1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 1, 2022

സ്വന്തം ലേഖകൻ: സ്വന്തമായി വാഹനമുള്ള ഖത്തറിലെ പ്രവാസി ഡ്രൈവര്‍മാര്‍ക്ക് ഫിഫ ലോകകപ്പില്‍ അധിക വരുമാനം ഉണ്ടാക്കാന്‍ സുവര്‍ണാവസരം. ലോകകപ്പ് വേളയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വലിയ കുതിച്ചുചാട്ടം പ്രതീക്ഷിക്കുന്നതിനാല്‍ കൂടുതല്‍ വാഹനങ്ങള്‍ കണ്ടെത്തുന്നിതിനായി ടാക്‌സി ഡ്രൈവര്‍മാരുമായി ബന്ധപ്പെട്ട നിബന്ധനകളില്‍ വലിയ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഖത്തര്‍. ഗതാഗത മന്ത്രാലയവും ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയുമാണ് ഇതുമായി ബന്ധപ്പെട്ട നിബന്ധനകള്‍ രണ്ടു മാസത്തേക്ക് ഇളവ് ചെയ്തത്.

ലോകകപ്പ് മത്സരങ്ങള്‍ അവസാനിക്കുന്ന ഡിസംബര്‍ 20 വരെയാണ് ഖത്തറിലെ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇക്കാര്യത്തില്‍ ഇളവുകള്‍ അനുവദിക്കുക. ഇതു പ്രകാരം യൂബറിലോ മറ്റ് റൈഡ് ഷെയറിംഗ് ആപ്പുകളിലോ സൈന്‍ അപ്പ് ചെയ്യാന്‍ ഏതെങ്കിലും ലിമോസിന്‍ കമ്പനിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ബന്ധമില്ല. അതേപോലെ ഐഡി കാര്‍ഡില്‍ ‘ഡ്രൈവര്‍’ എന്ന് രേഖപ്പെടുത്തിയിരിക്കണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. ഇതനുസരിച്ച് ഇതുവരെ ഏതെങ്കിലും ലിമോസിന്‍ കമ്പനിയില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും ഐഡി കാര്‍ഡില്‍ രേഖപ്പെടുത്തിയ ജോലി പരിഗണിക്കാതെയും ടാക്‌സി ഷെയറില്‍ ആപ്പുകളില്‍ ഡ്രൈവറായി രജിസ്റ്റര്‍ ചെയ്യാം.

എന്നാല്‍ 21 വയസ്സിന് മുകളില്‍ പ്രായമുള്ളവരും ഖത്തറില്‍ താമസക്കാരും 2017നും 2022നും ഇടയില്‍ രജിസ്‌ട്രേഷന്‍ നടത്തിയ വാഹനങ്ങള്‍ ഉള്ളവരും ആയിരിക്കണം. അതോടൊപ്പം സാധുവായ ഖത്തര്‍ ഐഡിയും ഡ്രൈവിംഗ് ലൈസന്‍സും ഉള്ളവര്‍ ആയിരിക്കണമെന്ന നിബന്ധനയുമുണ്ട്. ഈ നിബന്ധനകള്‍ പാലിക്കുന്നവര്‍ക്ക് മാത്രമേ ലോകകപ്പ് വേളയില്‍ ടാക്‌സിയായി സ്വന്തം വാഹനം ടാക്‌സി ഷെയറിംഗ് ആപ്പുകളില്‍ സൈന്‍ ഇന്‍ ചെയ്യാന്‍ സാധിക്കുകയുള്ളൂ.

പുതിയ ഇളവുകളുടെ പശ്ചാത്തലത്തില്‍ ഖത്തറില്‍ താമസിക്കുന്ന പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും അവരുടെ സ്വകാര്യ കാറുകള്‍ ഉപയോഗിച്ച് ഡ്രൈവര്‍മാരായി ഇപ്പോള്‍ യൂബര്‍ ആപ്പില്‍ സൈന്‍ അപ്പ് ചെയ്യാമെന്ന് യൂബര്‍ അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. അടുത്ത രണ്ട് മാസം മികച്ച വരുമാനം നേടാനുള്ള സുവര്‍ണാവസരം ആയിരിക്കും ഇതെന്നും പരമാവധി ആളുകള്‍ ഇത് ഉപയോഗപ്പെടുത്തണമെന്നും അധികൃതര്‍ പറഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേരുന്ന ഫുട്‌ബോള്‍ ആരാധകര്‍ക്ക് മികച്ച യാത്രാനുഭവം സമ്മാനിക്കാന്‍ ഗതാഗത മന്ത്രാലയവുമായും യൂബര്‍ പോലുള്ള സ്വകാര്യ മേഖലയിലെ റൈഡ് ഷെയറിംഗ് സ്ഥാപനങ്ങളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി മൊബിലിറ്റി ഓപ്പറേഷന്‍സ് ഡയറക്ടര്‍ താനി അല്‍ സര്‍റ പറഞ്ഞു. ഈ ചരിത്ര മുഹൂര്‍ത്തത്തില്‍ ഖത്തരി സമൂഹത്തിന് മികച്ച നേട്ടമുണ്ടാക്കാന്‍ കൂടി ഇത് ഉപകരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ലോകകപ്പ് നടക്കുന്ന നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ടാക്‌സികള്‍ക്ക് വന്‍ ഡിമാന്റായിരിക്കും ഖത്തറിന് നേരിടേണ്ടി വരിക. ഔദ്യോഗിക ഗതാഗത ഏജന്‍സിയായ മുവാസലാത്ത് ഇതിനായി മെട്രോ, ട്രാം ട്രെയിനുകള്‍, കൂടുതല്‍ ബസ്സുകള്‍, ടാക്‌സികള്‍ തുടങ്ങി നിരവധി സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കൂടുതല്‍ വാഹനങ്ങള്‍ റോഡുകളില്‍ ഉണ്ടാവട്ടെ എന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍.

യാത്രക്കാര്‍ക്ക് എവിടെയും വാഹനങ്ങള്‍ക്കായി കാത്തു നില്‍ക്കേണ്ടി വരുന്ന സ്ഥിതി ഉണ്ടാവരുതെന്ന കണക്കുകൂട്ടലും ഈ തീരുമാനത്തിന് പിന്നിലുണ്ട്. റൈഡ് ഷെയറിംഗ് ഡ്രൈവര്‍മാര്‍ക്കുള്ള മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയത് ഒരു പരിധിവരെ ആശ്വാസമാവും. പ്രവാസികള്‍ക്കാവട്ടെ, ലോകകപ്പ് വേളയില്‍ അവരുടെ വരുമാനം വര്‍ധിപ്പിക്കാനുള്ള മികച്ച അവസരമായി ഇത് മാറുകയും ചെയ്യും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.