെന്ന് ഷിമോൻ പറഞ്ഞപ്പോൾ കഷായക്കുപ്പി കഴുകി കളഞ്ഞെന്നും അമ്മ ഗ്ലാസിൽ തനിക്ക് ഒഴിച്ചുവച്ചതാണ് ഷാരോണിന് നൽകിയതെന്നുമാണ് ഗ്രീഷ്മ ഫോണിൽ പറഞ്ഞത്. എന്നാൽ, പൊലീസിനോട് കുപ്പി ആക്രിക്ക് കൊടുത്തു എന്നായിരുന്നു മൊഴി നൽകിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല